Monday August 26th, 2019 - 9:12:am
topbanner
topbanner

കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് സജ്ജമാകണം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

suvitha
കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് സജ്ജമാകണം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പത്തനംതിട്ട: കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് സജ്ജമാകണമെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പെരിങ്ങനാട് തൃച്ഛേന്ദമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസരംഗത്ത് ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയതായി സ്പീക്കര്‍ പറഞ്ഞു.

കഴിഞ്ഞ 14 വര്‍ഷമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്ഥിതി വ്യത്യസ്തമായി. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി. ഈ മാറ്റം നിലനിര്‍ത്തണമെങ്കില്‍ ആധുനിക കാലത്തിന് ചേര്‍ന്ന ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസ രീതികളും അനുഭവവേദ്യമാക്കുവാന്‍ പൊതുവിദ്യാലയങ്ങള്‍ക്ക് കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. സമൂഹത്തിന്റെ പരിഗണനകളും പഠന രീതികളും മാറുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

പഠിക്കാന്‍ പഠിപ്പിക്കലായി വിദ്യാഭ്യാസം മാറുന്നു. വിവരസാങ്കേതിക വിദ്യ കുട്ടികളുടെ മുന്നില്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു. ഈ അറിവുകള്‍ ശരിയായ രീതിയിലാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തിനും സമ്പത്ത് ഉത്പാദനത്തിന് അതിന്റേതായ രീതികളുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണയാണ് സമ്പത്തിന്റെ സ്രോതസെങ്കില്‍ കേരളത്തെ സംബന്ധിച്ച് മനുഷ്യവിഭവശേഷിയാണ് സാമ്പത്തിക സ്രോതസ്.

ലോകത്തിന്റെ പലഭാഗങ്ങളിലും ജോലിചെയ്യുന്ന മലയാളികള്‍ അയയ്ക്കുന്ന പണമാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്. മറ്റു വിഭവങ്ങള്‍ പരിമിതമായ നമുക്ക് മുന്നേറുവാനുള്ള ഏകമാര്‍ഗം വിദ്യാഭ്യാസമാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റത്തിന് തുടക്കമായിക്കഴിഞ്ഞു. സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളുന്ന രീതി പ്രയോഗത്തില്‍ വരികയാണ്. ഇതിന്റെ ഭാഗമായാണ് ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള തീരുമാനമെടുത്തത്. ഇതോടൊപ്പം പാഠ്യപദ്ധതിയിലും ബോധന ശാസ്ത്രത്തിലും പരീക്ഷാ രീതികളിലും മാറ്റംവരേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഇവയിലെല്ലാം മാറ്റം വരുത്താന്‍ കഴിയണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കൂട്ടായ പരിശ്രമം ഉണ്ടാകണമന്നും അദ്ദേഹം പറഞ്ഞു. 119 വര്‍ഷത്തെ പഴക്കമുള്ള പെരിങ്ങനാട് തൃച്ഛേന്ദമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 1980ല്‍ തൃച്ഛേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും രണ്ടര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു ഈ സ്ഥലത്താണ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍പ്പെട്ടുത്തി ഒരു കോടി രൂപ ചെലഴിച്ച് 4350 ചതുരശ്ര അടി വിസ്തൃതിയോടുകൂടി രണ്ട് നിലകളിലായി ഫ്രെയ്മിഡ് സ്ട്രക്ചറില്‍ വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടം പണിതിട്ടുള്ളത്.

നാല് ക്ലാസ് മുറികള്‍, ടോയ്‌ലറ്റ്, വരാന്ത, സ്‌റ്റെയര്‍കെയ്‌സ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.
യോഗത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പ്രതിഭകളെ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി അനിത, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.ടി രാധാകൃഷ്ണന്‍,

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ബ്ലോക്ക് പഞ്ചായത്തംഗം ആശ ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലതിക മോഹന്‍, ഷെല്ലി ബേബി, രോഹിണി ഗോപിനാഥ്, ജോളി ഫെനന്‍, ഇ.കെ രാജമ്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.അനില്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.രവിശങ്കര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.പി ജയന്‍, പി.ബി ഹര്‍ഷകുമാര്‍, മുണ്ടപ്പള്ളി തോമസ്, എം.ജി കൃഷ്ണകുമാര്‍, ജി.കൃഷ്ണകുമാര്‍, പി.നരേന്ദ്രനാഥന്‍പിള്ള, ഡി.ഇ.ഒ ജി.ഷീല, എ.ഇ.ഒ പി.എസ് സുമാദേവിയമ്മ, ബി.പി.ഒ കെ.എന്‍ ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ കെ.സുധ, ഹെഡ്മിസ്ട്രസ് വി.വി ഓമന, ഫാ. ജോജി കെ.ജോയി, രമണിക്കുട്ടി ടീച്ചര്‍, ബി.ശ്രീകുമാര്‍, റോബിന്‍ ബേബി, വികാസ് ടി.നായര്‍, കെ.കെ റെജി, എസ്.പ്രസന്നകുമാര്‍, സന്തോഷ് പാപ്പച്ചന്‍, ഡി.രാധാകൃഷ്ണന്‍ നായര്‍, സി.കെ ശശികുമാര്‍, സി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: keralam, Education revolution,
English summary
Kerala should prepare for the Second Education Revolution: Speaker P Sree Ramakrishnan
topbanner

More News from this section

Subscribe by Email