Monday March 25th, 2019 - 7:56:pm
topbanner
topbanner

'പാടം'പഠിപ്പിച്ച് വയല്‍ക്കിളി സമരം ചരിത്രത്തിലേക്ക്

jithin
'പാടം'പഠിപ്പിച്ച് വയല്‍ക്കിളി സമരം ചരിത്രത്തിലേക്ക്

തളിപ്പറമ്പ്: കേരളത്തിലെ സമരങ്ങളുടെ ചരിത്രത്തിലേക്ക് പുതിയ നിരവധി സംഭാവനകള്‍ നല്‍കിയാണ് വയല്‍കിളി സമരം അവസാനിക്കുന്നത്.നാടിന്റെ ജലസംഭരണിയായ നൂറിലേറെ ഏക്കര്‍ വരുന്ന വയല്‍ സംരക്ഷിക്കാന്‍ ഒരുഗ്രാമം നടത്തിയ സഹനസമരത്തിനാണ് ഇന്നലെ അത്മഹത്യാഭീഷണി മുഴക്കിയെങ്കിലും പോലീസിന്റെയും സിപിഎമ്മിന്റെയും മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ താല്‍ക്കാലികമായെങ്കിലും സമാപ്തിയായത്.

തളിപ്പറമ്പ് നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെകിടക്കുന്ന തീര്‍ത്തും കാര്‍ഷികഗ്രാമമായ കീഴാറ്റൂരിന്റെ നെല്ലറയായ വയല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത് സുരേഷ് കീഴാറ്റൂരായിരുന്നു.സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ വയല്‍ സംരക്ഷണ ആഹ്വാനം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിനെ മൊത്തമായി തന്നെ പ്രതിരോധത്തിലാക്കി. പ്രാഥമിക സര്‍വേയെ നിരവധി തവണ ഗ്രാമം ഒന്നടങ്കം നേരിട്ടുവെങ്കിലും പിന്നീട് നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം ഒരു വിഭാഗം ഉള്‍വലിഞ്ഞു. എന്നാല്‍ പിന്നീടും വലിയൊരുവിഭാഗം സമരരംഗത്ത് ഉറച്ചുനിന്നു.

കീഴാറ്റൂരില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിതന്നെയാണ് ഇതോടെ നേരിട്ടത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 10 നാണ് വയല്‍കിളികള്‍ എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തില്‍ സമരനായകന്‍ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയമ്മയും സി.മനോഹരനും 29 ദിവസം നിരാഹാര സമരം നടത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും കീഴാറ്റൂരിലെത്തി. മന്ത്രി ജി.സുധാകരന്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ച് സമരം പിന്‍വലിച്ച വയല്‍കിളികള്‍ ഒടുവില്‍ ജനുവരി 3 ന് വിജ്ഞാപനം വന്നതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയത്.

ഫെബ്രുവരി 18 മുതലാണ് അനിശ്ചിതകാല വയല്‍കാവല്‍സമരം നടത്താന്‍ ഇവര്‍ രംഗത്തുവന്നത്. സിപിഎമ്മിന്റെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോവുകയും അവസാനം 4.16 ലക്ഷം എന്ന വലിയ നഷ്ടപരിഹാര തുക കാണിച്ച് അവശേഷിക്കുന്നവരേയും കൂടി പാര്‍ട്ടിപക്ഷത്തേക്ക് അടുപ്പിച്ചതോടെ വയല്‍കിളി സമരം അതിന്റെ സ്വാഭാവിക പതനത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് നിരീക്ഷകര്‍ക്കൊക്കെ ബോധ്യപ്പെട്ടിരുന്നു. അവസാന നിമിഷം വരെ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് വയല്‍കിളി സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ എന്ന മനുഷ്യന്റെ സഹനസമരപാത തന്നെയാണ് പരാജയപ്പെട്ട ഈ അതിജീവന സമരം മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശം.

സമരം താല്‍ക്കാലികമായി പരാജയപ്പെട്ടുവെങ്കിലും വയല്‍കിളികള്‍ വീണ്ടും വയല്‍സംരക്ഷണത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുമെന്ന സൂചനതന്നെയാണ് ലഭിക്കുന്നത്. സിപിഎം ഒഴികെ മറ്റ് നിരവധി സംഘടനകള്‍ വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സിപിഐ നേതാവ് വേലിക്കാത്ത് രാഘവന്‍ എന്നിവരുള്‍പ്പെടെ കീഴാറ്റൂരില്‍ എത്തിയിരുന്നു.

Read more topics: vayalkkili, strike, keezhattoor
English summary
vayalkkili struggle is in history
topbanner

More News from this section

Subscribe by Email