Wednesday March 20th, 2019 - 5:17:pm
topbanner
topbanner

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല: മുഖ്യമന്ത്രി: രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിച്ചു

NewsDesk
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല: മുഖ്യമന്ത്രി: രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നത് പ്രതിജ്ഞാബദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അവരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ഒഴിവു വരുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

കെ. എസ്. ആര്‍. ടി. സിയില്‍ അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് ജോലി ലഭിക്കാത്തത് പൊതുപുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് നല്ല രീതിയില്‍ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. തൊഴിലില്ലായ്മ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് യുവജന സംഘടനകളുമായി ചര്‍ച്ച നടത്തും. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാക്കും. സീനിയോറിറ്റി പാലിക്കാതെ നിയമനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.

യുവജനത സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. വാട്‌സ് ആപ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ വ്യാജപ്രചാരണം നടക്കുന്നുണ്ട്. പലരും യഥാര്‍ത്ഥ ഉദ്ദേശ്യം മനസിലാക്കാതെ കെണിയില്‍പെടുന്ന അവസ്ഥയാണ്.

വാട്‌സ് ആപ് ഹര്‍ത്താല്‍ അത്തരത്തില്‍ സംഭവിച്ചതാണ്. ആരാണ് അതിന് തുടക്കം കുറിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്ക് സമൂഹത്തെയാകെ തള്ളിവിടുകയായിരുന്നു ഇതിന് മുന്‍കൈ എടുത്തവരുടെ ലക്ഷ്യം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ യുവജന സംഘടനകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാസ്ത്രവിരുദ്ധ കാര്യങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ട്. നാടിനെ പിറകോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ നിലപാട് സ്വീകരിക്കണം.

നാട്ടില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തേണ്ടതുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന സമൂഹത്തിന്റെ സത്ത സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണം. സംസ്ഥാനത്ത് വര്‍ഗീയത ഇളക്കി വിടാനുള്ള നീക്കത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കും. യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയ രണ്ടു വര്‍ഷങ്ങളാണ് കടന്നു പോകുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 70,000 ഒഴിവുകള്‍ രണ്ടു വര്‍ഷത്തില്‍ നികത്താനായി. 2011/13 കാലഘട്ടത്തില്‍ ഇത് 48,000 ആയിരുന്നു.

അതേ കാലഘട്ടത്തില്‍ പുതിയതായി 9000 തസ്തിക സൃഷ്ടിച്ച സ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിക്കാനായി. സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ റിക്രൂട്ട്‌മെന്റ് പെട്ടെന്ന് ആരംഭിക്കും. ഇത് യുവജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച തൊഴില്‍സാധ്യത നല്‍കും. പൊതുമേഖല ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ ഫലം കണ്ടു തുടങ്ങി. 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. ക്രമേണ എല്ലാ സ്ഥാപനങ്ങളും ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത വ്യവസായ മേഖലയും ഉണര്‍വിന്റെ പാതയിലാണ്. ഐ. ടി മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുന്നു.

ഹൈസ്പീഡ് ഇന്റര്‍നെറ്റ് വീടുകളിലും ഓഫീസുകളിലും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുയിടങ്ങള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. ഐ. ടി പാര്‍ക്കുകള്‍ വികസിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടി മൂലം നിരവധി പുതിയ സംരംഭങ്ങള്‍ വരുന്നുണ്ട്. പുതിയ തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍, യുവജനകാര്യ സെക്രട്ടറി ടി. ഒ. സൂരജ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ പി. ബിജു, വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Viral News

Read more topics: pinarayi vijayan, kerala, pension,
English summary
Kerala government will not increase pension age cm pinarayi vijayan
topbanner

More News from this section

Subscribe by Email