Thursday October 18th, 2018 - 5:16:pm
topbanner
Breaking News

വിമാന ടിക്കറ്റ് തട്ടിപ്പ്: കണ്ണൂര്‍ ചെറുപുഴ സ്വദേശി ഷമീര്‍ മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങി

NewsDesk
വിമാന ടിക്കറ്റ് തട്ടിപ്പ്: കണ്ണൂര്‍ ചെറുപുഴ സ്വദേശി ഷമീര്‍ മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങി

തൃശൂര്‍: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഖത്തറില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം നല്‍കി ചാവക്കാട്ടെ മൂന്നു സഹോദരന്മാരില്‍ നിന്നുള്‍പ്പെടെ കോടികള്‍ തട്ടിയ കേസിലെ ഒന്നാം പ്രതിയായ കണ്ണൂര്‍ ചെറുപുഴക്കടുത്ത് അരിയിരുത്തി അലവേലി ഷമീര്‍ മുഹമ്മദിനെയാണ് ചാവക്കാട് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്.

ഖത്തറില്‍ ജോലി ചെയ്യുന്ന പാലയൂര്‍ സ്വദേശി പുതുവീട്ടില്‍ മുഹമ്മദിന്റെ മക്കളായ ജാഫര്‍ സാദിഖ് (44), ഷംസാദ് (38), ശിഹാസ് (33) എന്നിവരുടെ പരാതിയിലാണ് ഷമീര്‍ അറസ്റ്റിലാകുന്നത്. ജാഫറിന്റെയും സഹോദരന്മാരുടെയും 88 ലക്ഷം തട്ടിയെന്നാണു പരാതി. ഷമീറിന്റെ അനുജന്‍ ഷമീം മുഹമ്മദ് എന്നിവക്കെര്‍ക്കെതിരേയാണ് പരാതി.

ഷമീം മുഹമ്മദിനെ കഴിഞ്ഞ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലെത്തിച്ചു. കണ്ണൂര്‍ ചെറുപുഴയിലെ ട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ചാണ് വിമാനടിക്കറ്റ് തട്ടിപ്പ് നടന്നത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് കുറച്ച് കിട്ടുമെന്നും ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാമെന്നും പറഞ്ഞാണ് ഷമീര്‍ മുഹമ്മദ് ഖത്തറില്‍ തട്ടിപ്പ് നടത്തി മുങ്ങിയിരുന്നത്.

പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്, നജീബ് എന്നിവര്‍ നല്‍കിയ പരാതിയില്‍ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഖത്തറില്‍നിന്ന് ദുബൈയിലേക്ക് കടന്ന് നാട്ടിലെത്തി ഷമീര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഒന്നാം പ്രതിയുടെ ഭാര്യയാണ് കേസിലെ മൂന്നാം പ്രതി. ഇവര്‍ ഒളിവിലാണ് ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. നാലാംപ്രതിയും ചെറുപുഴയിലെ കോസ്‌മോ ട്രാവല്‍സിന്റെ ഉടമയുമായ ഷിജാദും ഒളിവിലാണ്.
നാലുവര്‍ഷത്തോളം ഖത്തറിലെ സ്വകാര്യ കമ്പനിയുടെ ഗതാഗത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഷമീര്‍ മുഹമ്മദാണ് ആളുകളുമായി വ്യക്തിബന്ധം സ്ഥാപിച്ച് തന്ത്രപരമായി തട്ടിപ്പിന് കളമൊരുക്കിയത്.

ചാവക്കാട് സ്വദേശികളുടെ 88 ലക്ഷം കൂടാതെ 600 മലയാളികളില്‍ നിന്നായി ഒന്നരക്കോടി രൂപയാണ് ഇയാളും കൂട്ടാളികളും തട്ടിയത്. ഷമീറിന്റെ വാക്കില്‍ വിശ്വസിച്ച് പലരും പണം മുന്‍കൂറായി നല്‍കി തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമടക്കം ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അത്തരത്തിലാണ് ജാഫര്‍ സാദിഖും സഹോദരങ്ങളും പെട്ടത്.

English summary
Air fare fraud: Shamir Mohammed from Kannur custody
topbanner

More News from this section

Subscribe by Email