Thursday March 21st, 2019 - 5:48:am
topbanner
topbanner

നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജ സർട്ടിഫിക്കറ്റ്: കണ്ണൂർ മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ റെയ്ഡ്; അറസ്റ്റ് ഉടൻ

fasila
നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജ സർട്ടിഫിക്കറ്റ്: കണ്ണൂർ മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ റെയ്ഡ്; അറസ്റ്റ് ഉടൻ

കണ്ണൂര്‍: കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലിന്റെ ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി നല്‍കിയ സംഭവത്തില്‍ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ പോലീസ് റെയ്ഡ് നടത്തി. ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് ഇന്ന് ഉച്ചയോടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. കമ്പൂട്ടറുകളും, ഹാർഡ് ഡിസ്‌ക്കും ചില രേഖകളും പിടിച്ചെടുത്തതായി എസ്‌ഐ പറഞ്ഞു. ഇവ പരിശോധിച്ചു വരികയാണ്. കേസിലെ പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ നഴ്സിംഗ് ജോലി തേടിപ്പോകുന്നവരെയടക്കം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കബളിപ്പിച്ച മാഫിയാ സംഘത്തിന് ഉന്നതരുടെ സംരക്ഷണമുണ്ടായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ മെഡ് സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി ചെയര്‍മാന്‍ അനില്‍ ചക്രപാണിയേയും മെഡ് സിറ്റി ഗ്രൂപ്പ് എം ഡി രാഹുല്‍ ചക്രപാണിയേയും രക്ഷിക്കാനാണ് പോലീസ് നീക്കം എന്ന് ആരോപണമുണ്ടായിരുന്നു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. ഇത് കേരള ഓൺലൈൻ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ്  ഇന്നത്തെ റെയ്ഡ്. 

തുടർന്ന് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വല്‍സ. കെ പണിക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡ്സിറ്റി ഉടമയ്ക്കെതിരേ കേസെടുക്കുകയും വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങൾ മെഡ് സിറ്റി ഇന്റര്‍നാഷണല്‍ ചെയര്‍മാനെതിരെ ചുമത്തുകയും ചെയ്തു.

മെഡ് സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി മുഖേന ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച കണ്ണൂര്‍ നടുവില്‍ സ്വദേശിനി പി പി ബിനീഷ, കോഴിക്കോട് അഴിഞ്ഞിലത്തെ പൂജാ വിജയന്‍ എന്നിവര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിൽ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വല്‍സ. കെ പണിക്കര്‍ ഡിജിപിക്കും ടൗണ്‍ പോലീസിനും പരാതി നൽകിയിരുന്നു. ഖത്തറില്‍ നഴ്സിംഗ് ജോലിക്കു പോയ രണ്ടു പേര്‍ക്കും കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ മെഡ്സിറ്റി ഇന്റര്‍നാഷണലില്‍ നിന്നു നല്‍കിയതാണ് തട്ടിപ്പു പുറത്താക്കിയത്.

ദോഹയില്‍ നഴ്സുമാരായി ജോലി ലഭിച്ചവരാണ് വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയുടെ തട്ടിപ്പിനിരയായത്. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള അനില്‍ ചക്രപാണിയും സഹോദരനും മെഡ്സിറ്റി ഗ്രൂപ്പ് സി എം ഡി രാഹുല്‍ ചക്രപാണിയുമുള്‍പ്പെട്ട തട്ടിപ്പു മാഫിയയെ സംരക്ഷിക്കാന്‍ പോലീസിലും ചില ഇടപെടലുകള്‍ നടന്നുവെന്നും സൂചനയുണ്ടായിരുന്നു. നഴ്സിംഗ് കൗണ്‍സിലിന്റെ പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം വൈകിപ്പിച്ച പോലീസ് ഇതു വിവാദമായപ്പോള്‍ മാത്രമാണ് കേസെടുക്കാന്‍ തയ്യാറായതെന്നായിരുന്നു ആരോപണം.

കഴിഞ്ഞ മാസം ഒന്‍പതിന് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഉപസമിതി യോഗം ചേര്‍ന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഗുഡ്സ്റ്റാന്റിംഗ്, വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഭീമമായ തുക ഈടാക്കിയാണ് വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇനിയങ്ങോട്ട് ഏജന്റുമാരെ ഒഴിവാക്കി എല്ലാ വിധ സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗാര്‍ത്ഥികള്‍ കൗണ്‍സിലില്‍ നേരിട്ട് അപേക്ഷ നല്‍കി വാങ്ങണമെന്ന നിയമം കര്‍ശനമാക്കുകയും ചെയ്തിരുന്നു.

തട്ടിപ്പു പുറത്തായ വഴി :-

മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി തേടിപ്പോകുന്ന നഴ്സുമാര്‍ക്ക് ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലാണ്. ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി നിശ്ചിതഫീസ് ഒടുക്കി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടും ചില ഏജന്‍സികള്‍ മുഖേനയും സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ കോണ്‍സുലേറ്റ് വഴിയുമാണ് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലിനെ ബന്ധപ്പെടാറുള്ളത്. തയ്യാറാക്കിയ ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് വിദേശരാജ്യങ്ങളിലാണെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള ബന്ധപ്പെട്ട അധികാരികള്‍ക്ക് എത്തിക്കുന്നതിന് ഡി എച്ച് എല്‍ എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്കകത്ത് സ്പീഡ് പോസ്റ്റിലും അയക്കും.

