Wednesday October 16th, 2019 - 10:51:am
topbanner

നിശാഗന്ധി പുരസ്‌കാരം ഇളയരാജയ്ക്ക്

NewsDesk
നിശാഗന്ധി പുരസ്‌കാരം ഇളയരാജയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം സംഗീതചക്രവര്‍ത്തി ഇളയരാജയ്ക്ക്. ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തിനു നല്‍കിയ സംഭാവനകള്‍ക്കും സംഗീതമികവിനുമാണു പുരസ്‌കാരം. സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി ശ്രീ. എ. പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. 1,50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. സംസ്ഥാന ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്ത സംഗീതോത്സവം ജനുവരി 20നു മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും    മന്ത്രി അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 എട്ടുദിവസം നീണ്ടുനില്‍ക്കുന്ന നിശാഗന്ധി മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ഭാരതസര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ച സംഗീതകുലപതിയാണ് ഇളയരാജ. മൂന്നുപതിറ്റാണ്ടായി സിനിമാസംഗീതരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നാടന്‍ ശീലുകളും പാശ്ചാത്യസംഗീതവും സമന്വയിപ്പിക്കുന്നതിലൂടെ തമിഴ് സിനിമയില്‍ പുതിയ തീരങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

 കനകക്കുന്നില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം  പണ്ഡിറ്റ് രവിശങ്കറിന്റെ പുത്രിയും പ്രശസ്ത സിത്താറിസ്റ്റുമായ അനുഷ്‌കശങ്കറിന്റെ സിത്താര്‍ സംഗീതവിസ്മയവുമായാണ് നിശാഗന്ധി ലയ-ലാസ്യ സന്ധ്യകള്‍ക്കു തുടക്കമാകുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍, ബോളിവുഡ് നടിയും നര്‍ത്തകിയുമായ ഹേമ മാലിനി, പ്രശസ്ത കഥക് കലാകാരികളായ മരാമി മേഥി-മേഘരഞ്ജിനി മേഥി,  ഇറ്റലിയില്‍നിന്നെത്തിയ നര്‍ത്തകി പദ്മശ്രീ ഇലിയാന സിറ്റാരിസി,  കര്‍ണാടക സംഗീതവിദ്വാന്‍ പദ്മഭൂഷണ്‍ ടി. വി. ശങ്കരനാരായണന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

     മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി ശ്രീ. എ. പി. അനില്‍കുമാര്‍ മേളയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇതോടൊപ്പം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രമോഷണല്‍ വീഡിയോയും അദ്ദേഹം പ്രകാശിപ്പിച്ചു. മലയാള സര്‍വകലാശാല  വൈസ്ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ. ജയകുമാര്‍, ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീ. ജി. കമലവര്‍ദ്ധന്‍ റാവു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീ. സി. ഗൗരീദാസന്‍ നായര്‍, ടൂറിസം വകുപ്പ് ഡയറക്റ്റര്‍ ശ്രീ. പി. ഐ. ഷേക്ക് പരീത് എന്നിവര്‍ അംഗങ്ങളായ ജൂറിയാണു നിശാഗന്ധി പുരസ്‌കാരം നിര്‍ണയിച്ചത്.

 മേളയുടെ രണ്ടാം ദിവസം  മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഗായന്ത്രി അശോകും പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ശ്രീരഞ്ജിനി കോടമ്പള്ളിയും നയിക്കുന്ന ജുഗല്‍ബന്ദിയും തുടര്‍ന്ന് വൈജയന്തി കാശി-പ്രതീക്ഷ കാശി എന്നിവരുടെ കുച്ചിപ്പുടി നൃത്താവിഷ്‌കാരവും രംഗത്തെത്തും. 

 യുവനര്‍ത്തകി സ്മിത മാധവിന്റെ നാട്യ-നൃത്ത ചാരുത പകരുന്ന ഭരതനാട്യ പ്രകടനമാണ് മൂന്നാം ദിവസം ആദ്യം വേദിയിലെത്തുന്നത്. തുടര്‍ന്ന് കനകക്കുന്നില്‍ കര്‍ണാടകസംഗീതപെരുമ ഉയര്‍ത്താന്‍ മധുരസംഗീത മഹോപാദ്ധ്യായന്‍ പദ്മഭൂഷണ്‍ ടി. വി. ശങ്കരനാരായണന്‍ എത്തുന്നു. നാലാം ദിവസം മോഹിനിയാട്ടത്തിലെ പ്രതീക്ഷയേകുന്ന പുതിയ കലാകാരികളായ സാന്ദ്ര പിഷാരടി, പാര്‍വതി ശ്രീവല്ലഭന്‍ എന്നിവരുടെ കലാ അവതരണവും തുടര്‍ന്ന് ഡോ. എം. ലളിത, എം. നന്ദിനി എന്നിവരുടെ ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍  സംഗീതപ്രകടനവും നടക്കും. 

