Wednesday May 23rd, 2018 - 7:05:am
topbanner

മൂന്നാറിനെക്കുറിച്ച് ചർച്ച നടത്തുന്നവർ വാഗമണിനെ മറക്കുന്നു: സിമി ക്യാമ്പ്‌ നടന്ന സ്‌ഥലം പോലും കൈയേറ്റക്കാര്‍ സ്വന്തമാക്കി

NewsDesk
മൂന്നാറിനെക്കുറിച്ച് ചർച്ച നടത്തുന്നവർ വാഗമണിനെ മറക്കുന്നു: സിമി ക്യാമ്പ്‌ നടന്ന സ്‌ഥലം പോലും കൈയേറ്റക്കാര്‍ സ്വന്തമാക്കി

ഇടുക്കി: മൂന്നാറിലെ കൈയേറ്റത്തെക്കുറിച്ച് ഇടതടവില്ലാതെ ചർച്ച നടത്തുന്ന മാദ്ധ്യമങ്ങൾക്കും പരിസ്ഥിതി സ്നേഹികളും സമാനഭീഷണി നേരിടുന്ന വാഗമണിനെ മറക്കുന്നു. മൂന്നാറിനെപ്പോലെ അതീവ പരിസ്‌ഥിതി ലോലപ്രദേശമായ വാഗമണില്‍ കൈയേറ്റക്കാരില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയെല്ലാം വീണ്ടും അന്യാധീനപ്പെട്ടു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്ന, സിമി ക്യാമ്പ്‌ നടന്ന സ്‌ഥലം പോലും കൈയേറ്റക്കാര്‍ സ്വന്തമാക്കി. മൂന്നാറിനു പിന്നാലെ വാഗമണിലും കൈയേറ്റം വ്യാപകമാകുന്നതായ റവന്യൂ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വി.എസ്‌. സര്‍ക്കാരിന്റെ ദൗത്യസംഘം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്‌ വാഗമണ്‍, പീരുമേട്‌, മീനച്ചില്‍ താലൂക്കുകളിലായി 250 ഹെക്‌ടര്‍ കൈയേറ്റക്കാരില്‍നിന്നു പിടിച്ചെടുത്ത്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചു. 22 ഇടങ്ങളിലാണു ബോര്‍ഡ്‌ സ്‌ഥാപിച്ചത്‌. എന്നാല്‍, ഈ സ്‌ഥലങ്ങളൊന്നും ഇപ്പോള്‍ സര്‍ക്കാര്‍ അധീനതയിലല്ല. സ്‌ഥലം കൈയടക്കിയ കൈയേറ്റക്കാര്‍ പട്ടയം നേടാനുള്ള ശ്രമത്തിലുമാണ്‌. 

വാഗമണില്‍ കൈയേറ്റം വ്യാപകമാകുന്നതു  റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ റവന്യൂ വകുപ്പ്‌ സര്‍ക്കാര്‍ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടകള്‍ക്ക്‌ ഉള്‍പ്പെടെ സ്‌റ്റേ നല്‍കി. എന്നാല്‍, സ്‌റ്റേ നിലനില്‍ക്കുമ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയാണ്‌. ചേറ്റുപാറയില്‍ സര്‍ക്കാര്‍ ബോര്‍ഡ്‌ സ്‌ഥാപിച്ച്‌ 262 ഏക്കര്‍ ഏറ്റെടുത്ത സ്‌ഥലത്ത്‌ ഇപ്പോള്‍ കൂറ്റന്‍ പാറമട പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍ക്കാര്‍ സ്‌റ്റോപ്‌ മെമ്മോ കൊടുത്ത ഇവിടെനിന്നു ലോഡ്‌ കണക്കിനു പാറയാണ്‌ അനധികൃതമായി കടത്തുന്നത്‌.

വാഗമണിനടുത്തുള്ള കുട്ടിയാര്‍ ഡാമിന്റെ മറുകരയാണിത്‌. മണ്ണുമാന്തികളും കംപ്രസറുകളും ഉപയോഗിച്ചാണു കുന്നുകള്‍ ഇടിച്ചുനിരത്തി പാറഖനനം നടത്തുന്നത്‌. കങ്കാണിക്കുഴി ചെക്‌പോസ്‌റ്റിനു സമീപം സി.പി.എം. ജില്ലാനേതാവ്‌ 12 ഏക്കറോളം കൈയേറി. എന്‍.ഐ.എ. ഉള്‍പ്പെടെ കേന്ദ്ര രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്ന, സിമി ക്യാമ്പ്‌ നടന്ന സ്‌ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കി.

