Friday December 14th, 2018 - 10:38:pm
topbanner

രജീഷിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍; കോടതിയില്‍ വാദിച്ച് അഡ്വ.ബി എ ആളൂര്‍

Aswani
രജീഷിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍; കോടതിയില്‍ വാദിച്ച് അഡ്വ.ബി എ ആളൂര്‍

പാലക്കാട്: ആക്ടിവിസ്റ്റ് ദമ്പതിമാരുടെ മകളെ പീഡിപ്പിച്ചതില്‍ പ്രതിയായ കണ്ണൂര്‍ ചേമ്പേരി വളച്ചിറാട്ട് രജീഷ് പോളിനെതിരായ കേസിന് പുതിയ മാനങ്ങള്‍. അമാനവ സംഗമത്തിന്റെ നേതാവ് കൂടിയായ രജീഷ് കോടതില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പോലീസ് രജീഷിനെതിരെ കൂടുതല്‍ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആക്ടിവിസ്റ്റായ ദമ്പതിമാര്‍ ജയിലിലായിരുന്ന സമയത്താണ് രജീഷ് ഇവരുടെ മകളെ പീഡിപ്പിച്ചത്.

ഒരു സംരക്ഷകന്റെ റോളിലായിരുന്ന രജീഷ് പെണ്‍കുട്ടിയെ 2011 മുതല്‍ 13 തവണ പീഡിപ്പിച്ചെന്നും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭനിരോധന ഗുളിക നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിന് പെണ്‍കുട്ടി നല്‍കിയ മൊഴി. പാലക്കാട് പോലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയിലാണ് രജീഷിനെതിരെയുള്ള കൂടുതല്‍ വെളിപ്പെടുത്തല്‍. രജീഷിനെതിരെ പോസ്‌കോ ആക്ടിലെ 7,8 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നേരത്തെ കേസെടുത്തിരുന്നത്. രജീഷിന്റെ കണ്ണൂരിലുള്ള വീട്ടില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനിടയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സംശയം തോന്നി രജീഷ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭനിരോധന ഗുളിക കഴിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

രജീഷ് പോള്‍ അഡ്വ.ബി എ ആളൂര്‍ മുഖേന കേസില്‍ കോടതില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത് പരിഗണിക്കവേയാണ് പെണ്‍കുട്ടിയുടെ മൊഴി ലഭിച്ച കാര്യം പൊലീസ് കോടതിയെ അറിയിച്ചത്. പോലീസിന്റെ ഈ വെളിപ്പെടുത്തലോടെ കേസ് പുതിയ വിവാദമായി മാറുകയാണ്. എന്നാല്‍ പാലക്കാട് പോലീസ് കണ്ണൂരില്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നത് ശരിയല്ലെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തുന്നത്. കേസിന്റെ തുടര്‍ നടപടികള്‍ കണ്ണൂരിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പ്രതിയെ അറസ്റ്റുചെയ്യരുതെന്നും പ്രതിഭാഗം വാദിക്കുന്നു.

നവമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു രജീഷ്. കണ്ണൂരിലുള്ള വീട് കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും മാവോയിസ്റ്റ് ആശയങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണവും വിവിധ സാമൂഹ്യസേവനങ്ങളും രജീഷ് നടത്തിയിരുന്നെന്നാണ് പുറംലോകം കരുതിയിരുന്നത്. എന്നാല്‍ പരാതിക്കാരി പെണ്‍കുട്ടി ഒരിക്കല്‍ പോലും ഒറ്റയ്ക്ക് വീട്ടില്‍ വന്നിട്ടില്ലെന്നും പീഡനക്കേസ് മറ്റുചിലരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പോലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് രജീഷ് ജാമ്യപേക്ഷയില്‍ പറയുന്നത്. രജീഷിന് വേണ്ടി അഡ്വ.ബി എ ആളൂരാണ് കോടതിയില്‍ ഹാജരായത്.