 അസമിലെ വൈഷ്ണവാശ്രമങ്ങളില്‍ രൂപംകൊണ്ട സത്രിയ നൃത്തവുമായി ഗുരു രാമകൃഷ്ണ തലൂക്ദാര്‍, കൃഷ്ണാക്ഷി കശ്യപ് എന്നിവര്‍ മേളയുടെ അഞ്ചാം ദിവസം വേദിയിലെത്തുന്നു. ഇതിനു മുന്നോടിയായി യുവപ്രതിഭ ആരതി സുധാകരന്റെ കുച്ചിപ്പുടിയും അരങ്ങേറും. അസമിലെ അഭിനേത്രിയും പ്രശസ്ത കഥക് നര്‍ത്തകിയുമായ മേഘരഞ്ജിനി മേഥി, അമ്മ മരാമി മേഥി എന്നിവരുടെ കഥക് പ്രകടനത്തോടെ 24ലെ കലാപരിപാടികള്‍ സമാപിക്കും.

 ആറാം ദിവസം മാന്‍ഡൊലിന്‍ സംഗീതവുമായി നിശാഗന്ധിയിലെത്തുന്നതു പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് സുഗതോ ഭാധുരിയാണ്. ഇറ്റലിയില്‍നിന്നെത്തി ഭാരതനൃത്ത പാരമ്പര്യത്തെ പ്രണയിച്ച പദ്മശ്രീ ഇലിയാന സിറ്റാരിസിയുടെ ഓഡീസിയാണ് അന്നത്തെ മറ്റൊരാകര്‍ഷണം. സ്ത്രീശക്തിയുടെ മൂര്‍ത്തഭാവമായി ശ്രീ ഭഗവതിയെ ചിത്രീകരിച്ചുകൊണ്ടു മഹാലക്ഷ്മി എന്ന നൃത്താവിഷ്‌കാരവുമായി പ്രശസ്ത നര്‍ത്തകിയും നടിയുമായ ഹേമ മാലിനിയും സംഘവും 26ന് വേദിയിലെത്തുന്നു. 

സമാപന ദിവസമായ ജനുവരി 27ന് കര്‍ണാടകസംഗീതത്തിലെ യുവത്വത്തിന്റെ പ്രതിനിധിയായി അര്‍ജുന്‍ ബി. കൃഷ്ണ അരങ്ങിലെത്തും. ഉസ്താദ് സക്കീര്‍ ഹുസൈനോടൊപ്പം ശശാങ്ക് സുബ്രഹ്മണ്യം, രാകേഷ് ചൗരസ്യ എന്നിവര്‍ പങ്കെടുക്കുന്ന ജുഗല്‍ബന്ദിയോടെ ഈ വര്‍ഷത്തെ നിശാഗന്ധി മേളയ്ക്കു തിരശീല വീഴും. കേരളത്തിന്റെ തനത് കലയായ കഥകളിയെ ആദരിക്കാന്‍ കഥകളി മേളയും നിശാഗന്ധി  മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. 20 മുതല്‍ 26 വരെയാണു കഥകളി മേള . ജനുവരി 26ന് പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ നേതൃത്ത്വത്തില്‍ കഥകളി അരങ്ങേറും . കേരളത്തിന്റെ ഭക്ഷ്യവൈവിധ്യം വിളിച്ചോതുന്ന ഭക്ഷ്യമേളയും നിശാഗന്ധി മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 

മേളയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദേശ ആസ്വാദകര്‍ക്കായി  വാണിജ്യ, വിനോദസഞ്ചാര ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈന്‍സ് കമ്പനികള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ ടൂറിസം വകുപ്പിനു പദ്ധതിയുള്ളതായി ടൂറിസം വകുപ്പ് ഡയറക്റ്റര്‍ ശ്രീ. പി. ഐ. ഷേക്ക് പരീത് പറഞ്ഞു. ജെറ്റ് എയര്‍വേയ്‌സ്, ഇത്തിഹാദ്, ഇന്‍ഡിഗോ, സില്‍ക് എയര്‍, ഒമാന്‍ എയര്‍വേയ്‌സ് എന്നിവര്‍ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ശ്രീ. പി. ഐ. ഷേക്ക് പരീത് പറഞ്ഞു.

English summary
Music maestro Ilayaraja gets Nishagandhi Puraskaram
topbanner

More News from this section

Subscribe by Email