Wednesday October 24th, 2018 - 2:11:am
topbanner
Breaking News

ഉമ്മന്‍ചാണ്ടിക്കെതിരേ പരസ്യവിമര്‍ശനം: വി.എം സുധീരനെതിരേ കെ സി ജോസഫ് രംഗത്ത്: 'എന്നെ നുള്ളി, പിച്ചി' എന്ന നിലയില്‍ ഒരു നഴ്‌സറിക്കുട്ടി പറയുന്ന രീതിയിലാണ് സുധീരന്റെ പ്രതികരണം

NewsDesk
ഉമ്മന്‍ചാണ്ടിക്കെതിരേ പരസ്യവിമര്‍ശനം: വി.എം സുധീരനെതിരേ കെ സി ജോസഫ് രംഗത്ത്:  'എന്നെ നുള്ളി, പിച്ചി' എന്ന നിലയില്‍ ഒരു നഴ്‌സറിക്കുട്ടി പറയുന്ന രീതിയിലാണ് സുധീരന്റെ പ്രതികരണം

കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനം നടത്തിയ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരേ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎല്‍.എ രംഗത്ത് എത്തി.

നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തതെന്ന് കെ സി ജോസഫ് ആരോപിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് അദ്ദേഹം ചോദ്യംചെയ്യുന്നത്.

പര്‍ട്ടിക്കെതിരായ സുധീരന്റെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് മുന്‍ അധ്യക്ഷനായിരുന്ന ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും കെ.സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സുധീരന്റെ നേതൃത്വത്തെ ആരും അംഗീകരിക്കാതിരുന്നിട്ടില്ല. അദ്ദേഹവുമായി സഹകരിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. അനാരോഗ്യം കാരണമാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതെന്നാണ് സുധീരന്‍ പറഞ്ഞത്. ഗ്രൂപ്പുപ്രവര്‍ത്തനമാണ് തന്റെ രാജിക്ക് കാരണമെന്ന് ഒരുവര്‍ഷത്തിനുശേഷം പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്.

രാജിവച്ചപ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്. സുധീരന്റെ വാദങ്ങള്‍ ബാലിശമാണ്. 'എന്നെ നുള്ളി, പിച്ചി' എന്ന നിലയില്‍ ഒരു നഴ്‌സറിക്കുട്ടി പറയുന്ന രീതിയിലാണ് സുധീരന്റെ പ്രതികരണം.

നിയമസഭയില്‍ ശക്തമായാണു പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. അതേസമയം, മുന്നണിയെ ദുര്‍ബലപ്പെടുത്താനാണു സുധീരന്റെ ശ്രമം. ദുബര്‍ലമായ കോണ്‍ഗ്രസിനെ 2019ല്‍ തിരിച്ചെത്തിക്കാനാണ് മുന്നണി വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. സുധീരനു പകരം കാര്‍ത്തികേയനായിരുന്നു കെപി.സി.സി അധ്യക്ഷനെങ്കില്‍ തുടര്‍ഭരണം കിട്ടിയേനെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം സുധീരനാണ്.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പ് അതിപ്രസരമില്ല. സുധീരന്റെ നിലപാട് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇതിങ്ങനെ പോയാല്‍ ശരിയാവില്ല. നടപടിവേണം. പരസ്യപ്രതികരണങ്ങളിലേക്ക് പോവരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുള്ളതിനാല്‍ കൂടുതലൊന്നും പറയാത്തതെന്നും കെ.സി ജോസഫ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read more topics: vm sudheeran, against, k c joseph,
English summary
KC Joseph against vm sudheeran
topbanner

More News from this section

Subscribe by Email