Wednesday March 20th, 2019 - 9:11:pm
topbanner
topbanner

കേന്ദ്രസര്‍ക്കാരല്ല,ദൈവം പറഞ്ഞാല്‍ പോലും അനുസരിക്കാത്തവരാണ് ടയര്‍ കമ്പനികളെന്ന്: അല്‍ഫോന്‍സ് കണ്ണന്താനം

NewsDesk
കേന്ദ്രസര്‍ക്കാരല്ല,ദൈവം പറഞ്ഞാല്‍ പോലും അനുസരിക്കാത്തവരാണ് ടയര്‍ കമ്പനികളെന്ന്: അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം : കേന്ദ്രസര്‍ക്കാരല്ല, ദൈവം പറഞ്ഞാല്‍ പോലും അനുസരിക്കാത്തവരാണ് ടയര്‍ കമ്പനികളെന്ന് സാറിനും അറിയാമല്ലോ . സിവില്‍ സര്‍വീസില്‍ തന്റെ മുന്‍ഗാമിയും മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ.സിറിയക് തോമസിനോട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരമാണിത്.

പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തില്‍ റബര്‍ കര്‍ഷകരുമായുള്ള കൂടിക്കാഴ്ച്ചക്കിടെയാണ് കേന്ദ്രമന്ത്രിയുടെ ഏവരെയും ചിരിപ്പിച്ച കമന്റ്. ലോകവ്യാപാര കരാറു മൂലം റബര്‍ ഇറക്കുമതി നിരോധിക്കാനോ ഇറക്കുമതിച്ചുങ്കം കുറക്കാനോ സാധിക്കില്ലെന്ന ആമുഖത്തോടെയാണ് മന്ത്രി പരിപാടി ആരംഭിച്ചത്.

എന്നാല്‍ ഇറക്കുമതി ചെയ്യുന്ന അതേ നിരക്കില്‍ തദ്ദേശീയരായ കര്‍ഷകരില്‍ നിന്ന് റബര്‍ സംഭരിക്കാന്‍ ടയര്‍ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കണമെന്ന് കര്‍ഷക പ്രതിനിധികളും ഡോ.സിറിയക് തോമസും നിര്‍ദേശിച്ചത്തോടാണ് തന്റെ നിസഹായാവസ്ഥ അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചത്. ഇതുള്‍പ്പെടെ റബര്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

റബര്‍ ഇറക്കുമതിക്ക് സുരക്ഷാച്ചുങ്കം ഏര്‍പ്പടുത്തുന്ന കാര്യം പരിഗണിക്കും. ഇതു സംബന്ധിച്ച നടപടികള്‍ ഏറെ സങ്കീര്‍ണമാണ്. ലോകവ്യാപാര കരാറിലെ വ്യവസ്ഥകള്‍ ഇതിന് തടസമാകുന്ന വ്യവസ്ഥകളുണ്ടോയെന്ന് പരിശോധിക്കും. റബര്‍ സംഘങ്ങളെ ജി.എസ്.ടി രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ജി.എസ്.ടി കൗണ്‍സിലിന്റെ പരിഗണനക്ക് വിടും. മുമ്പ് പ്രഖ്യാപിക്കപ്പെട്ട ദേശീയ റബര്‍ നയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാച്ചുങ്കം ഏര്‍പ്പെടുത്തുന്നതിന് ഒരു കരാറും തടസമാകില്ലെന്നും കേന്ദ്രവാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇത് തടസപ്പെടുത്തുകയാണെന്നും സിറിയക് തോമസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരും എം.പിമാര്‍ വരെയും ടയര്‍ കമ്പനികളുടെ സ്വാധീനവലയത്തില്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.റബര്‍ കര്‍ഷകര്‍ ടയര്‍ വ്യവസായത്തിന്റെ ഇരകള്‍ മാത്രമായി തുടരാതെ മറ്റ് സാധ്യതകള്‍ തേടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റബര്‍ കൃഷിയിടങ്ങളെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉല്‍പ്പാദനച്ചിലവ് കുറക്കുന്നതിന് ഇത് വലിയൊരളവ് വരെ സഹായകരമാകുമെന്നത് പരിഗണിച്ചാണിത്. ദേശീയ പാതകളുള്‍പ്പെടെയുളള റോഡുകള്‍ റബറൈസ് ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശം കേന്ദ്രഉപരിതല ഗതാഗത,ഗ്രാമവികസന മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കും.

നിലവില്‍ ഇതു സംബന്ധിച്ച റബര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഈ മന്ത്രാലയങ്ങളുടെ പരിഗണയിലാണ്. റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് ചിലവ് ചുരുക്കലിന്റെ ഭാഗമായാണെന്നും മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ബോര്‍ഡ് യോഗം ഈ നടപടികള്‍ നിര്‍ത്തി വക്കാന്‍ തീരുമാനിച്ചിരുന്നതായും റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.അജിത് കുമാര്‍ അറിയിച്ചു. ആയുധനിര്‍മ്മാണത്തിലുള്‍പ്പെടെ പ്രതിരോധ രംഗത്തും റബര്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ റീപ്ലാന്റിംഗിന് കേന്ദ്രസഹായ വര്‍ധിപ്പിക്കുക, റബര്‍ കൃഷിയോടനുബന്ധിച്ച് ഫാം ടൂറിസം പ്രോല്‍സാഹിപ്പിക്കുക, തേനീച്ച വളര്‍ത്തല്‍ , കൃഷിയില്‍ ജൈവരീതി പ്രയോഗത്തില്‍ കൊണ്ടു വരിക, ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിര്‍ദേശങ്ങളും റബര്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ഉന്നയിച്ചു. ഇവരുടെ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു.

എന്‍. രാജഗോപാല്‍ (സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്, റബര്‍ബോര്‍ഡ്),ഡോ. ജെയിംസ് ജേക്കബ് (ഡയറക്ടര്‍, ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രം) എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലുടനീളമുള്ള റബറുത്പാദകസംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത റബര്‍കര്‍ഷകര്‍, കര്‍ഷകസംഘടനകളായ യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (ഉപാസി), അസ്സോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് കേരള, നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്, റബര്‍കര്‍ഷക സംരക്ഷണ സമിതി തുടങ്ങിയവയുടെ പ്രതിനിധികള്‍, റബര്‍ബോര്‍ഡ് അംഗങ്ങള്‍,റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Viral News

English summary
central minister Alphons Kannanthanam against tire company about rubber price
topbanner

More News from this section

Subscribe by Email