Wednesday January 16th, 2019 - 5:09:am
topbanner

കണ്ണൂർ ജില്ലാ കൃഷിഫാമിന്റെ അതിഥിമന്ദിരം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വിഐപികളെ വരവേല്‍ക്കാനൊരുങ്ങുന്നു

NewsDesk
കണ്ണൂർ ജില്ലാ കൃഷിഫാമിന്റെ അതിഥിമന്ദിരം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വിഐപികളെ വരവേല്‍ക്കാനൊരുങ്ങുന്നു

കണ്ണൂർ: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ജില്ലാ കൃഷിഫാം അതിഥിമന്ദിരം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വിഐപികളെ വരവേല്‍ക്കാനൊരുങ്ങുന്നു. 1905 ല്‍ കരിമ്പം ജില്ലാ കൃഷിഫാം സ്ഥാപകനായ ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ തന്റെ താമസത്തിനായി നിര്‍മ്മിച്ച ബാര്‍ബര്‍ ബംഗ്ലാവാണ് കാല്‍നൂറ്റാണ്ട്കാലം അടച്ചിട്ടശേഷം അറ്റകുറ്റപ്പണികള്‍ നടത്തി തുറക്കാനൊരുങ്ങുന്നത്.

1992 ല്‍ കെയര്‍ടേക്കര്‍ വിരമിച്ചതോടെ നോക്കിനടത്താന്‍ ആളില്ലാത്തതിനാല്‍ അടച്ചിട്ട ബംഗ്ലാവ് ഏറെനാളത്തെ മുറവിളിക്ക് ശേഷമാണ് ജില്ലാ പഞ്ചായത്ത് പുനരുദ്ധരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും തേക്ക്തടികളില്‍ നിര്‍മ്മിച്ച ഈ ബംഗ്ലാവ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ദ്രവിച്ച് നിലംപൊത്താറായ അവസ്ഥയിലായിരുന്നു.

പ്രഥമപ്രധാനമന്ത്രി മകള്‍ ഇന്ദിരാഗാന്ധിക്കൊപ്പം താമസിച്ച സ്ഥലമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടം പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് 2015 ല്‍ 25 ലക്ഷം രൂപ ചെലവില്‍ ഒന്നാംഘട്ടം നവീകരണം നടന്നത്. സായ്പ് ഉപയോഗിച്ച കുതിരലായം, കുശിനി എന്നിവ കൂടി നവീകരിച്ച് വിഐപികള്‍ക്കുള്ള താമസസ്ഥലമാക്കി മാറ്റുന്നതിന് സൗന്ദര്യവല്‍ക്കരണം നടത്താന്‍ ഈ വര്‍ഷം 60 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.

ചുറ്റുമതിലും പുല്‍ത്തകിടിയും ഉള്‍പ്പെടെ നിര്‍മ്മിച്ച് ജില്ലയിലെത്തുന്ന വിഐപികള്‍ക്ക് താമസിക്കാനുള്ള പഞ്ചനക്ഷത്രനിലവാരമുള്ള അതിഥിമന്ദിരമായിട്ടാണ് ഫാം റസ്റ്റ്ഹൗസ് മാറുന്നത്. രണ്ട് മുറികളുള്ള ഈ ബംഗ്ലാവ് വിഐപികള്‍ക്ക് മാത്രം ഉയര്‍ന്ന വാടകനിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാര്‍ വി.കെ.സുരേഷ്ബാബു പറഞ്ഞു.

ഇതിന്റെ നടത്തിപ്പിനായി പ്രത്യേക നിയമാവലി തന്നെയുണ്ടാക്കിയശേഷമായിരിക്കും താമസസൗകര്യമൊരുക്കുക. ജൂണ്‍മാസത്തോടെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും. ഏറെ പ്രത്യേകതകളുള്ള ഈ മന്ദിരത്തിന്റെ അടുക്കളയും തനിമ നിലനിര്‍ത്തിയാണ് പുനരുദ്ധരിക്കുന്നത്.

ഒരേ നിരയില്‍ അഞ്ച് അടുപ്പുകളുള്ള അടുക്കളയും സ്റ്റോര്‍റൂമും ഉള്‍പ്പെടുന്ന കുശിനിയില്‍ നിന്നുള്ള പുക പുറത്തേക്ക് പോകുന്നതിന് ചിമ്മിനിയും നിര്‍മ്മിച്ചിട്ടുണ്ട്.  ഒരുകാലത്ത് ജില്ലയിലെത്തിയ രാഷ്ട്രപതി വി.വി.ഗിരിയും ഗവര്‍ണ്ണര്‍മാരും മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിവിഐപികളും മാത്രം താമസിച്ച ഈ ബംഗ്ലാവ് വീണ്ടും പ്രമുഖരുടെ വിശ്രമമന്ദിരമാകുമ്പോള്‍ പോയകാലഘട്ടത്തിന്റെ തിരിച്ചുവരവായിട്ടാണ് നാട്ടുകാര്‍ ഇതിനെ നോക്കിക്കാണുന്നത്.

കണ്ണൂരില്‍ ഗസ്റ്റ്ഹൗസ് ഉണ്ടായിരുന്നിട്ടും ചൂടുംതണുപ്പും ഏശാത്ത ഈ ബ്രിട്ടീഷ് വാസ്തുമന്ദിരത്തില്‍ താമസിക്കാനായിരുന്നു പലരും കൊതിച്ചിരുന്നത്. അതിഥിമന്ദിരത്തെ വലംവെക്കുന്ന 113 വര്‍ഷം പഴക്കമുള്ള മാന്തോപ്പുകളും ഈ പൗരാണികമന്ദിരത്തിന് മറ്റൊരിടത്തുമില്ലാത്ത പ്രൗഡിയാണ് പകര്‍ന്നുനല്‍കുന്നത്.

 

English summary
District Agricultural Farm Kannur Guest house
topbanner

More News from this section

Subscribe by Email