Tuesday March 19th, 2019 - 10:50:pm
topbanner
topbanner

കാലവര്‍ഷക്കെടുതി നേരിടാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി

bincy
കാലവര്‍ഷക്കെടുതി നേരിടാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി മൂലമുള്ള സംസ്ഥാനത്തെ അതീവ ഗൗരവകരമായ സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും.

മുമ്പില്ലാത്ത തോതില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും വലിയ നാശനഷ്ടങ്ങളുണ്ട്. ജലനിരപ്പ് ഉയരുന്നതുകൊണ്ട് സംസ്ഥാനത്തെ മിക്ക ഡാമുകളും തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടും കക്കി അണക്കെട്ടും തുറക്കേണ്ട സാഹചര്യമുണ്ടായി. ഇടമലയാര്‍ ഡാമും തുറന്നിട്ടുണ്ട്. 22 ലേറെ ഡാമുകള്‍ തുറക്കേണ്ടിവരുന്നത് ആദ്യമാണ്.
ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് എന്നിവയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലേക്ക് ആര്‍മി നീങ്ങി. വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) മൂന്ന് സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രംഗത്തുണ്ട്. രണ്ട് സംഘങ്ങള്‍ കൂടി വരുന്നു. ഇതിനുപുറമെ ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെക്കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍മിക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ബാംഗ്ലൂരില്‍ നിന്ന് അടിയന്തിരമായി വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്തിയാല്‍ റോഡ് മാര്‍ഗം കൂടുതല്‍ കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് കൊണ്ടുപോകും.

അടുത്ത രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍. ഇടുക്കി ഡാം തുറക്കാനുളള ട്രയല്‍ റണ്‍ തുടങ്ങി. കക്കി ഡാമും തുറക്കേണ്ടിവരുമ്പോള്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആഗസ്റ്റ് 11-ന് നടത്താന്‍ നിശ്ചയിച്ച നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചിട്ടുണ്ട്. പുതിയതീയതി പിന്നീട് അറിയിക്കും.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും ജനപ്രതിനിധികളെ സജീവമായി പങ്കാളികളാക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പ്രവേശിക്കരുത്. ഇത്തരം സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമേ പോകാവൂ. അല്ലെങ്കില്‍ അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ദുരന്തസ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനും ജനങ്ങള്‍ പോകരുത്.

വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണം. വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിലേക്ക് പോകരുത്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ വാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളം കയറിയ സ്ഥലങ്ങളില്‍ വാവുബലിയുടെ ചടങ്ങുകള്‍ നടത്തുമ്പോള്‍ അതീവജാഗ്രത വേണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. ദുരിതാശ്വാസത്തിന് പോലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും സജീവമായി രംഗത്തുണ്ട്.

എം.എല്‍.എ മാരും മറ്റ് ജനപ്രതിനിധികളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസത്തിന് സാധാരണയില്‍ കവിഞ്ഞ സഹായങ്ങള്‍ ആവശ്യമായതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കി സ്ഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ പ്രത്യേകയോഗം ചേര്‍ന്നു. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി മൂലമുള്ള നിലവിലെ അവസ്ഥ യോഗം വിലയിരുത്തി. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Viral News

Read more topics: pinarayi vijayan, rain,
English summary
chief minister pinaryi vijayan about heavy rain issues
topbanner

More News from this section

Subscribe by Email