topbanner
Monday January 22nd, 2018 - 12:11:am
topbanner

ഭക്തര്‍ക്ക് കുളിര്‍മ്മയും നവോന്മേഷവുമേകി ഉരല്‍ക്കുഴി സ്നാനം

Neethu
ഭക്തര്‍ക്ക് കുളിര്‍മ്മയും നവോന്മേഷവുമേകി ഉരല്‍ക്കുഴി സ്നാനം

ശബരിമല : ചുറ്റും ഘോരവനം, കാട്ടാനകളും കടുവകളും, സിംഹവാലന്‍ കുരങ്ങുകളും. പച്ചപ്പിനുള്ളിലെ പനിനീര് പൊലെ ഉരല്‍ക്കുഴി തീര്‍ത്ഥം. ഇവിടെ ഒന്നു കുളിച്ചാല്‍ മതി സ്വാമി ഭക്തരുടെ മലകയറ്റത്തിന്റെ ക്ഷീണമെല്ലാം അതില്‍ അലിഞ്ഞു പോകുന്നു. മഹിഷീ നിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന്‍ ഉരല്‍ക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം.

പ്രകൃതി മനോഹാരിത നിറഞ്ഞ സ്ഥലമാണ് ഉരക്കുഴി. കാടിനു മധ്യത്തിലുള്ള ചെറിയ വെള്ളച്ചാട്ടം. പണ്ട് ക്ഷേത്രത്തിലെ പൂജകള്‍ക്കുള്ള വെള്ളം ഇവിടെ നിന്നു സംഭരിച്ചിരുന്നതായും പറയപ്പെടുന്നു. എട്ട് മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. ഇതുവീണ് പാറ കുഴിഞ്ഞു. പാറ ഉരല്‍പോലെ കുഴിഞ്ഞതിനാലാണ് ഉരക്കുഴിയെന്നു പേരുവന്നത്.

അതില്‍ ഇറങ്ങിയാണ് അയ്യപ്പന്മാര്‍ കുളിക്കുന്നത്. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മുകളില്‍ നിന്നു വെള്ളം തലയിലേക്കും ദേഹത്തേക്കും വീഴും. വെളളത്തിനു നല്ല തണുപ്പാണ്. കുഴിയില്‍ മുങ്ങി നിവരുമ്പോഴേക്കും ദേഹം ശരിക്കും തണുക്കും. അതിലൂടെ ക്ഷീണവും മാറും. വളരെ സൂക്ഷിച്ചു മാത്രമേ ഉരക്കുഴിയിലേക്കു പോകാവു. വിഷപ്പാമ്പുകള്‍ ഏറെയുള്ള സ്ഥലം. അപൂര്‍വ ഇനം പക്ഷികള്‍, സിംഹവാലന്‍ കുരങ്ങ് എന്നിവയും ഇവിടെയുണ്ട്.

സന്നിധാനത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ പാണ്ടിത്താവളത്തിന് സമീപമാണ് ഉരല്‍ക്കുഴി. പമ്പയുടെ കൈവഴിയായ കുമ്പളാംതോട്ടിലെ വെള്ളമാണ് ഉരല്‍ക്കുഴിയില്‍ സ്‌നാനഘട്ടമായി രൂപം പ്രാപിക്കുന്നത്.

 

Read more topics: sabarimala, water, forest
English summary
uorkuzhi is a beautiful place
topbanner topbanner

More News from this section

Subscribe by Email