Tuesday May 21st, 2019 - 8:17:am
topbanner
topbanner

ഉദ്യോഗസ്ഥ, രാഷ്ട്രീയതലങ്ങളില്‍ അഴിമതി കുറഞ്ഞു: മന്ത്രി ഇ. ചന്ദ്രശേഖരന്‍

NewsDesk
ഉദ്യോഗസ്ഥ, രാഷ്ട്രീയതലങ്ങളില്‍ അഴിമതി കുറഞ്ഞു: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലും താരതമ്യേന അഴിമതി കുറഞ്ഞുവരികയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൊതുഭരണവകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രഖ്യാപിത നയനിലപാടാണ് അഴിമതിരഹിത ഭരണം. അതിന്റെ പ്രതിഫലനം സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും ഭരണാധികാരികള്‍ ബോധപൂര്‍വം ഇടപെടുമെന്ന ധാരണയുണ്ടാവുകയും പിടിക്കപ്പെടുമ്പോള്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുണ്ടാകുകയും ചെയ്താല്‍ കുറേയേറെ പരിഹാരമുണ്ടാകും. നിയമത്തിന്റെ കാര്‍ക്കശ്യവും ധാര്‍മികതയും കൊണ്ടുമാത്രം അഴിമതി ഇല്ലായ്മ ചെയ്യല്‍ നടപടികള്‍ അവസാനിക്കില്ല. അഴിമതി നിര്‍മാര്‍ജനം അസാധ്യവുമല്ല. ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാലും ഭരണാധികാരികളുടെ

ഇച്ഛാശക്തിക്കും വലിയ അളവില്‍ അഴിമതിക്ക് മാറ്റം വരുത്താനാകും. ദൈനംദിനം ബന്ധപ്പെടുന്ന മേഖലകളില്‍ ഉണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനം ഭരണത്തെ വിലയിരുത്തുക. അത്തരം സ്ഥലങ്ങളില്‍ നിന്ന് നല്ലരീതിയില്‍ ഒരു പെരുമാറ്റമുണ്ടായാല്‍തന്നെ ജനം സംതൃപ്തരാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന് ദേഹാസ്വാസ്ഥ്യമായതിനാല്‍ എത്താന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.

ജനാധിപത്യസമ്പ്രദായത്തില്‍ പണത്തിന്റെയോ, മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങളുടെയോ പേരില്‍ ആളുകള്‍ക്ക് പ്രത്യേക പരിഗണനയോ, പ്രത്യേക ആനുകൂല്യങ്ങളോ ലഭിക്കുമ്പോള്‍ അവിടെ അഴിമതി അരങ്ങേറുകയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. അഴിമതി നിര്‍മാര്‍ജന നടപടികള്‍ക്ക് ഭരണ പരിഷ്‌കാര കമ്മീഷന്‍ പരമപ്രാധാന്യമാണ് നല്‍കുന്നത്. പൊതുജനങ്ങളിലും, വിവിധ വകുപ്പുകളിലും നിന്ന് നിര്‍ദ്ദേശങ്ങളും, പരാതികളും സ്വീകരിച്ച് പരിശോധനയുള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് പോകുമെന്ന് വി.എസ് അറിയിച്ചു.

ആധുനികവത്കരണത്തിലൂടെയും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയും അഴിമതി കുറച്ചുകൊണ്ടുവരാനായിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. നിഷ്‌ക്രിയരായി ഇരുന്ന് ജനങ്ങള്‍ക്കുള്ള സേവനം നല്‍കാതെ ഇരിക്കുന്നതും അപകടകരമായ ചിന്തയാണ്. ആവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സജീവമാവുകയാണ് വേണ്ടത്. നടപടിക്രമങ്ങള്‍ ജനസേവനത്തിന് തടസ്സമാകാതെ സുതാര്യതയോടെ വേഗത്തില്‍ നടപ്പാക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ആത്മാഭിമാനമില്ലാത്തവരാണ് അഴിമതി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പൊതുഭരണ, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി സത്യജീത് രാജന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി നന്ദിയും പറഞ്ഞു.

Read more topics: E Chandrasekharan, bribery,
English summary
E Chandrasekharan about bribery in kerala
topbanner

More News from this section

Subscribe by Email