Thursday January 17th, 2019 - 4:57:pm
topbanner

മന്ത്രിസഭാ രണ്ടാം വാർഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിക്കും : 'പൊൻകതിർ' മെഗാ എക്‌സിബിഷൻ 18 മുതൽ 25 വരെ

NewsDesk
മന്ത്രിസഭാ രണ്ടാം വാർഷികാഘോഷം: സംസ്ഥാനതല  ഉദ്ഘാടനം നാളെ കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിക്കും : 'പൊൻകതിർ' മെഗാ എക്‌സിബിഷൻ 18 മുതൽ 25 വരെ

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ പി.ആർ.ഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പി ആർ ഡി സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും 'സർക്കാർ ധനസഹായ പദ്ധതികൾ' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തിന്റെ പൊതുവായ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അതിന് മറ്റൊരുവിധ പരിഗണനകളും തടസ്സമാവില്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാർ സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്ന രീതിയിൽ സജ്ജീകരിച്ച മെഗാ എക്‌സിബിഷൻ 'പൊൻകതിർ' 18 മുതൽ 25 വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.സർക്കാറിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കാനായി സഹായ കേന്ദ്രങ്ങൾ ഗ്രാമങ്ങൾ തോറും തുറക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിടുകയാണെന്നും മന്ത്രി അറിയിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, പി.കെ. ശ്രീമതി ടീച്ചർ എം.പി തുടങ്ങിയവർ ആശംസ നേരും. എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.

മെഗാ എക്സിബിഷൻ 'പൊൻകതിർ' 18ന് രാവിലെ 9.30ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിക്കും. സർക്കാറിന്റെ എൺപതിലേറെ വകുപ്പുകളും സഹകരണ സ്ഥാപനങ്ങളും ഒരുക്കുന്ന 180ഓളം സ്റ്റാളുകൾ ഉൾപ്പെടുന്ന മെഗാ എക്സിബിഷൻ മെയ് 25 വരെ തുടരും. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഉൽപ്പന്നപ്രദർശനവും വിൽപ്പനയും നടക്കും.

പരിയാരം മെഡിക്കൽ കോളേജ്, മലബാർ റീജ്യനൽ കാൻസർ സെൻറർ, ആയുർവേദ മെഡിക്കൽ കോളേജ്, ജില്ലാ ആയുർവേദ ആശുപത്രി, ഹോമിയോ വകുപ്പ് തുടങ്ങിയവയുടെ പ്രദർശനങ്ങൾ, പ്രാഥമിക മെഡിക്കൽ പരിശോധനകൾ, ജലപരിശോധനാ സംവിധാനം, ആധാർ രജിസ്‌ട്രേഷൻ തുടങ്ങി സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ പ്രത്യേക പ്രദർശനങ്ങൾ, പോലിസ്, ഫയർ ആൻഡ് റെസ്‌ക്യൂ തുടങ്ങിയ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ ഡെമോൺസ്‌ട്രേഷനുകൾ, കൈത്തറി, കാർഷിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, സാഹിത്യകൃതികൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപ്പനയും ഹരിത കേരളം, ലൈഫ്, ആർദ്രം എന്നീ സർക്കാർ മിഷനുകളുടെ പ്രത്യേക പവലിയനുകളും ഉണ്ടാവും.

മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, ആരോഗ്യ-ശുചിത്വം എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഹരിത കേരളം പുരസ്‌ക്കാരം സമ്മാനിക്കും. ഗ്രാമ പഞ്ചായത്തുകൾ ഒരു വിഭാഗമായും ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും മറ്റൊരു വിഭാഗമായുമാണ് പുരസ്‌ക്കാരങ്ങൾ നൽകുക.

സംസ്ഥാന സർക്കാരിന്റെ ധനസഹായ, ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഗ്രാമങ്ങളിൽ ഒരുക്കുന്ന പിആർഡി സഹായ കേന്ദ്രമാണ് രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന പ്രധാന പദ്ധതി. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മെയ് 18ന് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി നിർവഹിക്കും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ക്ഷേമനിധി ബോർഡുടെയും വിവിധ സഹായങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രാമ തലത്തിൽ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇതിനായി ഓരോ പ്രദേശത്തെയും വായനശാലകൾ, കലാസമിതികൾ, സാംസ്‌ക്കാരിക കേന്ദ്രങ്ങൾ എന്നിവയെ തെരഞ്ഞെടുക്കും. ഈ കേന്ദ്രത്തിൽ സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങളെല്ലാം അറിയാനാകും.

ഇതിനായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കാർ ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അതത് സമയങ്ങളിൽ വരുന്ന മാറ്റങ്ങളും പുതിയ പദ്ധതികളും ഓൺലൈനായി ഈ കേന്ദ്രങ്ങളിലേക്ക് നൽകാനും സംവിധാനമൊരുക്കും.

ജില്ലാ ഭരണകൂടം തയ്യാറാക്കിയ വീ ആർ കണ്ണൂർ മൊബൈൽ ആപ്പിലും ഈ വിവരങ്ങൾ ലഭ്യമാക്കും. ഉദ്ഘാടന വേദി ആറിനത്തിൽപ്പെടുന്ന ആറായിരത്തോളം ചെടികൾ കൊണ്ട് അലങ്കരിക്കും. ഈ ചെടികൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഖേന ജില്ലയിലെ സ്‌കൂളുകളിലെ പൂന്തോട്ടങ്ങൾക്കായി കൈമാറും.

രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായ കലാ-സാംസ്‌ക്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 18ലെ ഉദ്ഘാടന ച്ചടങ്ങിന് ശേഷം പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത 'ഉദയപഥം' മൾട്ടി മീഡിയ ഷോയോടെ കലാപരിപാടികളുടെ അരങ്ങുണരും. ശേഷം പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ആശാശരത്തിന്റെ നൃത്താവതരണവും വിജയ് യേശുദാസ് നയിക്കുന്ന പിന്നണി ഗായകരുടെ ഗാനമേളയും നടക്കും.

മെയ് 19ന് വൈകീട്ട് അഞ്ചിന് പൊലീസ് വനിതാ സെൽ (റൂറൽ) അവതരിപ്പിക്കുന്ന അനന്തരം ആനി സ്ത്രീ ശാക്തീകരണ നാടകം അരങ്ങേറും. 6.30ന് കൈത്തറി സറ്റാർട്ടപ്പ് സംരംഭത്തിന്റെ ബ്രാന്റ് ലോഞ്ചിങ്ങ് പി.കെ ശ്രീമതി ടീച്ചർ എംപി നിർവഹിക്കും.

ശേഷം നിഫ്റ്റ് വിദ്യാർത്ഥികളുടെ കലാപരിപാടികളാണ്. 7 മണിക്ക് മഹിള സമഖ്യ സൊസൈറ്റി മഹിള ശിക്ഷൺ കേന്ദ്രത്തിന്റെ രാഗസായാഹ്നം സംഗീത പരിപാടി നടക്കും. ഗവ. വനിത ടിടിഐ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീത ശിൽപ്പം, വിസ്മയ പട്ടുവം അവതരിപ്പിക്കുന്ന നൃത്തം, ദേവിക സജീവിന്റെ ഭരതനാട്യ കച്ചേരി എന്നിവയുമുണ്ടാകും. മെയ് 20ന് വൈകിട്ട് 6.30ന് പ്രശസ്ത പിന്നണി ഗായിക പുഷ്പാവതി പൊയ്പ്പാട്ട് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

മെയ് 21ന് വൈകിട്ട് നാലിന് വിമാനത്താവളം: വികസന സാധ്യതയുടെ ആകാശം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയിൽ ഇ.പി ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ മുരളി അധ്യക്ഷത വഹിക്കും.

7 മണിക്ക് വെയിൽ നാടക പ്രദർശനം. മെയ് 22ന് വൈകീട്ട് 7 മണിക്ക് മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ നടക്കും. മെയ് 23ന് വൈകിട്ട് 4ന് നടക്കുന്ന അതിഥി തൊഴിലാളി സംഗമത്തിൽ ബോധവൽക്കരണ ക്ലാസുകളും ആരോഗ്യ പരിശോധനയും സംഘടിപ്പിക്കും.

വൈകിട്ട് 7ന് ലിസി മുരളീധരന്റെ ഗുരുദേവ ജ്ഞാനമൃതം ഡാൻസ് ഫ്യൂഷൻ അരങ്ങേറും. മെയ് 24ന് വൈകിട്ട് 7 മണിക്ക് പിന്നണി ഗായകൻ രതീഷ്‌കുമാർ പല്ലവിയുടെ ബാബുരാജ്‌നൈറ്റ്. മെയ് 25ന് വൈകിട്ട് 6 മണിക്ക് കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും.

വാർത്താസമ്മേളനത്തിൽ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപറേഷൻ മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,ഐ.പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്,
ജില്ലാ കലക്ടർ മീർ മുഹമ്മദലി, ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ടി.എ ഷൈൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, തുടങ്ങിയവർ പങ്കെടുത്തു.

Read more topics: Pinarayi, government, anniversary,
English summary
LDF Pinarayi government anniversary state celebration kannur
topbanner

More News from this section

Subscribe by Email