Tuesday December 11th, 2018 - 3:27:pm
topbanner

സാലറി ചലഞ്ച് ആരെയും അടിച്ച് ഏല്‍പ്പിക്കില്ലെന്ന് കോടിയേരി

Aswani
സാലറി ചലഞ്ച് ആരെയും അടിച്ച് ഏല്‍പ്പിക്കില്ലെന്ന് കോടിയേരി

കൊല്ലം: ആരെയും സാലറി ചലഞ്ച് അടിച്ച് ഏല്‍പ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ സംഘടനകള്‍ക്കും സര്‍വ്വകക്ഷിയോഗത്തില്‍ എടുത്ത ഈ തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് കൊല്ലത്ത് സിപിഎം സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

അതേസമയം താല്‍പ്പര്യമുളള പെന്‍ഷന്‍കാര്‍ മാത്രം സാലറി ചലഞ്ചില്‍ പണം കൈമാറിയാല്‍ മതിയെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. താല്‍പ്പര്യമുളളവര്‍ ട്രഷറിയില്‍ സമ്മതപത്രം കൈമാറണമെന്നും വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സാലറി ചലഞ്ചിനോട് നോ പറയാനുളള അവസാന ദിവസം ഇന്നായിരുന്നു. ഇതിനിടയില്‍ വ്യത്യസ്ത കണക്കുകളുമായി സര്‍വീസ് സംഘടനകളും രംഗത്തെത്തി. 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് സംസ്ഥാനത്ത് വിസമ്മത പത്രം നല്‍കിയതെന്ന് ഭരണാനകൂല സംഘടനകള്‍ പറയുമ്പോള്‍ 30 ശതമാനത്തിലേറെ പേര്‍ സെക്രട്ടറിയേറ്റില്‍ മാത്രം നോ പറഞ്ഞതായി പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെട്ടു. 4700 ജീവനക്കാര്‍ ഉള്ള സെക്രട്ടറിയേറ്റില്‍ നോ പറഞ്ഞത് 698 പേരാണ്. എന്നാല്‍ 1665 പേര്‍ നോ പറഞ്ഞെന്നാണ് പ്രതിപക്ഷ സംഘടനകളുടെ അവകാശവാദം. ഔദ്യോഗിക കണക്കു പുറത്തുവരാന്‍ ഇനിയും ദിവസങ്ങളെടുക്കും.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതാണ് സാലറി ചലഞ്ച്. കേരളമെന്നാകെ ഇത് ഏറ്റെടുത്തെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന ധനവകുപ്പ് ഉത്തരവ് സര്‍ക്കാര്‍ ഓഫീസുകളെ രണ്ടു തട്ടിലാക്കി. ഭരണാനുകൂല സംഘടനകള്‍ നോ പറഞ്ഞവരെ പിന്തിരിപ്പിക്കാന്‍ പലിശരഹിത വായ്പയടക്കം ഓഫര്‍ ചെയ്ത് രംഗത്തെത്തിയിരുന്നു.

അതേസമയം പ്രതിപക്ഷം ലക്ഷ്യമിട്ടത് കൂട്ടത്തോടെ വിസമ്മത പത്രം നല്‍കുക എന്നതായിരുന്നു. ശമ്പളത്തിനായി ഒരു മാസം ചെലവിടുന്ന 2300 കോടിയോളം രൂപ ഇതിലൂടെ സമാഹരിക്കാമെന്നായിരുന്നു ധനവകുപ്പ് കണക്കുകൂട്ടിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരിനൊടുവില്‍ എത്രത്തോളം തുക ദുരിതാശ്വാസ നിധിയിലെത്തുമെന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണം.

English summary
Kodiyeri said salary challenge will not be forced to anyone
topbanner

More News from this section

Subscribe by Email