Tuesday May 26th, 2020 - 2:22:am

പ്രളയം തകർത്ത വിനോദസഞ്ചാര മേഖല അതിജീവനത്തിന്റെ പാതയില്‍

bincy
പ്രളയം തകർത്ത വിനോദസഞ്ചാര മേഖല അതിജീവനത്തിന്റെ പാതയില്‍

പ്രളയം വിതച്ച ദുരന്തങ്ങളില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന് കര കയറുന്നതിന് ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തിക സമാഹരണം നടത്തി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് സര്‍ക്കാര്‍. നമ്മുടെ നാടിന്റെ സമസ്ത മേഖലകളെയും പ്രളയത്തിന്റെ ആഘാതം തളര്‍ത്തിയിട്ടുണ്ട്. ആ ആഘാതം വലിയ തോതില്‍ നേരിട്ട് ബാധിച്ച മേഖല നമ്മുടെ സമ്പത്ത് വസ്ഥയുടെ നട്ടെല്ലായ ടൂറിസം രംഗമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിവര്‍ഷം ശരാശരി 10 ലക്ഷത്തോളം വിദേശീയരായ വിനോദ സഞ്ചാരികളും, ഒന്നരക്കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിക്കാറുണ്ട്. 2017 ലെ കണക്ക് പ്രകാരം മുപ്പത്തി നാലായിരം കോടി (34000) രൂപയാണ് ടൂറിസത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച മൊത്ത വരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 12.56 ശതമാനം കൂടുതല്‍ വരുമാനമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യമാണ് ടൂറിസത്തിലൂടെ നമുക്ക് കിട്ടുന്നത്.

15 ലക്ഷത്തോളം പേരാണ് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ടൂറിസം മേഖലയില്‍ ഉണ്ടാകുന്ന വളര്‍ച്ച നമ്മുടെ സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ഗുണം പകരുന്നതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ടൂറിസം രംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും, ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുകയും പുതിയ ടൂറിസം ഉത്പന്നങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തുവരുന്ന സാഹചര്യത്തിലാണ് തികച്ചും പ്രതിലോമകരമായ സാഹചര്യം നമുക്ക് നേരിടേണ്ടി വരുന്നത്. ഓഖി, പിന്നെ നിപ്പ, ഇപ്പോള്‍ പ്രളയം ഇങ്ങനെ ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് നമ്മുടെ ടൂറിസം മേഖല ഇന്ന് മുന്നോട്ട് പോകുന്നത്.

പരാജയപ്പെടാനോ, മനം മടുത്ത് മരവിച്ചിരിക്കാനോ നമുക്കാകില്ല. കൂടുതല്‍ കരുത്തോടെ, അതിജീവനത്തിന്റെ പോരാട്ടത്തിന് ഊര്‍ജം പകരാന്‍ ടൂറിസം മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നമുക്ക് അനിവാര്യമാണ്. സമഗ്രമായ ടൂറിസം നയം ആവിഷ്കരിച്ച് അത് നടപ്പാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനിടയിലാണ് നമ്മുടെ ടൂറിസം കേന്ദ്രങ്ങളായ പ്രദേശങ്ങള്‍ തന്നെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും കെടുതിയില്‍ വീണുപോയത്.
വിനോദസഞ്ചാര മേഖലയാകെ സ്തംഭിച്ച നിലയാണ് അതോടെ ഉണ്ടായത്.

12 വര്‍ഷത്തിന് ശേഷം നീലക്കുറിഞ്ഞി പൂക്കുന്ന വേളയിലാണ് ദുരന്തം പെയ്തിറങ്ങിയത്. നീലക്കുറിഞ്ഞി പൂക്കുന്നതിനോട് അനുബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വലിയ തോതിലുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരുന്നു. വിപുലമായ പ്രചാരണ പരിപാടികള്‍ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

10 ലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് നീലക്കുറിഞ്ഞി വസന്തം കാണാന്‍ നമ്മള്‍ മൂന്നാറില്‍ പ്രതീക്ഷിച്ചിരുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും മൂന്നാറിനെ കാര്യമായി ബാധിക്കുകയും അവിടേക്കുള്ള റോഡുകള്‍ തകരുകയും പല ഭാഗങ്ങളും ഒറ്റപ്പെടുകയും ചെയ്തു. എന്നാല്‍ ടൂറിസം വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ ടൂറിസ്റ്റുകളെ ഇടുക്കി ജില്ലയില്‍ നിന്നും വയനാട് ജില്ലയില്‍ നിന്നും മാറ്റുവാന്‍ സാധിച്ചു. ടൂറിസ്റ്റുകള്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ വിനോദസഞ്ചാരത്തിന് താല്‍ക്കാലികമായ നിരോധനം തന്നെ ഏര്‍പ്പെടുത്തിയിരുന്നു.