നേരത്തെ പ്രൊസിക്യൂഷന്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതിനായി കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് കേസ് പലതവണ നീട്ടിവയ്പ്പിച്ചിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടി പാലക്കാട് , കോയമ്പത്തൂര്‍, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട്. പിന്നീട് പെണ്‍കുട്ടി കൊല്‍ക്കത്തയിലുള്ള ഒരു ആശ്രമത്തില്‍ ഉണ്ടെന്ന് സ്ഥരീകരിച്ചതായും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി നവമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും സംസ്ഥാന യുവജന കമ്മീഷന്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

'കണ്ണൂര്‍ പിലാത്തറയിലെ വീട്ടില്‍ വച്ച് രജീഷ് തന്റെ 16ാംമത്തെ വയസില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു ആക്ടിവിസ്റ്റ് ദമ്പതികളുടെ മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും കേസില്‍ ഒളിവിലായിരുന്ന കാലത്ത് റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നേയും അനുജത്തിയേയും കാണാന്‍ വന്നിരുന്നവരുടെ കൂട്ടത്തിലാണ് രജീഷിനെ താന്‍ പരിചയപ്പെടുന്നതെന്നും ഒരു രക്ഷകന്റെ ഭാവത്തില്‍ വന്ന ഇയാള്‍ തന്നെ പിന്നീട് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ്' പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

ദളിത് ആക്ടിവിസ്റ്റായ രൂപേഷ് കുമാര്‍ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം കവര്‍ ചെയ്യാന്‍ പോകുന്നതിനിടെ തന്നെ ലൈംഗികാവശ്യത്തോടെ സമീപിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകയായ ആരതി എന്ന യുവതി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് രൂപേഷിനും അയാളുടെ സുഹൃത്തായ രജീഷ് പോളിനുമെതിരെ ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നത്. രൂപേഷ് കുമാറും രജീഷ് പോളും അമാനവ സംഗമം എന്ന പരിപാടി മുന്നില്‍ നിന്ന് നയിച്ച സംഘാടകരായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ 10 ല്‍ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ് പോള്‍) കാണുന്നത്. വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാന്‍ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുന്‍പില്‍ മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാള്‍ക്ക്.

അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാന്‍ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു. ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അന്നൊക്കെ രജീഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്.

സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാന്‍ ഭയപ്പെടുന്നത്. ലൈംഗികത് എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാള്‍ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടുക്കാന്‍ ഭയപ്പെടുന്നതെന്നും. ഒരു ദിവസം അപര്‍ണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊള്‍ പറഞ്ഞു കുറേ അയാള്‍ കരഞ്ഞു. അവര്‍ക്ക് വേറേ ബന്ധങ്ങള്‍ ഉണ്ടെന്നും അവര്‍ അയാളെ മുതലെടുക്കുകയാണെന്നും പറയാന്‍ തുടങ്ങി. പിന്നീട് എന്നെ അവര്‍ക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളര്‍ത്തി.

അന്നൊക്കെ അപര്‍ണ്ണയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്. പിന്നീട് ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാള്‍ എന്റെ മുന്‍പില്‍ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല.

അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നീട് എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ തന്ന ഊര്‍ജ്ജത്തിന്റെ പുറത്താണു അന്ന് ഞാന്‍ ജീവിച്ചത്. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെണ്‍കുട്ടികളോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപര്‍ണ്ണയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രജീഷ് എന്നെക്കുറിച്ച് അപര്‍ണയോട് പറഞ്ഞിരുന്നത് ഞാന്‍ അയാളോട് പ്രണയഭ്യര്‍ത്ഥന നടത്തിയെന്നും അപര്‍ണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും.

അപര്‍ണ അയാളുടെ എന്നോടും മറ്റു പെണ്‍കുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു. അന്ന് അപര്‍ണ്ണ എന്നോട് പറഞ്ഞത് അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ല. ഞാന്‍ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം. അപര്‍ണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെണ്‍കുട്ടി എഴുതിയത് രജീഷ് എന്റടുത്തും മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പെണ്‍കുട്ടി ഫേക്ക് അല്ല.

ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു... ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്. അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു.

English summary
More offenses against Rajeesh; Advt. B A Aaloor argued in court
topbanner

More News from this section

Subscribe by Email