Monday May 27th, 2019 - 1:33:pm
topbanner
topbanner

കീഴാറ്റൂർ വയൽക്കിളികളുടെ സമരം ബിജെപി ഏറ്റെടുത്തത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി: കൊടിക്കുന്നില്‍ സുരേഷ് എം.പി

fasila
കീഴാറ്റൂർ വയൽക്കിളികളുടെ സമരം ബിജെപി ഏറ്റെടുത്തത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി: കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം: കീഴാറ്റൂരിലെ വയൽക്കിളികള്‍ നടത്തിയ സമരത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഏറ്റെടുത്ത ബി.ജെ.പിയുടെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യമായെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. കേന്ദ്ര ഭരണം ഉപയോഗിച്ച് വയല്‍കിളികള്‍ ഉന്നയിച്ച് ആവശ്യങ്ങള്‍ നേടി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് അതിന്‍റെ സമരനേതാക്കളെ ഡെല്‍ഹിയില്‍ കൊണ്ടു പോയി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ഉറപ്പുകള്‍ വാങ്ങിയതിന് ശേഷം ദേശീയ പാത അതോറിററി കീഴാറ്റൂരിലെ ജനവാസ മേഖലയിലൂടേയും സമ്പുഷ്ടമായ കൃഷിയിടങ്ങളിലൂടേയും ബൈപാസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ നിന്നും പുറകോട്ട് പോകാനാകില്ലായെന്നും നേരത്തെ നിശ്ചയിച്ച സ്ഥലത്തു കൂടി തന്നെ ബൈപാസ് നിര്‍മ്മിക്കുമെന്നുമുള്ള പ്രഖ്യാപനം ബി.ജെ.പിയുടെ ജനവഞ്ചനയും കള്ളക്കളിയും ചതിയുമാണ് ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രമന്ത്രിമാരും കേന്ദ്ര സര്‍ക്കാരിലെ ഭരണ സ്വാധീനവും ഉപയോഗിച്ച് കേരളത്തില്‍ ബീ.ജെ.പി നേതാക്കന്മാർനടത്തിക്കൊണ്ടിരിക്കുന്ന വാഗ്ദനലംഘനങ്ങളുടേയും കബളിപ്പിക്കലിന്‍റേയും അവസാനത്തെ ഉദാഹരണമാണ് കീഴാറ്റൂരിലെ വയല്‍കിളികള്‍ക്ക് നേരിടേണ്ടി വന്നത്. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാക്കളും കേന്ദ്ര സര്‍ക്കാരും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ശ്രീനാരായണ ഗുരുവിനേയും നാരായണീയ പ്രസ്ഥാനങ്ങളേയും പാടെ അവഗണിക്കുകയായിരുന്നു ബി.ജെ.പി നേതൃത്വം-സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലും കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം വാഗ്ദാനം ചെയ്തിട്ടും അതും പാലിച്ചിട്ടില്ല. ശബരി മലയുടെ വികസനത്തിന് 100 കോടി രൂപ നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കന്മാർ ഇപ്പോള്‍ മൗനം പാലിക്കുകയാണ്.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേരളത്തിലുടനീളം കൊണ്ടു നടന്ന് ബി.ജെ.പി നേതാക്കള്‍ പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതാല്ലാതെഒന്നും നടക്കുന്നില്ല. ആദിവാസി നേതാവ് സി.കെ.ജാനുവിനെ ബി.ജെ.പിയോടൊപ്പം നിര്‍ത്തി ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒരു വാഗ്ദാനവും പാലിക്കാത്തതു കൊണ്ട് സി.കെ,.ജാനു ബി.ജെ.പി മുന്നണിയില്‍ നിന്നും പുറത്ത് പോയത് മറ്റൊരു വഞ്ചനയുടെ ഉദാഹരണമാണ്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ സംഘടനകളേയും പ്രസ്ഥാനങ്ങളേയും സമരനേതാക്കളേയുമൊക്കെ രാഷ്ട്രീയ വത്കരിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്‍റെ ഉദാഹരണമമാണ് കീഴാറ്റൂരില്‍ കണ്ടത്. കേന്ദ്ര ഭരണത്തിന്‍റെ ആനുകൂല്യം ഉപയോഗിച്ച് വിവിധ സമുദായ സംഘടനകളേയും സ്ഥാപനങ്ങളേയും സമരസമിതികളേയുമൊക്കെ തങ്ങളുടെ പക്ഷത്ത് കൊണ്ടു വന്ന് ബി.ജെ.പിയുടെ ജനകീയ അടിത്തറ ഉറപ്പിക്കാന്‍ നടത്തുന്ന രാഷ്ട്രീയ അഭ്യാസമാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബി.ജെ.പി നേതാക്കള്‍ മുന്‍കൈ എടുത്ത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തതായി അവര്‍ക്ക് പറയാന്‍ കഴിയുമോ. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും വാഗ്ദാനങ്ങളുമെല്ലാം തന്നെ ജനരേഖയായി മാറുന്ന ദയനീയ കാഴ്ചയാണ് കീഴാറ്റൂരിലെ വയല്‍കിളികള്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. കേരളത്തിലെ ഇടതുമുന്നണിയും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും വികസനത്തിന്‍റെ പേരില്‍ കര്‍ഷകരേയും പൊതുജനങ്ങളേയും അനാവശ്യമായി വേട്ടയാടുകയാണ്. ഭരണത്തിന്‍റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജനകീയ പ്രശ്നങ്ങളെ അടിച്ചൊതുക്കി തങ്ങളുടെ വികസന അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഇന്ത്യയിലേയും കേരളത്തിലേയും ഇരു സര്‍ക്കാരുകളും നടത്തിക്കൊണ്ടിരിക്കുന്നത്.

