Saturday March 23rd, 2019 - 6:16:am
topbanner
topbanner

ആളെയിറക്കി തല്ലിക്കുമെന്നു പോലീസ്; കണ്ണൂരിൽ മാധ്യമ പ്രവർത്തകയെ ഭീഷണിപ്പെടുത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Mithun muyyam
ആളെയിറക്കി തല്ലിക്കുമെന്നു പോലീസ്; കണ്ണൂരിൽ മാധ്യമ പ്രവർത്തകയെ  ഭീഷണിപ്പെടുത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതിന്റെ പേരില്‍ ടിവി ചാനല്‍ ലേഖികയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കണ്ണൂർ ലേഖിക വിനീത, ഭര്‍ത്താവും പൊലീസുകാരനുമായ സുമേഷ് എന്നിവരെയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നു ഭീഷണിപ്പെടുത്തിയത്. ഇവർക്കെതിരെ വ്യാപകമായി അപകീർത്തി പ്രചാരണവും നടക്കുന്നുണ്ട്. ഇതോടെ കണ്ണൂർ എസ്.പിക്ക് പരാതി നല്കുകയായിരുന്നു. 1നു രാവിലെ ക്രൈം ബ്രാഞ്ച് സംഘം ഇവരോട് ഹാജരാകാൻ ആവിശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി പത്രത്തില്‍ വിനീതയ്ക്കു എതിരെ വാര്‍ത്തകൽ നൽകുന്നുണ്ട്. ഇത് ഭീഷണി വർധിക്കാൻ കാരണമായതായും നവ മാധ്യമങ്ങളിൽ ഉൾപ്പടെ അപകീർത്തിപ്പെടുത്തൽ തുടരുകയാണെന്നും വിനീത 'കേരള ഓൺലൈൻ ന്യൂസി'നോട് പറഞ്ഞു. ദേശാഭിമാനിയില്‍ പേരുനല്‍കാതെയാണ് വാര്‍ത്ത എങ്കിലും കണ്ണൂരിലെ വനിതാ മാധ്യമ പ്രവർത്തക എന്ന വിശേഷണത്തിലൂടെ ഇവരെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.ഇതിലൂടെ പത്രം ഇത്തരമൊരു പ്രചരണത്തിന് എരിവുകൂട്ടി.

ഇതോടെ വിനീതയ്ക്കും പേരാവൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവ് സുമേഷിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണങ്ങള്‍ തുടങ്ങുകയായിരുന്നു. സുമേഷിന്റെ ഫോട്ടോ സഹിതം സിപിഎം പ്രവര്‍ത്തകരുടെ വാട്സാപ് ഗ്രൂപ്പുകളിലും ഫേസ്ബുക് പേജുകളിലും വലിയതോതില്‍ പ്രചാരണവുമുണ്ടായി. സുമേഷിനെ വീട്ടില്‍ കയറി ആക്രമിക്കുമെന്നും മറ്റും സിപിഎം അനുകൂല പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിലും ഭീഷണിയുണ്ടായി. ഇന്റര്‍നെറ്റ് കോളുകളിലും വിനീതയ്ക്കു ഭീഷണികള്‍ എത്തി. . ഇതോടെ ജില്ലാ പൊലീസ് മേധാവിക്കു വിനീത പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ ഘടകം പ്രതിഷേധിക്കുകയും ചെയ്തു.

ഷുഹൈബ് വധത്തിനു ശേഷം സിപിഎം വന്‍ പ്രതിരോധത്തിലായതോടെയാണ് സംഭവത്തില്‍ വാര്‍ത്തകള്‍ നിരന്തരം വരുന്നത് പാര്‍ട്ടിക്ക് തലവേദനയായത്. ഇതോടെയാണ് ദേശാഭിമാനി 'വിദഗ്ധ അന്വേഷണം' നടത്തി വിനീതയും സുമേഷുമാണ് വാര്‍ത്തകള്‍ ചോര്‍ത്തുന്ന ഗൂഢസംഘം എന്ന നിലിയല്‍ വാര്‍ത്ത നല്‍കുകയും അതിന് പിന്നാലെ ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നേരത്തെ തുടങ്ങിയ അപവാദ പ്രചരണം കൂടുതല്‍ ശക്തമായി.

വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടോടെയായിരുന്നു ദേശാഭിമാനി വാര്‍ത്ത. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയെന്നും മുഖ്യ ഉറവിടം അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു വാര്‍ത്ത. കോണ്‍ഗ്രസ് അനുകൂലികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചില മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സംഘമെന്നും ദേശാഭിമാനി കണ്ടെത്തി.

ഇവരുടെ ഫോണ്‍രേഖകള്‍ ശേഖരിച്ച്‌ വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാവുകൂടിയാണ് സുമേഷ്, ഇതോടെയാണ് വാര്‍ത്തകള്‍ ചോര്‍ത്തിയെന്ന പേരില്‍ സുമേഷിനെതിരെയും വിനീതയ്ക്ക് എതിരെയും കൂട്ടായ പ്രചരണവും ഭീഷണിയും മുഴക്കിയതും അതിന് ആക്കംകൂട്ടി ദേശാഭിമാനി വാര്‍ത്ത നല്‍കിയതുമെന്നാണ് വിവരം.പ്രമുഖ ചാനലിലെ വനിതാ റിപ്പോര്‍ട്ടര്‍ ആദ്യം ബ്രേക്കിങ് ന്യൂസ് നല്‍കുമെന്നും തുടര്‍ന്ന് മറ്റ് ചാനലുകള്‍ വാര്‍ത്ത ഏറ്റെടുക്കുമെന്നും ഇങ്ങനെയാണ് സിപിഎമ്മിനെതിരെ കടന്നാക്രമണം നടക്കുന്നതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. മലയോര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് വിവരം നല്‍കുമെന്നും ഇയാളാണ് ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് സിപിഎം വിരുദ്ധ നുണബോംബുകള്‍ സൃഷ്ടിക്കുന്നതെന്നുമായിരുന്ന ആക്ഷേപം.

ഇതോടൊപ്പം മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്ത ചോര്‍ത്തുന്ന പൊലീസുകാരെയും തല്ലാന്‍ വാട്സ്‌ആപ് വഴി സിപിഎം അനുകൂല പൊലീസുകാര്‍ 'ക്വട്ടേഷന്‍ ചര്‍ച്ച' നടത്തിയതും പുറത്തുവന്നു. പാര്‍ട്ടി അനുകൂലികളായ പൊലീസുകാരാണ് വാട്സ് ആപ് കൂട്ടായ്മയിലൂടെ ചര്‍ച്ച നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ വീടുകയറി തല്ലാന്‍ ക്വട്ടേഷന്‍ എടുക്കാമെന്നാണ് ഒരാള്‍ പറയുന്നത്. പേരെടുത്തുപറഞ്ഞും പൊലീസുകാരുടെ പടങ്ങളിട്ടുമാണ് പ്രചരമം നടത്തിയത്. ഇതും ചര്‍ച്ചയാവുകയാണ്. എആര്‍ ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പൊലീസുകാര്‍ അംഗങ്ങളായ ഡ്യൂട്ടി ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് ഇത്തരമൊരു ചര്‍ച്ച നടന്നത്. 'ക്വാര്‍ട്ടേഴ്സില്‍ കയറി തച്ചാലോ.. ആളെ ഏര്‍പ്പാടാക്കാം.. 'എന്നുപറഞ്ഞാണ് സുമേഷിനെ ആക്രമിക്കുമെന്ന് വെല്ലുവിളിയും ഉണ്ടായത്. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും തന്റെ ഒഫീഷ്യല്‍ നമ്ബര്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നതായി സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് വിനീത ക്രൈം ബ്രാഞ്ചിന് പരാതി നല്‍കിയിട്ടുള്ളത്.

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഏകപക്ഷീയമായി വാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ച് നഗരത്തിലുടനീളം സിപിഐഎം പ്രകോപനപരമായ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാധ്യമവേശ്യകളേ എന്ന അഭിസംബോധനയോടെയാണ് മിക്ക ഫ്ളക്സുകളിലും പരാമര്‍ശങ്ങള്‍. ധനരാജിനെ വെട്ടിനുറുക്കുമ്ബോഴും കെ വി സുധീഷെനെ 38 വെട്ടുകളാല്‍ കൊലപ്പെടുത്തുമ്ബോഴും മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുകയായിരുന്നുവെന്നാണ് ഒരിടത്തെ ആരോപണം.

ശിബിനെ ലീഗുകാര്‍ വെട്ടിനുറുക്കിയപ്പോള്‍ ഇപ്പോള്‍ ശുഹൈബിന് വേണ്ടി ഓരിയിടുന്ന ആരെയും കണ്ടിരുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. വലതുപക്ഷ മാധ്യമ മേലാളന്മാര്‍, കമ്മ്യൂണിസ്റ്റുകാരെ അരുംകൊല ചെയ്യുമ്ബോള്‍ അന്ധരാകുന്ന വലതുപക്ഷ മാധ്യമ തമ്പുരാക്കന്മാര്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് സിപിഐഎം പ്രചാരണങ്ങളിലുടനീളം ഉയര്‍ത്തുന്നത്. ഇതിനുപുറകേ സിപിഐഎം നിയന്ത്രണത്തിലുള്ള സൈബര്‍ ഗ്രൂപ്പുകളിലും ഗുരുതരമായ ആരോപണങ്ങളുയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരോക്ഷ ആഹ്വാനമാണിതെന്ന് സംശയിക്കുന്നതായി കണ്ണൂരിലെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

Read more topics: kannur, threat, Crime Branch, police,
English summary
The Crime Branch will investigate the threat OF journalist
topbanner

More News from this section

Subscribe by Email