തിരിച്ചടികളെയും ദുരന്തങ്ങളെയും അതിജീവിക്കാനാകുന്ന ജനത തന്നെയാണ് നമ്മുടേത്. എന്നാല്‍ ഇതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ബാധ്യതയും മാന്ദ്യവും നമ്മുടെ നാടിനെയാകെ തളര്‍ത്താതെ നോക്കേണ്ടതുണ്ട്. വിനോദസഞ്ചാര രംഗത്ത് നിലവില്‍ നമ്മള്‍ വലിയ പ്രതിസന്ധിയെ തന്നെയാണ് നേരിടുന്നത്. എന്നാല്‍ നമ്മുടെ ടൂറിസം കേന്ദ്രങ്ങളൊന്നും പാടെ തകര്‍ന്നുപോകുന്ന സ്ഥിതി ഉണ്ടായിട്ടില്ല താനും. നിലവിലെ പ്രതിസന്ധി നേരിടുന്നതിനും ശക്തമായി തിരിച്ചുവരുന്നതിനും ഒരു ആക്ഷന്‍ പ്ലാന്‍, അഥവാ സമഗ്രമായ കര്‍മ്മപരിപാടി നടപ്പാക്കാനാണ് ടൂറിസം വകുപ്പിന്റെയും നമ്മുടെ സര്‍ക്കാരിന്റെയും തീരുമാനം.

തളര്‍ന്നിരിക്കേണ്ട സമയമല്ല, അങ്ങേയറ്റത്തെ ഊര്‍ജത്തോടെ പോരാടിയേ നമുക്ക് മതിയാകൂ. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരള ബ്രാന്‍ഡ് നമ്മള്‍ നീണ്ട ഒരു കാലയളവ് കൊണ്ട് വളര്‍ത്തിയെടുത്തതാണ്. അത് തകരാതെ കാത്തുരക്ഷിക്കാനും, വെല്ലുവിളികളെ ചെറുത്തു തോല്‍പ്പിക്കാനും സംസ്ഥാന ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടൂറിസം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് കര്‍മ്മപരിപാടി രൂപപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം സംസ്ഥാനത്തേക്ക് വരാന്‍ തീരുമാനിച്ചിരുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും അവരുടെ യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ മാസം ആദ്യം മുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. പക്ഷേ, പ്രളയ ദുരിതത്തിലാണ് കേരളമെന്നത് കണക്കിലെടുത്ത് ഒട്ടേറെ പേര്‍ ഇവിടേയ്ക്ക് വരാതിരിക്കുന്ന സാഹചര്യമുണ്ട്.പ്രളയ വാര്‍ത്തകളേ അവരെല്ലാം അറിഞ്ഞിട്ടുള്ളൂ. അതിന് ശേഷമുള്ള സ്ഥിതിയെ കുറിച്ച് അവര്‍ക്കാര്‍ക്കും ഒരു ധാരണയുമില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ വളരെ ശക്തമായ മാര്‍ക്കറ്റിംഗ് ക്യാമ്പയിനാണ് സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളിലൂടെയും, റോഡ് ഷോകളിലൂടെയും ശ്രദ്ധേയമായ പ്രചാരണങ്ങള്‍ നടത്തും.

വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം ട്രേഡ് ഫെയറുകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. അതല്ലെങ്കില്‍ കേരളമാകെ തകര്‍ന്നുവെന്ന പ്രതീതിയാകും അന്താരാഷ്ട്ര തലത്തില്‍ ടൂറിസം മേഖലയിലുണ്ടാകുക. ഡിജിറ്റല്‍ പ്രചാരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കാനും ആലോചിക്കുന്നുണ്ട്. ഫാം ടൂറുകളിലൂടെയും, ബ്ലോഗ് എക്സ്പ്രസ് പോലുള്ള പരിപാടികളിലൂടെയും കേരള ടൂറിസം ശക്തമായി തന്നെ നിലനില്‍ക്കുന്നുവെന്നത് ലോകത്തെ അറിയിക്കേണ്ടതുണ്ട്.


ടൂറിസം രംഗം തകര്‍ന്നാല്‍ നമ്മുടെ നാടാകെ സാമ്പത്തിക മുരടിപ്പിലാഴ്ന്നു പോകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. ഇത് ടൂറിസം വ്യവസായികളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ചെറിയ ഒരു ശീതള പാനീയ കട മുതല്‍ ടാക്സി ഡ്രൈവര്‍മാരും ടൂറിസം മേഖലയിലും അനുബന്ധ മേഖലകളിലും പണിയെടുക്കുന്നവരും മുതല്‍മുടക്കുന്നവരും മുതല്‍ എല്ലാവരെയും ബാധിക്കുകയും അതിന്റെ സാമ്പത്തിക പ്രത്യാഘാതം നമ്മുടെ സംസ്ഥാനത്തിനാകെ ഉണ്ടാകുകയും ചെയ്യും. അതിനാല്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ആസൂത്രിതമായ, ശക്തമായ ഇടപെടല്‍ നമുക്ക് ടൂറിസം രംഗത്ത് നടത്തിയേ മതിയാകൂ.

Read more topics: Flooded, kerala, Tourism, Department
English summary
Flooded Tourism Department In the path of survival
topbanner

More News from this section

Subscribe by Email