ഇസ്ലാമിക തീര്‍ഥാടനകേന്ദ്രമായ തങ്ങള്‍പാറയ്‌ക്കു സമീപമാണ്‌ ഈ കൈയേറ്റം. വാഗമണ്‍, കൂട്ടിക്കല്‍ വില്ലേജുകളുടെ അതിര്‍ത്തിയിലുള്ള ഇവിടം അതീവ സുരക്ഷാപ്രാധാന്യമുള്ളതാണ്‌. തറയക്കാനത്ത്‌ മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തി തേയില വച്ചുപിടിപ്പിച്ചിരിക്കുകയാണ്‌. മലമുകളില്‍ കെട്ടിടനിര്‍മാണവും നടക്കുന്നു. പൈന്‍ കാടിനു സമീപം സീറോ ലാന്‍ഡില്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെടെയാണു ഭൂമി കൈയേറിയത്‌. വിനോദസഞ്ചാരപ്രാധാന്യമുള്ള പാലൊഴുകുംപാറ മടുക്കാവിലാണു പോലീസ്‌ ഉദ്യോഗസ്‌ഥന്റെ കൈയേറ്റം. മൊട്ടക്കുന്നുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥലങ്ങള്‍ നിരവധിപേര്‍ കൈയേറിയതിനെക്കുറിച്ച്‌ യാതൊരു അന്വേഷണവുമില്ല.

ബി.ജെ.പി സമരത്തിന് ഒരുങ്ങുന്നു

മൂന്നാറിന് സമാനമായി വാഗമണ്ണിലെ കൈയേറ്റവും സർക്കാരിനെതിരെ സമരായുധമാക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വാഗമണ്ണിലും കേന്ദ്ര സംഘത്തെ എത്തിക്കാനാണ് ശ്രമം. ഇടുക്കി- കോട്ടയം ജില്ലകളുടെ അതിർത്തി പഞ്ചായത്തുകൾ പങ്കിടുന്ന വാഗമൺ പ്രദേശത്തെ അനധികൃത നിർമ്മാണത്തിനെതിരെ ബി. ജെ. പി സംസ്ഥാന നേതൃത്വത്തിന്റെ ആശിർവാദത്തോടെയാണ് സമരം. ഇന്നലെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കഴിഞ്ഞ മൂന്നിന് സംസ്ഥാന സെക്രട്ടറി എം.ടി. രമേശും പ്രദേശം സന്ദർശിച്ചു.

വാഗമണ്ണിലും പരിസര പ്രദേശങ്ങളായ തങ്ങളുപാറ, കോലാഹമേട്, വാകച്ചുവട് എന്നിവിടങ്ങളിലുമാണ് അനധികൃത നിർമ്മാണം നടക്കുന്നത്. യാതൊരു നിർമ്മാണങ്ങളും പാടില്ലാത്ത അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ റിസോർട്ടുകളും മറ്റുമാണ് നിർമ്മിക്കുന്നത്. ഏക്കറുകണക്കിന് ചോലക്കാടുകളും മൊട്ടക്കുന്നുകളും ഇടിച്ചു നിരത്തി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയേറിയിട്ടും ഇരുമുന്നണികളും മിണ്ടാതിരിക്കുകയാണന്ന് ബി.ജെ.പി ആരോപിക്കുന്നു.

പുതിയ റിസോർട്ടിന് ചുറ്റുമുള്ള വേലിക്കെട്ട് ഇന്നലെ ബി.ജെ.പി പ്രവർത്തകർ തകർത്തു. സംസ്ഥാന സർക്കാർ വാഗമണ്ണിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകും. മൂന്നാറിലെത്തുന്ന കേന്ദ്ര സംഘം വാഗമണ്ണും സന്ദർശിക്കണമെന്ന് ആവശ്യപ്പെടും. റവന്യൂ വകുപ്പിന് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ വാഗമണ്ണിനെ വനഭൂമിയാക്കണം. വനനിയമങ്ങളിൽ ഏഴെണ്ണം കേന്ദ്രവുമായി ബന്ധപ്പെട്ടാണ്. വാഗമണ്ണിലെ കൈയേറ്റം ഒഴിപ്പിക്കാൻ പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് രൂപം നൽകും.

Read more topics: Munnar, vagamon, land,
English summary
vagamon government land

More News from this section

Subscribe by Email