Thursday June 27th, 2019 - 5:52:am
topbanner
topbanner

ഇന്ന് തുലാം പത്ത് : ഉത്തരമലബാറിലെ കാവുകളിൽ ഇനി തെയ്യക്കാലം

princy
ഇന്ന് തുലാം പത്ത് : ഉത്തരമലബാറിലെ കാവുകളിൽ ഇനി തെയ്യക്കാലം

ഇന്ന് തുലാം പത്ത്.ഉത്തര മലബാറിന്റെ മുക്കിലും മൂലയിലുമുള്ള കാവുകളും, ക്ഷേത്രങ്ങളും, തറവാടുകളും ഉണരുകയായി. ഏറിയൊരു ഗുണവരണം ( എല്ലാവർക്കും ഗുണവരണം) എന്നോതികൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയാൻ തെയ്യങ്ങൾ ഇന്നുമുതൽ പ്രത്യക്ഷപെടുകയാണ്. ഭക്ത ലക്ഷങ്ങൾക്ക് ജാതി, മത, കക്ഷി രാഷ്ട്രീയ, സാമ്പത്തിക വലിപ്പ ചെറുപ്പമില്ലാതെ സങ്കടങ്ങളും ആധികളും വ്യാധികളും പറയാനും, ആധികളും വ്യാധികളും മാറ്റിടാൻ മനമുരുകി പ്രാർത്ഥിക്കാനും തെയ്യക്കോലങ്ങൾ വന്നെത്തുകയാണ്.

theyyam North Malabar

നാട്ടിലെ പ്രകാശേട്ടനും രമേഷേട്ടനും ചന്ദ്രേട്ടനുമെല്ലാം ഇന്ന് മുതൽ ആരാധിക്കുന്ന നാഗനിയമ്മയും, നാഗരാജാവും, പൊട്ടൻ തെയ്യവും, ഗുളികനും, പുലിയൂരുകാളിയും, വിഷ്ണുമൂർത്തിയും, വേട്ടയ്ക്കൊരുമകനുമൊക്കെയായി മാറുകയായി. അനുഷ്‌ഠാന കലയെന്നതിനപ്പുറം നില നിന്നിരുന്ന (ചിലപ്പോഴെങ്കിലും നിൽനിൽക്കുന്ന)ഒരു സാമൂഹ്യ വ്യവസ്ഥിതിതിയുടെ നേർസാക്ഷ്യം കൂടിയാണ് തെയ്യക്കോലങ്ങൾ. ജാതിയുടെ ആഢ്യത്വം വിട്ടുമാറാത്ത ആളുകൾ പോലും അതുവരെ അല്പം പുച്ഛത്തോടെ നോക്കുകയും കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കുകയും , വ്യവസ്ഥിതിയാൽ മലയെനെന്നും, പുലയനെന്നും, വണ്ണാനെന്നും പറഞ്ഞു മാറ്റി നിർത്തപ്പെട്ട മനുഷ്യർ ദൈവങ്ങളായി രൂപാന്തരപ്പെടുമ്പോൾ അല്പനേരത്തേക്കെങ്കിലും തൊഴു കൈയോടെ മനമുരുകി പ്രാർത്ഥിക്കുന്നു.

heyyam started in North Malabar

അത് ചരിത്രപരമായ വസ്തുതയും അംഗീകാരവുമൊക്കെയായി മാറുന്നു. പ്രകൃതിയെയും മനുഷ്യനെയും ബഹുമാനിക്കുന്ന ഒരു പാരമ്പര്യം മലബാറിന് സ്വന്തമായുള്ളത് തെയ്യങ്ങളും, കാവുകളും ഉള്ളതുകൊണ്ടാണ്. ജാതി വിവേചനം കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ കൊടുമ്പിരി കൊണ്ടപ്പോളും, ജാതി സംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ളപ്പോളും കൂടി കൂടി വരുമ്പോഴും മലബാറിനെ വ്യത്യസ്തമാക്കുന്നതിൽ തെയ്യമെന്ന അനുഷ്‌ഠാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ തെയ്യങ്ങൾക്കും ശക്തമായ ഐതിഹ്യമുണ്ട്.

നാമെല്ലാവരും മറ്റുള്ളവരെ കളിയാക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'നീ പോടാ പൊട്ടാ'. മന്ദബുദ്ധി/ വിഡ്ഢി എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഇ വാക്ക്. മലബാറുകാർക്കു വിജ്ഞാനത്തിന്റെ എൻസൈക്ലോപീഡിയായ ശ്രീ ശങ്കരചാര്യരുടെ അഹംകാരത്തെ തോൽപിക്കാൻ ചണ്ഡാലനായി അവതരിച്ച പരമശിവനാകുന്നു. വഴിയാത്രയിൽ ചണ്ഡാളനെ കണ്ട ശങ്കരാചാര്യർ ജാതിബോധത്താൽ ചണ്ഡാളനോട് മാറി നില്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നാങ്കള് കൊതിയാലും നിങ്കലേ കൊത്തിയാലും ചോര ഒന്നുതന്നെയെന്നും തുടങ്ങി വ്യവസ്ഥിതിയിലെ പൊള്ളത്തരങ്ങൾ ചൂണ്ടി ശങ്കരാചാര്യരെരെ ഉത്തരമുട്ടിക്കുകയും അദ്ദേഹം ചണ്ഡാളൻ സാക്ഷാൽ പരമശിവനാണെന്നു ബോധ്യപ്പെട്ടു അനുഗ്രഹം വാങ്ങി മുന്നോട്ടു പോവുകയും ചണ്ഡാളൻ പൊട്ടൻ തെയ്യമാവുകയും ചെയ്തു, തോറ്റംപ്പാട്ട് ഇത് വ്യക്തമാക്കുന്നു.

heyyam started in North Malabar

പിന്നീടെങ്ങനെ 'പൊട്ടൻ' ഒരു മോശം വാക്കായി? നാം പലപ്പോഴും ഒന്നുമറിയാത്തവരെയാണ് നീ പോടാ പൊട്ടാ എന്ന് വിളിക്കുന്നത്. യഥാർത്ഥത്തിൽ എല്ലാമറിയുന്ന അറിവിന്റെ നിറകുടമാണ് പൊട്ടൻ എന്ന് ഐതിഹ്യം പറഞ്ഞു വെക്കുന്നു.പുരുഷമേധാവിത്വ സമൂഹത്തിൽ പണ്ഡിത സദസ്സിനെ വെല്ലു വിളിച്ചു വേദങ്ങളിലും മറ്റുമുള്ള തന്റെ അറിവ് പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്ന സ്ത്രീയെ പെരുംചെല്ലൂർ വെച്ചു ചതിയിലൂടെ ചോദ്യത്തോര വേളയിൽ അപഹാസ്യപ്പെടുത്തി കൊലചെയ്തപ്പോൾ അവൾ ഒരു നാടിൻറെ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മുച്ചിലോട്ടു ഭഗവതിയായി.

heyyam started in North Malabar

വിവാഹങ്ങൾ ആർഭാടങ്ങൾ ആയി മാറുന്ന ഈ കാലഘട്ടത്തിൽ കാസറഗോഡ് കുമ്പളയ്ക്കടുത്തു പെരുദാന മുച്ചിലോട്ടു ക്ഷേത്രമുണ്ട്, കാസറഗോഡും മംഗലാപുരത്തുമുള്ള വാണിയ വിഭാഗത്തിലെ മുഴുവൻ പെൺകുട്ടികളുടെയും വിവാഹം ഒരുമിച്ചു കൂട്ടായ്മയുടെ ആഘോഷമായി സമൂഹ വിവാഹമായി മാറി ഇന്നും ഭംഗിയായി നടന്നു വരുന്നു. എന്റെ നാടായ കരിപ്പാൽ അറിയപ്പെടുന്നത് ഉത്തരമലബാറിലെ ഏക സർപ്പാരാധന കേന്ദ്രമായ കരിപ്പാൽ നാഗത്തിന്റെ പേരിലാണ്. അഭിഷ്ട വരദായനിയായ നാഗേനിയമ്മയുടെ കൈകളിൽ നിന്ന് ഇളനീർ പ്രസാദം സേവിച്ചു സന്താന സൗഭാഗ്യത്തിനും സർപ്പദോഷ പരിഹാരത്തിനുമായി ധനുമാസത്തിലെ ആയില്യം നാൾ മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആയില്യം ഉത്സവത്തിലേക്ക് ആയിരങ്ങളാണ് വന്നു ചേരുന്നത്. ഓണത്തേക്കാളും വിഷുവിനെക്കാളും പങ്കാളിത്തവും അന്യനാട്ടിലുള്ള സ്വദേശിയരും വരുന്നതും നാഗത്തിലെ തെയ്യത്തിനാണ്.

heyyam started in North Malabar

ഇത് മലബാറിലെ എല്ലാ പ്രദേശത്തുമങ്ങനെ തന്നെയാകണം. പഴയ സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഒത്തു കൂടുന്നത് തെയ്യത്തിന്റെ സമയത്താണ്.തെയ്യമെന്ന അനുഷ്‌ഠാന കല ആഗോളീകരിക്കപ്പെടുകയും പ്രകടനങ്ങളിലെയും ഘോഷയാത്രകളിലെയും പ്രദർശന വസ്തുവാകുകയും,കെട്ടുന്ന സ്ഥലങ്ങളിൽ വികലമായ രീതിയിൽ ഉദാഹരണത്തിന് ജെ സി ബി യുടെ പുറത്തു നിക്കുന്ന തരത്തിൽ കെട്ടിയാടപ്പെടുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് മലബാറിന് മാത്രം സ്വന്തമായുള്ള ഒരു പാരമ്പര്യമാണ്. തെയ്യ കാലം കഴിഞ്ഞാൽ നിത്യ ജീവിതം മുന്നോട് പോകാൻ ഒരുപക്ഷെ വേറെ മാർഗങ്ങളില്ലാത്തതായിരിക്കാം തെയ്യം കെട്ടുന്നവരെ അതിനു പ്രേരിപ്പിക്കുന്നത്. തെയ്യത്തിൽ നിന്ന് കുറി വാങ്ങുമ്പോൾ കൊടുക്കുന്ന പണത്തിന്റെയടിസ്ഥാനത്തിൽ കോലക്കാരനും കൂട്ടർക്കും ഒരുപാട് പണം കിട്ടിയെന്നു ചിലയാളുകളെങ്കിലും കണക്കുപറയാറുണ്ട്.

heyyam started in North Malabar

ഉത്സവ കമ്മിറ്റിക്കും ഒരു പങ്ക് കൊടുത്തു അതിൽ ബാക്കി വരുന്ന പണം കൊണ്ടാണ് തെയ്യ കാലം കഴിഞ്ഞാലും കോലക്കാർ കഴിയേണ്ടതെന്നു പലപ്പോഴും പലരുമറിയുന്നില്ല. ഓഫ് സീസണിൽ പലരും പല ജോലിക്കും പോകേണ്ടി വരികയും ചിലപ്പോൾ ഒരു പണിയും ഇല്ലാതിരിക്കുകകയും ചെയ്യുന്നു. ഈ മേഖലയിലേക്കു പുതിയ തലമുറയും വരുന്നില്ല എന്നത് തെയ്യമെന്ന പാരമ്പര്യ അനുഷ്‌ഠാനം നേരിടുന്ന വെല്ലുവിളിയാണ്. ഉത്തരമലബാറിന്റെ കൂട്ടായ്മയുടെ പാരമ്പര്യം ഊട്ടിയുറപ്പിക്കുന്ന തെയ്യംകെട്ടിനെ മഹിമ ചോരാതെ സരംക്ഷിക്കേണ്ടിയിരിക്കുന്നു. മതിയായ പെൻഷനും ആനുകൂല്യങ്ങളും നൽകി തെയ്യം കലാകാരെയും അവരുടെ കുടുംബങ്ങളെയും സരംക്ഷിക്കേണ്ടിയിരിക്കുന്നു. ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം തന്നെ കണ്ണൂരാണ്.

heyyam started in North Malabar

അത് കൊണ്ട് തന്നെ ആ കാര്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. കണ്ണൂരിൽ വിമാനത്താവളം കൂടെ യാഥാർഥ്യമാകുന്നതോടെ തറികളുടെയും തിറകളുടേയും നാട്ടിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പറ്റും. വിദേശ രാജ്യങ്ങളിലെ വേദികളിൽ തെയ്യം കെട്ടുന്നതിനേക്കാൾ ഉചിതം തനതു ചുറ്റുപാടിൽ അത് കെട്ടിയാടുമ്പോളാണ്, അപ്പോളാണ് ഒരു ജനതയുടെ ആത്മാവ് തെയ്യത്തിൽ അലിഞ്ഞു ചേരുന്നതെങ്ങനെയെന്നു ആളുകൾക്ക് മനസിലാക്കാൻ പറ്റുന്നത്. പ്രസിദ്ദമായ തൃശൂർ പൂരവും കുടമാറ്റവും തൃശൂർ മാത്രമാണ് നടക്കുന്നത്.അതാസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ തൃശ്ശൂരിലെത്തുന്നു.

kalarivathukkal theyyam kannur

അത് പോലെ ലോകത്തെ ഉത്തരമലബാറിന്റെ മണ്ണിലേക്ക് തെയ്യമുറങ്ങുന്ന കാവുകളിലേക് ആകർഷിക്കുവാൻ ടുറിസം വകുപ്പ് മുൻകൈയെടുക്കണം. അതല്ലാതെ അതിനെ സ്വാഭാവികതയിൽ നിന്ന് അടർത്തി മാറ്റി അവതരിപ്പിക്കുകയല്ല വേണ്ടത്. തെയ്യത്തെ ഘോഷയാത്രക്കും, പ്രകടങ്ങൾക്കും ഉപയോഗിക്കില്ലെന്നു രാഷ്ട്രീയ പാർട്ടികളും, മറ്റു സംഘടനകളും ഉറപ്പു വരുത്തണം. സെൽഫിക്കും മറ്റും ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന തെയ്യത്തെ ഉപയോഗിക്കില്ലെന്നുകോലകാരനും ഭക്തരും മനസ് കൊണ്ട് തീരുമാനിക്കണം. ഏവർക്കും നല്ലൊരു തെയ്യക്കാലം ആശംസിക്കുന്നു.

അരുൺ കരിപ്പാൽ
അസിസ്റ്റന്റ് പ്രൊഫസർ 
ശ്രീ കേരള വർമ്മ കോളേജ് തൃശൂർ

 

Read more topics: kerala, Malabar, theyyam
English summary
today 10th thulaam theyyam started in North Malabar
topbanner

More News from this section

Subscribe by Email