ബിനീഷയ്ക്കും പൂജയ്ക്കും ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അവരുടെ ഇ മെയിലില്‍ ലഭിച്ചിരുന്നു. ഇതിന്റെ ഒറിജിനല്‍ ലഭിക്കാതെ ഇവര്‍ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലിന് പകര്‍പ്പു സഹിതം പരാതി നല്‍കിയതോടെയാണ് തട്ടിപ്പു പുറത്തായത്. കൗണ്‍സില്‍ രജിസ്ട്രാറുടെ ഒപ്പും ലെറ്റര്‍ഹെഡുമൊക്കെ കൃത്യമായിരുന്നു. ഇവര്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പേരു മാത്രം തിരുത്തി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഇതില്‍ നിന്നു വ്യക്തമായത്. ബിനീഷയുടെയും പൂജയുടേയും സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ കൗണ്‍സിലില്‍ നല്‍കാതെയാണ് മെഡ്സിറ്റി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇത്തരത്തില്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഈ സ്ഥാപനത്തില്‍ നിന്ന് തയ്യാറാക്കി നല്‍കിയതായുള്ള സംശയം പലപ്പെടുകയാണ്.

ഉന്നത ബന്ധം മറയാക്കി വിശ്വാസം നേടിയെടുത്ത് തട്ടിപ്പ് നടത്തുന്നു:-

ഭരണ പ്രതിപക്ഷ നേതാക്കളേയും മന്ത്രിമാരടക്കം ജനപ്രതിനിധികളേയും പോലീസ് ഉദ്യോഗസ്ഥരെയുമൊക്കെ നിരന്തരം പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിച്ച് തന്റെ ഉന്നതബന്ധങ്ങള്‍ വ്യക്തമാക്കിയാണ് മെഡ്സിറ്റി ഇന്റര്‍നാഷണലെന്ന സ്ഥാപനത്തിന്റെ മറവില്‍ രാഹുല്‍ ചക്രപാണിയും സഹോദരന്‍ അനില്‍ ചക്രപാണിയും തട്ടിപ്പുകള്‍ നടത്തുന്നത്. സ്ഥാപനത്തിന്റെ പാര്‍ട്ണറാക്കിയും മറ്റും പലരേയും ലക്ഷങ്ങള്‍ കബളിപ്പിച്ചിട്ടുള്ള ഇവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. കോളജ് വിദ്യാര്‍ത്ഥിയായിരിക്കേ ഉളള രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് രാഹുല്‍ ചക്രപാണി പല ഇടപാടുകളും തടസമില്ലാതെ നടത്തിയത്.

ഇതിനിടെ രാഹുല്‍ ചക്രപാണി ചീഫ് പ്രമോട്ടറായി കണ്ണൂരില്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന നാഷണല്‍ കോ ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത ബാങ്കിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ വിജിലന്‍സ് ഓഫീസ് പരിസരത്ത് സ്ഥാപിച്ചത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച രീതിയിലായിരുന്നു. ഇതേ ബാങ്കിന്റെ വിലാസത്തില്‍ ഒരു ക്രെഡിറ്റ് സൊസൈറ്റിക്ക് അംഗീകാരം നേടിയെടുക്കാനും ചീഫ് പ്രമോട്ടറായ രാഹുല്‍ ചക്രപാണി ശ്രമിച്ചതിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്. വിവാദമായതോടെ ബാങ്കിന്റെ ബോര്‍ഡുകളെല്ലാം നീക്കിയിട്ടുണ്ട്.

കണ്ണൂരിലെ ചില ഉന്നത പോലീസുദ്യോഗസ്ഥരിടപെട്ട് കേസ് ഒതുക്കാനുള്ള ഗൂഢനീക്കം നടത്തുന്നതായി സൂചനയുണ്ട്. സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ബലിയാടാക്കി ഉടമകളെ രക്ഷിക്കാനാണ് നീക്കം. സ്ഥാപനത്തിന്റെ ഇ മെയിലിലാണ് വ്യാജസര്‍ട്ടിഫിക്കറ്റയച്ചത്. എന്നാല്‍ ഇത് ഉടമകളുടെ അറിവോടെയല്ലെന്ന് വരുത്താനാണ് ശ്രമം. എന്നാല്‍ വ്യാജസര്‍ട്ടിഫിക്കറ്റിനിരയായ നഴ്സുമാരിലൊരാള്‍ക്ക് അടച്ച തുകയേക്കാള്‍ രണ്ടായിരം രൂപ അധികം തിരിച്ചു നല്‍കി പരാതി പിന്‍വലിപ്പിച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ പത്രത്തില്‍ അനില്‍ ചക്രപാണിയുടേതായി വന്ന വിശദീകരണം സംഭവത്തില്‍ മെഡിസിറ്റി ഉടമകള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു. എന്നിട്ടും പോലീസ് നടപടി വൈകിക്കുന്നതിനു പിന്നില്‍ വമ്പന്‍ ഇടപാടുകളുണ്ടെന്ന് ആരോപണമുണ്ടായിരുന്നു .

നഴ്സിംഗ്, വിദേശജോലി, വിദേശപഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്ന വലിയ തട്ടിപ്പുകളുടെ ചെറിയൊരംശം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഈ മേഖലയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിറം കെടുത്തുന്ന വിധമാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതടക്കമുള്ള തട്ടിപ്പുകളുമായി വ്യാജന്മാര്‍ വിലസുന്നത്.

Related news:-

നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ കണ്ണൂരിലെ മെഡ് സിറ്റി ഇന്റര്‍നാഷണലിനെതിരെയുളള കേസ് ഒതുക്കാന്‍ നീക്കം

Viral News

English summary
Kannur Nursing Council fake certificate Raid and arrest
topbanner

More News from this section

Subscribe by Email