Friday July 19th, 2019 - 7:49:am
topbanner
topbanner

കിട്ടുണ്ണിയുടെ ഭാവത്തിലിരുന്ന ഇന്നസെന്റിനെ തൊലിയുരിച്ച് കവർസ്റ്റോറി

rajani v
കിട്ടുണ്ണിയുടെ ഭാവത്തിലിരുന്ന ഇന്നസെന്റിനെ തൊലിയുരിച്ച് കവർസ്റ്റോറി

യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയെയും താരരാജക്കാന്മാരുടെ പ്രതികരണത്തെ വലിച്ചുകീറി ഒട്ടിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറിന്റെ 'കവര്‍ സ്റ്റോറി'. അമ്മ ജനറല്‍ബോഡി യോഗത്തിന്‌ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ടാണ് കവര്‍‌സ്റ്റോറി ആരംഭിക്കുന്നത്.
ലൈംഗിക ആക്രമണത്തിന് ഇരയായ നടിയും ആരോപണവിധേയനായ ദിലീപും തുല്യരല്ല. എന്നാല്‍ ഈ രണ്ടുപേരും ഒരു പോലെയാണെന്ന് ഗണേശും മുകേഷും പ്രഖ്യാപിക്കുമ്പോള്‍ കുനിഞ്ഞിരിക്കുന്ന മോഹന്‍ലാലും മേലോട്ട് നോക്കിയിരിക്കുന്ന മമ്മൂട്ടിയും സകലമാന മലയാളികളെയും അപമാനിക്കുകയാണ് ചെയ്തതെന്ന മുഖവുരയോടെയാണ് താരരാജാക്കന്മാരെയും താരസംഘടനയെയും കവര്‍‌സ്റ്റോറി പൊളിച്ചടുക്കുന്നത്.

നീതിരാഹിത്യത്തിന്റെയും അഹങ്കാരത്തിന്റെയും ഈ ഭാഷ പറയുമ്‌ബോള്‍ സംഘടനയുടെ അധ്യക്ഷനായ ഇന്നസെന്റ് ഒന്നും മനസിലാകാത്തത് പോലെ തിരിഞ്ഞുകളിച്ചു. തെറ്റ് ആരു പറഞ്ഞാലും തെറ്റാണ് എന്ന് തുറന്നു പറയണം. അമ്മയുടെ നിലപാട് തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സിന്ധുസൂര്യകുമാര്‍ പരിപാടി ആരംഭിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചിയില്‍ താരസംഘടന നടത്തിയ പ്രതിഷേധ യോഗത്തില്‍ സ്ത്രീയ്ക്ക് എതിരെയുള്ള ഏത് അതിക്രമത്തെയും നേരിടാനും ചെറുക്കാനും ഒരോ പൗരനും ബാധ്യസ്ഥനണെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മമ്മൂട്ടിയുടെ നേതൃത്വത്തില്‍ താരങ്ങള്‍ ദൃഡപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കവര്‍‌സ്റ്റോറിയിലുണ്ട്.

കുറച്ച് ഏറെ സ്ത്രീകളെ മുന്നിരിലുത്തി രണ്ട് സ്ത്രീകള്‍ക്ക് മാത്രം അവസരം നല്‍കി പുരുഷകേസരികള്‍ അച്ഛനും ആങ്ങളയും ചമഞ്ഞ ഈ യോഗത്തില്‍ ആ യുവതിയ്ക്ക് ഏറ്റ ആക്രമണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. അതിലെ ചതിയെ കുറിച്ച് പറഞ്ഞിരുന്നില്ല അത് തിരുത്തുമെന്ന് പറഞ്ഞിരുന്നില്ല.
സിനിമയിലെ ചൂഷണം തിരിച്ചറിഞ്ഞ ചിലരാണ് കൂട്ടായ്മ ഉണ്ടാക്കിയത്. അതില്‍ പ്രതിക്ഷ അര്‍പ്പിക്കുന്നവര്‍ താര സംഘടന ആക്രമണമേറ്റ യുവതിയുടെ കാര്യം ചര്‍ച്ച ചെയ്യുമെന്നു കരുതി. രമ്യാ നമ്ബീശനും ഗീതുമോഹന്‍ദാസും റീമ കല്ലിങ്കലും മാത്രം വിചാരിച്ചാല്‍ അമ്മ എന്ന അച്ഛനപ്പൂപ്പന്മാരുടെ സംഘടനയില്‍ ഒന്നും ചര്‍ച്ച ചെയ്യാനാകില്ല. നാളെ കഞ്ഞി കുടിക്കാനുള്ള വക വേണമെങ്കില്‍ തൊഴില്‍ വേണം, തൊഴില്‍ വേണമെങ്കില്‍ അമ്മയിലെ അച്ഛന്മാര്‍ കനിയണം. ചലച്ചിത്രമേഖലയിലെ എന്ത് പുഴുക്കുത്താണ് ഈ സംഘടന തിരിത്തിയിട്ടുള്ളതെന്നും കവര്‍‌സ്റ്റോറി ചോദിക്കുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവിലുള്ളത് രണ്ട് സ്ത്രീകള്‍. എന്നാല്‍ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു കസേരപോലും കുക്കു പരമേശ്വരന് കൊടുത്തില്ല. എന്നാലെന്താ ഇരയും ആരോപണവിധേയനും ഒരുപോലെയാണെന്ന് പറയുന്ന ഓരോ നായകനു പിന്നാലെയും ഓടിയെത്തി കുക്കു പരമേശ്വരന്‍ കൈയടിച്ച് ആര്‍പ്പുവിളിച്ചു. ഇതാണ് സിനിമാരംഗത്തെ മിക്കവാറും സ്ത്രീകളുടെ സാമാന്യബുദ്ധിയും ലിംഗബോധത്തെപറ്റിയുള്ള ധാരണകളും. ഈ സ്ത്രീകളാണ് സിനിമ രംഗത്തെ ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്. ആദ്യം ഈ സ്ത്രീകളെയാണ് ബോധവത്ക്കരിക്കേണ്ടതെന്നും കവര്‍‌സ്റ്റോറി ചൂണ്ടിക്കാട്ടുന്നു.

സ്വന്തം സംഘടനയിലെ ആക്രമണത്തിന് ഇരയായ ഒരംഗത്തെ ആവര്‍ത്തിച്ച് അപമാനിക്കാന്‍ മറ്റ് അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ എംപി കൂടിയായ ഇന്നസെന്റിന് മൗനമാണ്. ഒരു തവണ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചെന്നാണ് പറയുന്നത്. എന്തു ചോദിച്ചാലും ഭാവവും പറച്ചിലും കിലുക്കത്തിലെ കിട്ടുണ്ണിയുടേതാണെന്നും പാര്‍ലമെന്റ് അംഗത്തിന്റേയോ ഒരു സംഘടനാ നേതാവിന്റെയോ അല്ലെന്നും കവര്‍‌സ്റ്റോറി പരിഹസിക്കുന്നു.
പള്‍സര്‍ സുനിയെ രണ്ടുകൊല്ലം ഡ്രൈവറായി കൂടെക്കൊണ്ടുനടന്ന ആളാണ് മുകേഷ്. അയാളെ പിന്നീട് പുറത്താക്കിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബലാത്സംഗത്തിന് ഇരയായ നടിയും ഗൂഢാലോചനയില്‍ പങ്കുള്ള ദീലീപും ഒരു പോലെയാണെന്നാണ് ഗണേശ്കുമാര്‍ പറയുന്നത്. നിങ്ങള്‍ മൂന്നു പേരും ചെയ്തതും പറഞ്ഞതും തെറ്റ്. വേണ്ടത്ര വിവിരമില്ലാത്തത് ഇന്ത്യയിലെ നിയമവ്യവസ്ഥ പ്രകാരം തെറ്റല്ല. വിവരമില്ലെങ്കിലും വിദ്യാഭ്യാസമില്ലെങ്കിലും ജയിച്ച് നിയമസഭയിലും പാര്‍ലമെന്റിലും എത്താം. ഇന്ത്യന്‍ ജനാധിപത്യം അങ്ങനെയായത് ഗണേശിന്റെയും മുകേഷിന്റെയും ഇന്നസെന്റിന്റെയും കുറ്റമല്ല.

