Sunday February 17th, 2019 - 1:34:pm
topbanner

യാക്കോബായ സഭയില്‍ വീണ്ടും പൊട്ടിത്തെറി; സഭയുടെ കാശ് ധൂര്‍ത്ത് അടിച്ചു

RA
യാക്കോബായ സഭയില്‍ വീണ്ടും പൊട്ടിത്തെറി; സഭയുടെ കാശ് ധൂര്‍ത്ത് അടിച്ചു

സ്‌കറിയാ തോമസ്

കൊച്ചി: യാക്കോബായ സഭയില്‍ വീണ്ടും പൊട്ടിത്തെറിക്ക് കളം ഒരുങ്ങുന്നു. സഭയുടെ കാശ് ധൂര്‍ത്ത് അടിച്ചതാണ് പുതിയ പൊട്ടിത്തെറിയിലേയ്ക്ക് നയിക്കുന്നത്.11 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വിശ്വാസികളെ ഞെട്ടിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഒരു വിഭാഗം എതീര്‍പ്പുമായി രംഗത്ത് എത്തിയതോടെ വ്യാഴാഴ്ച അടിയന്തിര വര്‍ക്കിംഗ് കമ്മറ്റി വിളിച്ചു ചേര്‍ക്കാന്‍ സഭാ നേത്യത്വം തീരുമാനിച്ചു.

ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. വരവിനും ചിലവിനും മതിയായ രേഖകളില്ല. സഭാധ്യക്ഷന് വേണ്ടി അടുത്തിടെ ആഡംബര വാഹനം വാങ്ങിയതിന് പോലും രേഖയില്ല. സഭയില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന സമിതി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരവുകളെക്കുറിച്ച് കൃത്യമായി ഒരു വിവരവുമില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചിലവഴിച്ച ലക്ഷക്കണക്കിന് രൂപക്കും രേഖകളില്ല.

പണം ചിലവാക്കുന്നത് സംബന്ധിച്ച് കൃത്യമായ രേഖകളോ കണക്കുകളോ സൂക്ഷിക്കാറില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. പള്ളിത്തര്‍ക്ക കേസുകള്‍ക്കായി ചിലവാക്കിയ തുകക്കും രേഖകളില്ല. വൗച്ചറുകളില്ലാതെ ലക്ഷക്കണക്കിന് രൂപ മുന്‍കൂര്‍ നല്‍കി. വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഓഡിറ്റ് പോലും നടത്തിയിട്ടില്ല.

2007 മുതല്‍ 2018 വരെ കാലയളവില്‍ നീക്കിയിരുപ്പ് തുകയടക്കം 28 കോടി രൂപ 61 ലക്ഷം രൂപയുടെ വരവുണ്ട്. എന്നാല്‍ ഏകദേശം അത്രയും തന്നെ തുക ചിലവഴിച്ചതായാണ് കണ്ടെത്തല്‍. നിലവില്‍ 26 ലക്ഷം രൂപയുടെ നീക്കിയിരുപ്പാണുള്ളത്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ അടച്ച് തീര്‍ത്തുവെന്ന് പരാമര്‍ശിച്ചതല്ലാതെ അതിന്റെ തുകയെക്കുറിച്ചും വ്യക്തതയില്ല. 2007ലെ ബാക്കിപത്രപ്രകാരം 49 ലക്ഷം രൂപയുടെ ആസ്തിയുണ്ടായിരുന്നത് ഇപ്പോള്‍ 10 കോടി 28 ലക്ഷമായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഭയുടെ പല സ്വത്തുകളും വ്യക്തികളുടെ പേരിലേയ്ക്ക് മാറ്റിയിരിക്കുന്നതായും പറയുന്നു. വരവില്‍ കാണിച്ചിരിക്കുന്ന തുക പോലും ക്യത്യമല്ലെന്നും ഭദ്രാസനങ്ങളുടെ ആവശ്യത്തിലേയ്ക് വാങ്ങിയ സാധനങ്ങളുടെ വിലയിലും ക്യത്യത ഇല്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ നാല്‌പേജ് നേത്യത്വത്തിന്റെ കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാട്ടുന്നത്

Viral News

Read more topics: yakobaya saba, contraversy, report
English summary
yakobaya saba contraversy report
topbanner

More News from this section

Subscribe by Email