Tuesday November 13th, 2018 - 10:31:pm
topbanner

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കൊപ്പം തൊഴിലാളികളുടെ പ്രവൃത്തി സമയങ്ങളില്‍ കുറവ് വരുന്നില്ല: കാനം രാജേന്ദ്രന്‍

NewsDesk
തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കൊപ്പം തൊഴിലാളികളുടെ  പ്രവൃത്തി സമയങ്ങളില്‍ കുറവ് വരുന്നില്ല: കാനം രാജേന്ദ്രന്‍

ആലപ്പുഴ: സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം തൊഴില്‍മേഖലയില്‍ മാറ്റങ്ങള്‍ വന്നുവെങ്കിലും തൊഴിലാളികളുടെ പ്രവര്‍ത്തി സമയങ്ങളില്‍ കുറവ് വരുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള എസ് കരുണാകരക്കുറുപ്പ് സ്മാരക പൊതു പ്രവര്‍ത്തക പുരസ്‌ക്കാരം വിലങ്ങുപാറ സുകുമാരന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ സമയം കുറച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവില്‍ വരണം.

കേരളത്തില്‍ത്തന്നെ മിക്ക സ്ഥാപനങ്ങള്‍ക്കും തൊഴില്‍ സമയം സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളില്ല. ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ സമരത്തിന്റെ വക്കിലാണെന്ന്് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ എടുക്കുന്നവരാണ് രാജ്യത്തിന് സമ്പത്ത് നല്‍കുന്നത്. അതുകൊണ്ട് അവര്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. പൊതുവിദ്യാഭ്യാസം ഈ രീതിയില്‍ മികവുറ്റതാക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ നിരവധി പ്രക്ഷോഭങ്ങളാണ് നടത്തിയിട്ടുള്ളത്.

അതിന്റെ ഫലമായാണ് ഇന്ത്യയിലെ മികച്ച സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയത്. എന്നാല്‍ അതിനെ തല്ലിക്കെടുത്തുന്ന രീതിയിലുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസം കഴിഞ്ഞ ഭരണകാലത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസരംഗത്ത് അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നു. ഇതിനെല്ലാം സഹായകമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ മുന്‍നിരയി്ല്‍ ഉണ്ടായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ എസ് കരുണാകരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. സൊസൈറ്റി രക്ഷാധികാരി പി ജ്യോതിസ് അധ്യക്ഷത വഹിച്ചു. പി യു അബ്ദുള്‍കലാം സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ ശിവരാജന്‍, പി വി സത്യനേശന്‍, അഡ്വ. വി മോഹന്‍ദാസ്, അഡ്വ. ജി കൃഷ്ണപ്രസാദ്, അഡ്വ. എന്‍ പി കമലാധരന്‍, വി ജെ ആന്റണി, വി എം ഹരിഹരന്‍, ആര്‍ സുരേഷ്, ഡി പി മധു, ബി അന്‍സാരി, റോസമ്മ ദേവസ്യ എന്നിവര്‍ സംസാരിച്ചു.

മുന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍ നടരാജന്‍, മുന്‍ എ ഡി എം. കെ ബി നാരായണ അയ്യര്‍, ആര്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ എസ് ഷാജി എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കലും കലാമത്സര വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.

English summary
Kanam Rajendran about Labour changes
topbanner

More News from this section

Subscribe by Email