Friday July 19th, 2019 - 8:01:pm
topbanner
topbanner

സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പം: മുഖ്യമന്ത്രി

NewsDesk
സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പം: മുഖ്യമന്ത്രി

തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ഗാന്ധിയല്ല, അമിത്ഷായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോഡുനിന്ന് പുറപ്പെട്ട ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ജാഥ എവിടെവച്ചാണ് ഒന്നാകുക എന്ന കാര്യം മാത്രമേ ഇനി അറിയേണ്ടതുള്ളൂ. കോണ്‍ഗ്രസിന്റെ ജാഥ നയിക്കുന്നത് ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിച്ച് തിരിച്ചുവന്നയാളാണ്. ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസ്. ശ്രമിച്ചപ്പോള്‍ അനിതരസാധാരണമായ സമചിത്തതയാണ് പോലീസ് കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഇടപെടല്‍ ലക്ഷ്യമിട്ടുള്ള കോപ്രായമാണ് അവിടെയുണ്ടായതെന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത ഇടതുമുന്നണിയുടെ പടുകൂറ്റന്‍ തൃശൂര്‍ ജില്ലാറാലി ഉദ്ഘാടനം ചെയ്യവേ പിണറായി ചൂണ്ടിക്കാട്ടി.

തേങ്ങകൊണ്ടു ഇടിയേറ്റപ്പോഴും പോലീസ് സംയമനം കൈവിടാതിരുന്നത് ഈ കാര്യങ്ങളറിയാവുന്നതിനാലാണ്. കലാപം നടത്തി ശബരിമലയുടെ ശാന്തി നഷ്ടമാക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘപരിവാര്‍ ക്രിമിനല്‍ സംഘങ്ങളെ കൊണ്ടുവന്നതായി മുഖ്യമന്ത്രി ആരോപിച്ചു. നാടാകെ പടര്‍ന്ന വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്കു തള്ളിയിടാനാണ് ശ്രമം. എന്തുവന്നാലും കേരളത്തിന്റെ മതനിരപേക്ഷ മനസ് ഉലയ്ക്കാനാകില്ലെന്നു മുന്നറിയിപ്പു നല്‍കി.

രണ്ടുജാഥകളാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും അത് എവിടെ വെച്ച് ഒന്നാകുമെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രിയുടെ പരിഹാസം. യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന യാത്രകളെ പരോക്ഷമായി പരാമര്‍ശിച്ച അദ്ദേഹം ഒളിയമ്പുമെയ്തു. അങ്ങോട്ടുപോയി പെട്ടെന്ന് ഇങ്ങോട്ടു മടങ്ങി വന്നയാളാണ് ഒരു ജാഥ നയിക്കുന്നതെന്നു മുഖ്യമന്ത്രി കൂട്ടച്ചിരികള്‍ക്കിടെ പറഞ്ഞു. കെ. സുധാകരനെ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശം.
കോണ്‍ഗ്രസേ, ഇത് എന്തു അധ:പതനമാണ്. നമ്മുടെ അജന്‍ഡ നടപ്പാക്കിയെന്ന ശ്രീധരന്‍പിള്ളയുടെ നിലപാടിന് മറുപടി പറയാന്‍ കോണ്‍ഗ്രസിന് അല്‍പമെങ്കിലും ആര്‍ജവമുണ്ടായോ? കോണ്‍ഗ്രസിനെ അടിയോടെ വാരാന്‍ പോകുന്നുവെന്നാണ് പിള്ള പറഞ്ഞതിന്റെ പൊരുള്‍. കോണ്‍ഗ്രസ് നേതാവ് ആരാണ്? രാഹുല്‍ഗാന്ധിയല്ല എന്നു വ്യക്തം. അത് അവര്‍ തന്നെ പറഞ്ഞു. രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് വിശദീകരണം. നേതാവ് അമിത് ഷാ ആണെന്നു പറയാതെ പറയുകയാണ് കോണ്‍ഗ്രസ് എന്നും ചൂണ്ടിക്കാട്ടി.
.
സര്‍ക്കാര്‍ പൂര്‍ണമായും വിശ്വാസികള്‍ക്കൊപ്പമാണ്. അവര്‍ക്ക് വേണ്ട സൗകര്യമുണ്ടാക്കി കൊടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതുവിശ്വാസിയുടെയും മുന്നില്‍ സര്‍ക്കാരുണ്ടാകും. വിശ്വാസികളില്‍ നിന്ന് ഇടതുമുന്നണിയെ വേര്‍തിരിക്കുന്നത് എളുപ്പമല്ല. എല്ലാവിഭാഗത്തില്‍ പെട്ടവരും മുന്നണിയിലുണ്ട്. ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചത് സര്‍ക്കാരല്ല. ശബരിമല തകര്‍ക്കല്‍ സര്‍ക്കാരിന്റെ അജന്‍ഡയല്ല. അക്രമം അനുവദിക്കില്ല. ശക്തമായ നടപടിയുണ്ടാകും. വനിതകളെ അവിടേക്ക് അയക്കുന്നത് നയമല്ല. സ്ത്രീകളെ അവിടേക്ക് സംഘടിപ്പിച്ചു കൊണ്ടുപോയി എങ്കില്‍ ആക്ഷേപം പറയാം. പുന:പരിശോധനാഹര്‍ജി നല്‍കിക്കൂടേ എന്നാണ് ചോദിക്കുന്നത്. കോടതിയില്‍ പറഞ്ഞ വാക്കിന് വിലയില്ലാതെ പെരുമാറാന്‍ കഴിയില്ല. കോടതിവിധി നടപ്പാക്കാനുള്ള മുന്നൊരുക്കമാണ് ശബരിമലയില്‍ എടുത്തത്.

വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ്. റാലികളില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്‍.ഡി.എഫ്. തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ ബഹുജന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.pinarayi_vijayan_thrissur

സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയത് ആര്‍.എസ്.എസ്. ബന്ധമുള്ള യുവതികളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും കേസില്‍ കക്ഷിചേര്‍ന്നില്ല. ശബരിമലയെ തകര്‍ക്കാന്‍ ഇടതുമുന്നണിയോ സര്‍ക്കാരോ ശ്രമിക്കുന്നില്ല. സ്ത്രീകളെ സംഘടിപ്പിച്ച് ശബരിമലയിലേക്ക് അയയ്ക്കാന്‍ ഇടതുമുന്നണി ശ്രമിച്ചിട്ടില്ല. വഴിനടക്കാന്‍ അനുവാദമില്ലാത്തവരുടെ അവകാശത്തിനുവേണ്ടിയാണ് മന്നത്തു പത്മനാഭനടക്കമുള്ളവര്‍ വൈക്കം സത്യഗ്രഹങ്ങളില്‍ പങ്കെടുത്തത്. സവര്‍ണ-അവര്‍ണ ഭേദമില്ലാതെ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേ ഒരുമിച്ച് പോരാടിയ ചരിത്രമാണ് കേരളത്തിനുള്ളത്. വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല കേരളം എങ്ങനെ മുന്നോട്ട് പോകുന്നു എന്നതാണ് ചോദ്യം.

കേരളത്തിന്റെ നവീകരണത്തിനായി പൂര്‍വികര്‍ നല്‍കിയ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരയുഗത്തിലേക്ക് കേരളത്തെ വീണ്ടും മടക്കിക്കൊണ്ട് പോകാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചത് ക്രിമിനലുകളെ കൂട്ടുപിടിച്ച് ആര്‍.എസ്.എസ്. നടത്തിയ നീക്കങ്ങളാണ്. ആര്‍.എസ്.എസിന്റെ അക്രമിസംഘം നടത്തുന്നത് കായിക പരിശീലനമല്ല, എങ്ങനെ ആളുകളെ എളുപ്പത്തില്‍ കൊല്ലാം എന്നാണ് പഠിപ്പിക്കുന്നത്. പ്രത്യേക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇത്തരം ക്രിമിനലുകളെ കൂട്ടുപിടിച്ചാണ് ചിലര്‍ ശബരിമലയില്‍ കോപ്രായം നടത്തിയത്. കുഞ്ഞിന് ചോറൂണ് കൊടുക്കാന്‍വന്ന കുടുംബത്തെപ്പോലും ക്രിമിനലുകള്‍ ചാടിവീണ് മര്‍ദിച്ചത് പോലീസിന്റെ ഇടപെടല്‍ ക്ഷണിച്ചുവരുത്താനുള്ള കുത്സിത നീക്കമായിരുന്നു. പോലീസ് ആത്മനിയന്ത്രണം പാലിച്ചതിനാല്‍ ശബരിമലയെ കലാപഭൂമിയാക്കാനുള്ള അവരുടെ തന്ത്രം പാളി.

ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നുള്ള കാശ് സര്‍ക്കാരിനുള്ളതാണെന്ന പ്രചാരണം തെറ്റാണ്. അമ്പലത്തില്‍ നിന്നു കിട്ടുന്ന പണം പൂര്‍ണമായും അവിടേക്കായാണ് ചെലവിടുന്നത്. ഇത്തരം പ്രചാരണത്തിലൊന്നും വിശ്വാസികള്‍ കുടുങ്ങില്ല. അഥവാ വരവു കുറഞ്ഞാല്‍ പ്രയാസത്തിലാകുക ആരാധനാലയവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. വരവ് മുട്ടിപ്പോയാലും സര്‍ക്കാര്‍ ശാന്തിക്കാര്‍ക്കൊപ്പമുണ്ടാകും. ഒരു ആരാധനാലയത്തിലെയും ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. 2014 - 15 ല്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ 48 കോടി ദേവസ്വങ്ങള്‍ക്കു നല്‍കിയപ്പോള്‍ 2017-18 ല്‍ ഇടതുസര്‍ക്കാര്‍ 202 കോടിയാണ് നീക്കിവെച്ചത്.pinarayi_vijayan_thrissur

രാമക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ ലോക്‌സഭാതെരഞ്ഞെടുപ്പിനു മുമ്പ് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ്. കിണഞ്ഞു ശ്രമിക്കുന്നത്. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചില്ലെങ്കിലും ക്ഷേത്രം പണിയുമെന്നാണ് പരസ്യഭീഷണി.
അനാചാരങ്ങള്‍ക്ക് എതിരേ കേരളം നടത്തിയ പോരാട്ടങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി നവോഥാന ഇടപെടലോടെയാണ് മാറ്റങ്ങളുണ്ടായതെന്നു വിശദീകരിച്ചു. പന്തിഭോജനവും മാറുമറയ്ക്കല്‍ സമരവും വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹവും സാമൂഹ്യ മാറ്റത്തിനു വഴിതുറന്നു. സ്വയംഭൂവായി മാറ്റമുണ്ടായതല്ല. നാടു പുറകോട്ടു പോകരുത്. മുന്നോട്ടാണു പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എന്‍. ജയദേവന്‍ എം.പി. അധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രന്‍, എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Government with the believers: CM Pinarayi vijayan
topbanner

More News from this section

Subscribe by Email