സെന്‍സ് വേണം, സെന്‍സിബിലിറ്റി എന്ന് തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് സ്‌ക്രീനില്‍ ഇരുന്ന് നമ്മെ ഉദ്‌ബോധിപ്പിക്കും. ലൈറ്റ് ഓഫ് ചെയ്താല്‍ തേവള്ളിപ്പറമ്പന്‍ ഈ കാണുന്ന മമ്മൂട്ടിയാകും. മാസാമാസം ബ്ലോഗെഴുതുന്ന മഹാനടന്‍ നടി ആക്രമിക്കപ്പെട്ട കാര്യത്തില്‍ ഒരക്ഷരം ബ്ലോഗിയിട്ടില്ല. പീഡനവീരന്മാരായ ഓരോരുത്തനും ഈ തല്ല് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് ഫോര്‍ട്ട്‌കൊച്ചിയിലെ തല പറയും പുറത്ത് തലയില്ല. നിസഹായയായ പെണ്‍കുട്ടിയെ രക്ഷിച്ച ജഗദ്‌നാഥനുമില്ല. വെറും മോഹന്‍ലാല്‍ മാത്രമെന്നും സൂപ്പര്‍താരങ്ങളെ കവര്‍‌സ്റ്റോറി വിമര്‍ശിക്കുന്നു.
ഗോളം തിരിയാത്തപോലെ അഭിനയിച്ച ഇന്നസെന്റ് അധ്യക്ഷപദവിയുടെ സ്ഥാനം വെളിപ്പെടുത്തിയിരിക്കുകയാണ്. യുവതാരങ്ങളായ ദുല്‍ക്കല്‍, ഫഹദ്ഫാസില്‍, നിവിന്‍ പോളി എന്നിവരും സഹപ്രവര്‍ത്തക വേദനിച്ചാലും ആരെയും വെറുപ്പിക്കാനില്ല എന്ന റബ്ബര്‍ നട്ടെല്ലുള്ളവര്‍. എല്ലാ സംഘടനയിലും തിരുത്തല്‍ ശക്തിയാകുന്നത് യുവാക്കളാണ്. എന്നാല്‍ മലയാള സിനിമയിലെ യുവാക്കള്‍ ചങ്കുറപ്പില്ലാത്തവരായിപ്പോയി. അമ്മയിലെ അംഗത്വം വേണ്ടെന്ന് പറയാനുള്ള ധൈര്യം പൃഥിരാജിന് പോലും ഉണ്ടായില്ല.

65 കാരന്‍ 17 കാരിയെ തന്നെ നായികയായി വേണമെന്ന് ശഠിക്കുന്ന രാജ്യമാണ് സിനിമ. ആ സിനിമാ രാജ്യത്തെ വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് താരരാജാക്കന്മാരാണ്. ഇതിനിടെ സ്ത്രീ കൂട്ടായ്മ എന്ന ആശയം തന്നെ ധീരതയാണ്. ഫേസ്ബുക്കിലെ പശു അമ്മയുടെ പുല്ല് തിന്നില്ലെന്ന് റീമ കല്ലിംഗലിന് ഇപ്പോള്‍ മനസിലായിക്കാണും. മുറിയിലുരുന്ന് ഫേസ്ബുക്കില്‍ പ്രതിഷേധം ആളിക്കത്തിക്കുന്നത് പോലെ എളുപ്പമല്ല ഒരു യോഗത്തില്‍ നട്ടെല്ലു നിവര്‍ത്തി എഴുന്നേറ്റ് നിന്ന് നാലുകാര്യം പറയുന്നത്. ഒരു വരി പ്രമേയം അമ്മയുടെ യോഗത്തില്‍ പാസാക്കാന്‍ കഴിയാത്തത് കഴിവുകേടാണെന്നും കവര്‍‌സ്റ്റോറി വിമര്‍ശിക്കുന്നു.

സിനമയില്‍ അനീതി കണ്ടാല്‍ എതിര്‍ക്കുന്ന ഉത്തമ പുരുഷന്മാരാണ് സിനിമയിലെ നായകന്മാര്‍. ആശ്രതരായ വ്യക്തിത്വമില്ലാത്ത സ്ത്രീകളെ മാത്രമാണ് ഇവര്‍ കണ്ടിട്ടുള്ളത്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട് തിരുത്തി യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങി വരണം അതല്ലെങ്കില്‍ പൊതുജനമധ്യത്തില്‍ പരിഹസിക്കപ്പെടാന്‍ താരജീവിതം ഇനിയും ബാക്കിയാകുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് കവര്‍‌സ്റ്റോറി അവസാനിക്കുന്നത്.

 

English summary
Malayalam actor abduction case coverstory
topbanner

More News from this section

Subscribe by Email