ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പൂർണം.
അതേസമയം അറസ്റ്റിലായ കെ.പി.ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. റാന്നി പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.
തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്
പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.
ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പിൽ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.
അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല്‍ സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.
ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധമുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പമ്പയില്‍ പറഞ്ഞു.
അതേസമയം ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ വാഹനങ്ങൾക്കുനേരെ കല്ലേറും തടയലും. ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല.എരുമേലി, പത്തനംതിട്ട, പമ്പ മേഖലകളില്‍ കെഎസ്ആര്‍ടിസി സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്.