കീഴാറ്റൂരിലെ വയല്‍കിളികള്‍ നടത്തുന്ന സമരത്തിന്‍റെ ഗൗരവം കണക്കിലെടുത്തു കൊണ്ടും അവിടുത്തെ ജനകീയ മുന്നേറ്റം മനസ്സിലാക്കിയും ബദല്‍ സംവിധാനം ആലോചിക്കാതെ കേന്ദ്ര ദേശീയ പാത അതോറിറ്റിയുടെ തീരൂമാനം നടപ്പാക്കാനുള്ള നീക്കം വീണ്ടും കീഴാറ്റൂരിനെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള തുരുത്തിയില്‍ 150 ഓളം പട്ടികജാതി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ദേശീയ പാതാ നിര്‍മ്മാണം പുന:പരിശോധിക്കാന്‍ ദേശിയ പാതാ അതോറിറ്റി തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. തുരുത്തിയില്‍ പട്ടികജാതി കോളനിയുടെ നടുവിലൂടെ ദേശീയ പാതയുടെ പുതിയ അലൈന്‍മെന്‍റ് നിശ്ചയിച്ചതില്‍ വന്‍ രാഷ്ട്രീയ സ്വാധീനമാണ് ഉണ്ടായിരിക്കുന്നത്.

ദേശീയ പാതയുടെ പുതിയ അലൈന്‍മെന്‍റ് തുരുത്തി കോളനി വഴി തിരിച്ചു വിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും കണ്ണൂരിലെ സി.പി.എം നേതാക്കള്‍ക്കും പങ്കുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. സി.പി.എം നേതാക്കന്മാർ വാങ്ങിക്കൂട്ടിയിരിക്കുന്ന വസ്തുക്കളിലൂടെ ദേശീയ പാതയുടെ അലൈന്‍മെന്‍റ് കടന്നു പോകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ദേശീയ പാത അതോറിറ്റി തുരുത്തി പട്ടികജാതി കോളനി വഴി അലൈന്‍മെന്‍റ് പുതുക്കി നിശ്ചയിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. തുരുത്തി പട്ടികജാതി കോളനിയിലെ 150 ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞു പോകേണ്ട സാഹചര്യം ഒഴിവാക്കാന്‍ ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടും അത് അംഗീകരിക്കാതെ ദേശീയ പാത അതോറിററി പിടിവാശിയിലൂടെ ജനവാസ കേന്ദ്രത്തില്‍ കൂടി ദേശീയ പാതയുടെ നിര്‍മ്മാണ നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധവും ജനദ്രോഹവുമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

English summary
Kodikunnil Suresh MP statement keezhattoor Vayal Kili Strike
topbanner

More News from this section

Subscribe by Email