Sunday September 23rd, 2018 - 10:24:am
topbanner

ആരു ജയിച്ചാലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിന് പ്രാധാന്യമെന്ന് കണ്ണന്താനം

NewsDesk
ആരു ജയിച്ചാലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിന് പ്രാധാന്യമെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: മേഘാലയയില്‍ കേവലം രണ്ടു സീറ്റുകള്‍ മാത്രമുള്ള ബിജെപി പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കവെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പദ്ധതി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പിക്കേണ്ടതുമുണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ ജയത്തിന് ഞങ്ങള്‍ വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണ സമയത്ത് ബിജെപി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ വോട്ടുബാങ്കുള്ള മേഘാലയയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ആണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ സഖ്യചര്‍ച്ചകള്‍ നടത്തിയ ബിജെപി അഞ്ചോളം പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മേഘാലയയില്‍ ഭരണം ഉറപ്പാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജ്ജു, അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ എന്നിവരാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 47 സീറ്റുകളില്‍ മല്‍സരിച്ച് രണ്ടു സീറ്റു മാത്രമേ നേടാനായിരുന്നുള്ളൂവെങ്കിലും പ്രാദേശിക കക്ഷികള്‍ പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഇവിടെ സര്‍ക്കാര്‍ രൂപീകരണം സാധ്യമായത്.

19 സീറ്റ് നേടിയ എന്‍പിപിക്കൊപ്പം രണ്ടു സീറ്റുള്ള ബിജെപിയും എട്ടു സീറ്റുള്ള യുഡിപി സഖ്യവും ചേര്‍ന്നാണ് 29 സീറ്റ് ആയത്. ഇവര്‍ക്കു കെഎച്ച്എന്‍എഎമ്മിന്റെ ഒരു എംഎല്‍എയുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയും ലഭിക്കുമെന്നാണു സൂചന. ഇതോടെ 33 പേരുടെ ഭൂരിപക്ഷവുമായി സഖ്യം സുരക്ഷിതനിലയിലെത്തും.

Read more topics: Alphons Kannanthanam, meghalaya
English summary
Alphons Kannanthanam proves right pick in meghalaya
topbanner

More News from this section

Subscribe by Email