Wednesday April 24th, 2019 - 11:39:pm
topbanner
topbanner

കെ.എം.ഷാജി മതേതരകേരളത്തോട് മാപ്പുപറയണമെന്ന് കെ കെ രാഗേഷ് എംപി

NewsDesk
കെ.എം.ഷാജി മതേതരകേരളത്തോട് മാപ്പുപറയണമെന്ന് കെ കെ രാഗേഷ് എംപി

ഹൈക്കോടതി വിധിയെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട കെ.എം.ഷാജി മതേതരകേരളത്തോട് മാപ്പുപറയണമെന്ന് കെ കെ രാഗേഷ് എംപി. അയോഗ്യനാക്കപ്പെട്ട കെ.എം.ഷാജിയുടെ പ്രതികരണം ഏതൊരാളെയും ചിരിപ്പിക്കുമെന്നും രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.

. കോൺഗ്രസ് നേതാവായ അന്നത്തെ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്ത ലഘുലേഖകൾ സ്വയംഭൂവായി വന്നതാണോ? ഹൈക്കോടതി തള്ളിയവാദങ്ങൾ വീണ്ടും മാധ്യമങ്ങളിലൂടെ ആവർത്തിക്കുകയല്ലേ താങ്കൾ ചെയ്യുന്നത്? എന്നും കെ കെ രാഗേഷ് ചോദിക്കുന്നു

കെ കെ രാഗേഷ് എംപിയുടെ ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം:

ഹൈക്കോടതി വിധിയെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട ശ്രീ. കെ.എം.ഷാജിയുടെ പ്രതികരണം ഏതൊരാളെയും ചിരിപ്പിക്കും. താനൊരു തികഞ്ഞ മതേതരവാദിയും വർഗ്ഗീയവിരോധിയുമാണെന്ന് ലജ്ജാലേശമന്യേ അദ്ദേഹം ആവർത്തിക്കുകയാണ്. ''കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല.

അവർ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചുനേരം നിസ്‌കരിച്ച് നമ്മൾക്കുവേണ്ടി കാവൽതേടുന്ന ഒരു മുഹ്മിനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജിയെ വിജയിപ്പിക്കുവാൻ എല്ലാം മുഹ്മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കും.'' എന്ന് നോട്ടീസ് അച്ചടിച്ച് പ്രചരിപ്പിക്കുന്നത് വർഗീയ പ്രചരണമല്ലെങ്കിൽ മറ്റെന്താണ്. കോൺഗ്രസ് നേതാവായ അന്നത്തെ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്ത ലഘുലേഖകൾ സ്വയംഭൂവായി വന്നതാണോ? ഹൈക്കോടതി തള്ളിയവാദങ്ങൾ വീണ്ടും മാധ്യമങ്ങളിലൂടെ ആവർത്തിക്കുകയല്ലേ താങ്കൾ ചെയ്യുന്നത്?

ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് തെരഞ്ഞെടുപ്പ് അഴിമതി എന്താണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മത, ജാതിസ്പർദ്ധയ്ക്കിടയാക്കുംവിധം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ ഇത് വിലക്കിയിട്ടുണ്ട്. 2017ൽ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചും ഇക്കാര്യത്തിൽ വ്യക്തതവരുത്തിയിട്ടുണ്ട്. ''ജാതിയോ സമുദായമോ ഭാഷയോ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏതെങ്കിലും പങ്ക് നിർവ്വഹിക്കുന്നത് അനുവദിക്കാനാവില്ല'' എന്ന് വിധിച്ച ഭരണഘടനാബെഞ്ച് ഈ പരിഗണനവെച്ച് ഏതെങ്കിലും സ്ഥാനാർത്ഥി നേരിട്ടോ അല്ലാതെയോ വോട്ടഭ്യർത്ഥന നടത്തിയാൽ അയാളെ അയോഗ്യനാക്കണം എന്ന് പ്രസ്താവിക്കുകയുണ്ടായി.

കോടതിയിൽ തെളിഞ്ഞ കാര്യങ്ങൾ പുരപ്പുറത്ത് കയറി വലിയവായിൽ നിഷേധിച്ചിട്ട് കാര്യമില്ല. എതിർസ്ഥാനാർത്ഥിയെക്കുറിച്ച് എത്ര നീചമായ അപവാദപ്രചരണങ്ങളാണ് താങ്കൾ തെരഞ്ഞെടുപ്പുവേളയിൽ നടത്തിയതെന്ന് അഴീക്കോട്ടെ വോട്ടർമാരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. വസ്തുത ഇതായിരിക്കെ വർഗ്ഗീയപ്രചരണം സംഘടിപ്പിച്ചതിനും മതവൈര്യം പടർത്താൻ ശ്രമിച്ചതിനും മതേതരകേരളത്തോട് മാപ്പുപറയുകയാണ് ആത്മാഭിമാനം അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ ഇദ്ദേഹം ചെയ്യേണ്ടത്.

കെ.കെ. രാഗേഷ് എം.പി.

അതേസമയം 2016 മെയ് മാസത്തിലാണ് പോലീസ് നോട്ടീസുകള്‍ പിടിച്ചെടുക്കുന്നത്. പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ഇത്. അടുത്തിടെ ഹസീബ് എന്നയാള്‍ വിവരാവകാശ നിയമപുയോഗിച്ച് ലഭ്യമാക്കിയ നോട്ടീസുകളും, കേസ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമുസ്ലിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും, മുസ്ലിമായ ഷാജിക്കാണ് മുസ്ലിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്നുമെല്ലാമാണ് നോട്ടീസിന്റെ ഉള്ളടക്കം. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ എട്ടോളം നോട്ടീസുകള്‍ ഉണ്ട്.

Read more topics: KM Shaji, MLA, K K Ragesh,
English summary
K K Ragesh mp against KM Shaji
topbanner

More News from this section

Subscribe by Email