വായനയിലൂടെ മനസിനെയും തിരശ്ശീലയിലൂടെ കണ്ണുകളെയും ഈറനണിയിച്ച മൊയ്തീന് കാഞ്ചനമാല പ്രണയത്തെ വിമര്‍ശിച്ച സിദ്ധിഖിന് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി കാഞ്ചനമാല രംഗത്ത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് പുല്ലുവില മാത്രമെ കല്പിക്കുന്നുള്ളുവെന്നും ഇത്തരം വിമര്‍ശനങ്ങള്‍ അവരുടേതിനെ വിവരക്കേടായി മാത്രമെ കാണുന്നുള്ളുവെന്നും കാഞ്ചനമാല പറഞ്ഞു.
വിമര്‍ശിക്കുന്നവര്‍ക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട് വ്യക്തിപരമായി സിദ്ദിഖ് എന്ന നടനെ അറിയില്ല, സിദ്ദിഖിന് എന്നെയും അറിയില്ല. ട്രസ്റ്റിനു സഹായമെത്തിച്ച ദിലീപിനെ അറിയാം. വിമര്‍ശകര്‍ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാല്‍ കാഞ്ചനമാല അങ്ങനെയല്ല. ഒരാളെ സ്നേഹിച്ചെങ്കില്‍ ജീവിതകാലം മുഴുവന്‍ അയാള്‍ക്കു വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണ്. നീലക്കണ്ണാടിയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാം നീലയായും പച്ചക്കണ്ണാടിയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാം പച്ചയായുമേ തോന്നുകയുള്ളു. നടന് സിദ്ദിഖ് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിച്ചാണ് കാഞ്ചനമാല ഇങ്ങനെ പറഞ്ഞത്.
ഞാന്‍ ഒരു നടന്മാരെയും വിമര്‍ശിച്ചിട്ടില്ല. എല്ലാവരുടേയും അഭിനയം എനിക്കിഷ്ടവുമാണ്. മൊയ്തീന്റെ രൂപത്തോട് കുറച്ച് സാമ്യമുള്ള നടനാണ് പൃഥ്വിരാജ്. ആ കണ്ണുകളും താടിയും ശരീരപ്രകൃതിയും കണ്ടിട്ടാണ് മൊയ്തീനായി പൃഥ്വിയെ സജസ്റ്റ് ചെയ്തത്.
എന്നെ വെറുതെ വിടണം, അതിനു സമൂഹത്തിനു കഴിയില്ലെങ്കില്‍ അതിന്റെ കാരണം നിങ്ങള്‍ ചിന്തിക്കണം. ഞാന്‍ എന്ന കാഞ്ചനമാലയെ അറിയുന്നവര്‍ക്ക് അവര്‍ എങ്ങനെയുള്ള ആളാണെന്ന് നന്നായി അറിയാം. മൊയ്തീനെ പ്രണയിച്ചിരുന്ന സമയത്തും മൊയ്തീന്റെ മരണശേഷവും ഒരുപാട് വിവാഹാലോചനകള്‍ വന്നിട്ടുണ്ട്.
ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ പവിത്രത കാത്തുസൂക്ഷിക്കുക ഏറ്റവും വലുയ കാര്യമെന്ന് വിശ്വസിക്കുന്നു. അത് മരണം വരെയും ഞാന്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അല്ലാതെ ഒരാളെ സ്നേഹിച്ചിട്ട് വേറേ ഒരാളിന്റെ കൂടെപ്പോകുന്ന തരക്കാരി അല്ല ഞാന്‍. ഞാന്‍ സ്നേഹിച്ചത് മൊയ്തീനെ മാത്രമാണ്. അതു മരണം വരെയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യുമെന്നും കാഞ്ചനമാല പറഞ്ഞു.
തന്നെ ആരും ദേവതയാക്കുകയൊന്നും വേണ്ട. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി എന്റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. എന്നെ വിശ്വസിച്ച് സഹായമഭ്യര്‍ഥിച്ച് എത്തുന്ന അനേകം പേരുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ ഇപ്പോള്‍ സമയമുള്ളു. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ വിമര്‍ശിച്ചവര്‍ ഒരു ദിവസം പശ്ചാത്തപിക്കും. കാഞ്ചനമാല കൂട്ടിച്ചേര്‍ത്തു