കോഴിക്കോട്: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് വേണ്ടി ജോയ് മാത്യൂവിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുകാര്‍ ഒന്നിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് പിന്തുണയുമായി നടന് ജോയ് മാത്യൂവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിഷേധ സംഗമം.
ഇന്ന് വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്ക് ചുവട്ടിലാണ് പ്രതിഷേധ സംഗമം. ഭരണകൂടത്തിന്റെ നിശബ്ദതയ്ക്കെതിരെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ജോയി മാത്യൂവിന്റെ വാക്കുകളില്‍ നിന്ന്;-
മലയാളികള്‍ക്ക് അപമാനകരമായ ദിവസങ്ങളിലൂടെയാണ് നമ്മള് ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു. നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പരാതി കിട്ടി 80 ദിവസം കഴിഞ്ഞിട്ടും ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ നീതിബോധമുള്ള മനുഷ്യര്‍, അവര്‍ ഏതു പാര്‍ട്ടിയില്‍പെട്ടവരാണെങ്കിലും സംഘടനയില്‍പ്പെട്ടവരാണെങ്കിലും പ്രതികരിച്ചേ മതിയാകൂ. ഈ പ്രതിഷേധം കന്യാസ്ത്രീകള്‍ സമരമിരിക്കുന്ന പന്തലില്‍തന്നെ വേണമെന്നില്ല.
ലോകത്തിന്റെ ഏതുഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ടുകാരായ ഞാനടക്കമുള്ളവര്‍ ബുധനാഴ്ച കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് ചുറ്റുംനിന്ന് പ്രതിഷേധിക്കും. നീതിബോധമുള്ള, നീതിക്ക് വേണ്ടിപൊരുതാന് തയാറുള്ള മുഴുവന്‍ മനുഷ്യരെയും സ്വാഗതം ചെയ്യുന്നു.