ബെംഗളൂരു: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ചേച്ചിയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ബെംഗളുരുവില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ വ്യക്തി മലയാളിയാണ് എന്നാണ് സൂചന. മൊബൈല്‍ ടവര്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊലപാതകസമയം ഇയാള്‍ പരിസരത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിരലടയാളം പരിശോധിക്കുന്നതോടെ പ്രതിയാണോ എന്നതിനെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷ. ഇയാള്‍ ജിഷയുടെ അച്ഛന് പാപ്പു താമസിക്കുന്ന വീട്ടില്‍ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതി ഇയാളല്ലെങ്കില്‍ പോലീസ് അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാകും. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 10 ദിവസത്തിനുശേഷവും പ്രതിയെ പിടികൂടാനായില്ലെന്നത് സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും.