Monday June 18th, 2018 - 3:33:am
topbanner
Breaking News

തോമസ് ചാണ്ടി അഥവാ കുവൈറ്റ് ചാണ്ടി: കുട്ടനാട്ടിലെ കിരീടം വയ്ക്കാത്ത രാജാവ്

NewsDesk
തോമസ് ചാണ്ടി അഥവാ കുവൈറ്റ് ചാണ്ടി: കുട്ടനാട്ടിലെ കിരീടം വയ്ക്കാത്ത രാജാവ്

നതാഷ

കുട്ടനാട് ( ആലപ്പുഴ ) : കുട്ടനാട് മണ്ഡല രൂപീകരണത്തിനുശേഷം പ്രഥമ മന്ത്രിയെന്ന പദവി തോമസ് ചാണ്ടിക്ക് സ്വന്തം.നേരത്തെ അമ്പലപ്പുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുട്ടനാട് മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് സ്വതന്ത്രമായത്. നേരത്തെ തകഴി, എടത്വ, കൈനകരി തുടങ്ങിയഭാഗങ്ങള്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലായിരുന്നു. ഇവിടെ ജി സുധാകരന്‍ മന്ത്രിയായിരുന്നു. കുട്ടനാട്ടിലെ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു തോമസ് ചാണ്ടിയുടെ ജനനം. കര്‍ഷകന്റെ തനത് ദുരിതവും കഷ്ടപാടുകളും നന്നായി അനുഭവിച്ചിട്ടുളള തോമസ് ചാണ്ടിയെന്ന കുവൈറ്റ് ചാണ്ടിക്ക് ഇത് ചരിത്ര നിയോഗം. കുട്ടനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന നിയുക്തമന്ത്രിയുടെ പ്രഖ്യാപനം കുട്ടനാട്ടുക്കാരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

തങ്ങളില്‍നിന്നൊരാള്‍ മന്ത്രിയാകുമ്പോള്‍ കുട്ടനാട്ടുക്കാര്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യുന്ന തങ്ങളുടെ സ്വന്തം മന്ത്രിയെ കാണാന്‍ കുട്ടനാട്ടില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വന്‍ജനാവലിയാണ് അനന്തപുരിയിലേക്ക് നീങ്ങിയിട്ടുളളത്. കുട്ടനാടിന്റെ തെരുവീഥികളില്‍ മുഴുവനും തങ്ങളുടെ പ്രിയനേതാവിന്റെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കമാനങ്ങളും തീര്‍ത്ത് മന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.ആരവങ്ങള്‍ക്ക് അപ്പുറവും തനി കര്‍ഷകനായ മന്ത്രിയെന്ന ഖ്യാതിയാണ് തോമസ് ചാണ്ടിക്ക് എറെ ചേരുന്നത്.

കുട്ടനാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തോമസ് ചാണ്ടി പിന്നീട് പട്ടണത്തിലെ ലിയോ തെര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട്ടില്‍നിന്നും ടെലികമ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയ ചാണ്ടി 1975 ല്‍ സന്ദര്‍ശന വിസയുമായി കുവൈറ്റില്‍ എത്തിയതോടെയാണ് ജീവിതത്തിന്റെ ഗതിവേഗം വര്‍ദ്ധിച്ചത്. ഒരുപതിറ്റാണ്ടോളം വിവിധ കമ്പിനികളില്‍ ജോലി നോക്കിയ ചാണ്ടി കുവൈറ്റില്‍ 1985 ല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു.

എളിയ നിലയില്‍ തുടങ്ങിയ ഈ സ്‌കൂളില്‍ ഇപ്പോള്‍ 6500 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. കുവൈറ്റിലെ ഹൈഡന്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം വിവിധ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ് തോമസ് ചാണ്ടി. കൃഷിനാശം മൂലം കിടപ്പാടം വരെ നഷ്ടപ്പെട്ട തോമസ് ചാണ്ടിക്ക് ജീവിതം വളരെ കയ്‌പ്പേറിയതായിരുന്നു. തന്റെ പിതാമഹന്‍ വഴി നഷ്ടപ്പെട്ട കുടുംബം തിരിച്ചുപിടിച്ചാണ് തോമസ് ചാണ്ടി ജീവിതം തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ലീഡര്‍ കെ കരുണാകരനുമായുളള അടുത്ത ബന്ധമാണ് ചാണ്ടിയെ രാഷ്ട്രീയ രംഗത്ത് പ്രമുഖനാക്കിയത്.thomas-chandy-family

കോണ്‍ഗ്‌സില്‍നിന്നും വിട്ടുപോയ കരുണാകരന്‍ ഡിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ അവതരിപ്പിച്ചത് തോമസ് ചാണ്ടിയെയായിരുന്നു. 2006 ല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് തോമസ് ചാണ്ടി ഡിക്ക് കോണ്‍ഗ്രസിന്റെ പ്രഥമ എം എല്‍ എയായി. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും തോമസ് ചാണ്ടി ദേശീയ നേതൃത്വവുമായി ഉണ്ടാക്കിയ ചങ്ങാത്തത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ സി പിയില്‍ തുടര്‍ന്നു.

ശരത് പവാറിന്റെ നേതൃത്വത്തിലുളള എന്‍ സി പിയില്‍ നിന്നും തോമസ് ചാണ്ടി വീണ്ടും കുട്ടനാടിന്റെ എം എല്‍ എയായി. ഇത് മൂന്നാം തവണയാണ് തോമസ് ചാണ്ടി കുട്ടനാടിന്റെ പ്രതിനിധിയായി കേരള നിയമസഭയില്‍ എത്തുന്നത്. ഇക്കുറി ജയിക്കുന്നതിനു മുമ്പെ തോമസ് ചാണ്ടി താന്‍ ജയിച്ചാല്‍ ജലസേചന മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏറെ വിവാദമുണ്ടാക്കിയ പ്രസ്താവന ചാണ്ടിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഇതോടെ ഇടത് മുന്നണി അധികാരത്തിലെത്തിയതോടെ തോമസ് ചാണ്ടിയുടെ മന്ത്രി മോഹത്തിന് കടിഞ്ഞാണ്‍ വീണു.

ദേശീയ -സംസ്ഥാന നേതൃത്വങ്ങള്‍ എ കെ ശശീന്ദ്രനെ പിന്തുണച്ചപ്പോള്‍ തോമസ് ചാണ്ടിക്ക് കളത്തില്‍നിന്നും മാറിനില്‍ക്കേണ്ടി വന്നു. ഇനി മന്ത്രിയാകാന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഹണി ട്രാപില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വീണത്. എന്നാല്‍ ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ ശശീന്ദ്രന് അനുകൂല നിലപാട് പുലര്‍ത്തുമ്പോഴും തങ്ങള്‍ക്ക് ലഭിച്ച അധികാരം കൈവിടരുതെന്ന തീരുമാനത്തിലെത്തിയതാണ് തോമസ് ചാണ്ടിക്ക് വീണ്ടും മന്ത്രിയാകാനുളള അവസരം ഒരുങ്ങുന്നത്.

എന്നാല്‍ അന്വേഷണത്തില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ തിരിച്ചുവരുമെന്ന ദേശീയ നേതൃത്വത്തിന്റെ സൂചന തോമസ് ചാണ്ടിക്ക് വിനയാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.പിതാവ് പി.സി. തോമസ്. മാതാവ് ഏലിയാമ്മ. ഭാര്യ മേഴ്‌സി ചാണ്ടി ചേന്നംകരി വടക്കേകളം കുടുംബാംഗം കുവൈറ്റിലെ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്നു. മക്കള്‍ ഡോ. ബെറ്റി ലെനി (പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍) ഫിലാഡെല്‍ഫിയായില്‍ കുടുംബസമേതം താമസിക്കുന്നു.

ഭര്‍ത്താവ് ലെനി മാത്യു. മകന്‍: ഡോ. ഡോബി ചാണ്ടി കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മരുമകള്‍ ഡോ. അന്‍സു ഡോബി, മകള്‍ ടെസി ചാണ്ടി അമേരിക്കയില്‍നിന്നും ഇന്റര്‍നാഷണല്‍ ലോയില്‍നിന്നും ബിരുദം നേടി കുവൈറ്റില്‍ ജോലി ചെയ്യുന്നു.

Read more topics: thomas chandy, transport, minister,
English summary
thomas chandy transport minister

More News from this section

Subscribe by Email