കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെഅറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ഒമ്ബതാം ദിവസത്തിലേക്ക് കടന്നു. സിറോ മലബാര്‍ സഭയിലെ വൈദികരടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു. അതിനിടെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ രംഗത്ത്. ഇതോടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുമെന്നത് ഉറപ്പ്.
കന്യാസ്ത്രീയെ ആദ്യം മാനഭംഗപ്പെടുത്തിയത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന് വെളിപ്പെടുത്തല്‍. 2014 മേയ് അഞ്ചിനാണ് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20-ാം നമ്പര്‍ മുറിയില്‍ കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യം പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാല്‍, നാളത്തെ ചടങ്ങില്‍ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിര്‍ബന്ധപൂര്‍വ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
അടുത്തദിവസം കാലടിയിലെ ഒരു പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാനായി കന്യാസ്ത്രീ ബിഷപ്പിനൊപ്പം കാറില്‍ കയറുമ്പോള്‍ കരച്ചിലായിരുന്നു. പള്ളിയില്‍ വച്ച് ബന്ധുക്കള്‍ കാരണം ചോദിച്ചപ്പോള്‍ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു.
പിന്നീട് ഫ്രാങ്കോ പല തവണ ഭീഷണിപ്പെടുത്തി സിസ്റ്ററെ പീഡിപ്പിക്കുകയായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി. പീഡനത്തിന് ഇരയായ കന്യാസത്രീയെ അനുപമയും സഹപ്രവര്‍ത്തകരും അമ്മയെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് അവരുടെ പീഡനത്തില്‍ അതിശക്തമായ നിലപാട് അനുപമയും കൂട്ടുകാരും എടുത്തത്.
ഒരിക്കലും സഭയക്കെതിരല്ല. സഭയില്‍ നിന്ന് നീതി ലഭിച്ചിരുന്നുവെങ്കില്‍ തെരുവിലിറങ്ങുകയില്ലായിരുന്നു. അന്ന് കേരളത്തിന്റെ ഇന്‍ചാര്‍ജും കുറവിലങ്ങാട് കമ്മ്യൂണിറ്റിയുടെ മദര്‍ സുപ്പീരിയറുമായിരുന്നു പരാതിക്കാരി. പിന്നീട് ഫ്രാങ്കോയുടെ കേരളത്തിലെ പരിപാടികള്‍ മദര്‍ ജനറല്‍ റെജീന വിളിച്ചറിയിക്കും.
അതിനിടെ കന്യാസ്ത്രീ നല്കിയ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി രേഖപ്പെടുത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ് പൊലീസ്. ഫ്രാങ്കോയെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് ഫ്രാങ്കോ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അദ്ദേഹം ചൊവ്വാഴ്ച കേരളത്തില്‍ എത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യുന്നത് എവിടെ വെച്ചായിരിക്കുമെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനില്ക്കാന് ഫ്രാങ്കോ മുളയ്ക്കലിനോട് വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും ശക്തമായി. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.