Saturday June 23rd, 2018 - 5:56:am
topbanner
Breaking News

ശബരിമലയില്‍ നടന്നത് ഗുരുതരമായ ആചാര ലംഘനം: 10 ന് നട തുറന്നത് സുനില്‍ സ്വാമിക്കും കുടുംബത്തിനും വേണ്ടിയോ ?

suvitha
ശബരിമലയില്‍ നടന്നത് ഗുരുതരമായ ആചാര ലംഘനം: 10 ന് നട തുറന്നത് സുനില്‍ സ്വാമിക്കും കുടുംബത്തിനും വേണ്ടിയോ ?

പത്തനംതിട്ട: ശബരിമലയില്‍ ആചാരം ലംഘിച്ച് വ്യവസായി സുനില്‍ സ്വാമിക്കുവേണ്ടി നടതുറന്ന് പതിവ് പൂജകളും വഴിപാട് പൂജകളും നടത്തിയതു വിവാദത്തിലേക്ക്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആചാരം ലംഘിച്ച് ഇത്തരത്തില്‍ പൂജനടന്നത്.

ദേവസ്വം അധികൃതരുടെയും തന്ത്രിയുടെയും അറിവോടെയായിരുന്നു പൂജകളെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ വിവിധ ഹൈന്ദവ സംഘടനകളില്‍നിന്നും എതിര്‍പ്പു ശക്തമായി. സന്നിധാനത്ത് പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കൊടിമരം അഴിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇക്കുറി ഉത്സവം നടത്തേണ്ട എന്നായിരുന്നു ബോര്‍ഡ് തീരുമാനം.

മാര്‍ച്ച് 30 മുതല്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവ കാലയളവിനു ശേഷം പൈങ്കുനി ഉത്രം നാളില്‍ രാത്രി 10 ന് ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത ദിവസം പൂജകള്‍ ഒന്നും ഉണ്ടാകാറില്ല. വീണ്ടും പത്തിന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.

അന്ന് ദീപാരാധനപോലും നടത്തുന്ന പതിവില്ല. എന്നാല്‍ പതിവ് ലംഘിച്ച് പത്താം തീയതി രാവിലെ തന്നെ നടതുറന്ന് നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്തമയപൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭം എന്നിവ നടത്തിയതാണ് ഇപ്പോള്‍ ആചാര ലംഘനമായി വിലയിരുത്തിയിട്ടുള്ളത്.

ഇപ്പോഴത്തെ തന്ത്രി കണ്ഠര് രാജീവര് ഇത് ആചാര ലംഘനമായി കരുതുന്നില്ലെങ്കിലും തന്ത്രി കുടുംബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കൊല്ലം സ്വദേശിയായ സുനില്‍ സ്വാമിക്ക് വേണ്ടിയാണ് നട തുറന്ന് പതിവു പൂജകളും ഉദയാസ്തമയ പൂജപോലുള്ള വഴിപാട് പൂജകളും നടന്നതെന്ന് ആരോപണമുണ്ട്.

ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി സുനില്‍ സ്വാമിയുമായി ബന്ധമുള്ള നാല്‍പതോളം ഉന്നതര്‍ സന്നിധാനത്തെത്തിയിരുന്നു.പതിനഞ്ച് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അന്‍പത് വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപണം ഉയരുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ സുനില്‍ സ്വാമി നടത്തുന്ന സ്‌ക്കൂളിലെ അദ്ധ്യാപികമാരാണ് രണ്ട് പേര്‍. എന്നാല്‍ പമ്പയില്‍ ഉണ്ടായിരുന്ന ഗാര്‍ഡ് സ്വാമിയുടെ കമ്പനിയ ജീവനക്കാരിയുടെ ഭര്‍ത്താവാണ് എന്നും അത്‌കൊണ്ടാണ് ഇവരെ തടയാതിരുന്നത് എന്നും പറയപ്പെടുന്നു.

സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ സന്നിധാനത്ത്‌ സുനില്‍ സ്വാമിയുടെ എല്ലാ സൗകര്യങ്ങളോട് കൂടിയ മുറിയില്‍ വച്ചാണ് പ്രാഥമിക നിര്‍വഹണം നടത്തിയതെന്നും ആരോപണം ഉയരുന്നു. എന്നാല്‍ ദേവസ്വം വിജിലന്‍സ് സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്നാണ് കണ്ടെത്തിയത്.

വിജിലന്‍സിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ആരോപണമുണ്ട്. വ്യവസായിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പൂജ തൊഴാന്‍ നടന്‍ ജയറാം, പ്രശസ്ത ജ്യോത്സ്യന്‍ പത്മനാഭശര്‍മ്മ, കോയമ്പത്തൂര്‍ ആര്യവൈദ്യശാലയിലെ ഡോ. രവീന്ദ്രന്‍, പാലക്കാട് ശബരിഗ്രൂപ്പിലെ ഉന്നതര്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീകോവിലില്‍ പൂജ നടക്കുന്ന സമയം സോപാന സംഗീതം ആലപിക്കുന്നതിനിടയില്‍ നടന്‍ ജയറാം ഉടുക്കു വാങ്ങി കൊട്ടുകയും ചെയ്തു.

ഉത്സവത്തിന് കൊടിയേറാതെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള പൂജകള്‍ നടന്നതും ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടുന്നു. കൊടിമരം ഇല്ലാത്ത സ്ഥിതിക്കു പ്രതീകാത്മകമായി കവുങ്ങില്‍ കൊടിയേറ്റി ഉത്സവം നടത്താമായിരുന്നു. അത് ഉണ്ടായില്ല.

രാഹുഗ്രഹത്തിന്റെ പ്രതീകമായി തലയില്ലാത്ത മനുഷ്യരൂപമാണ് കൊടിയായി ഉപയോഗിക്കുന്നത്.
രാഹുവിനെ ഉയര്‍ത്തി ബന്ധിച്ചുകഴിഞ്ഞാല്‍ ഉത്സവത്തിന് വിഘ്‌നം ഉണ്ടാകില്ലെന്നാണ് വിശ്വാസം. താന്ത്രികവിധിപ്രകാരം ഉത്സവത്തിനു മുന്‍പ് കൊടിയേറ്റ് നടത്തേണ്ടതാണ്.

കൊടിയേറാതെ ഉത്സവവുമായി ബന്ധപ്പെട്ട പൂജകള്‍ നടന്നുവെന്നാണ് ആരോപണം. എന്നാല്‍, ഇതുശരിയല്ലെന്നും ഉത്സവപൂജകള്‍ക്കു പകരം പതിവു പൂജകളാണു നടന്നതെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരില്‍ ഉയരുന്ന കുറച്ചു ചോദ്യങ്ങള്‍

ട്രാവന്‍കൂര്‍ ദേവസ്വം കലണ്ടറും ഡയറിയും പ്രകാരം പൈങ്കുനി ഉത്രം നാളില്‍ രാത്രി 10 ന് ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത ദിവസം പൂജകള്‍ ഒന്നും ഉണ്ടാകാറില്ല എന്നാല്‍ അടുത്ത ദിവസം രാവിലെ എന്തിന് നട തുറന്നു? ആര്‍ക്കുവേണ്ടി നട തുറന്നു...?

പത്താം തീയതി രാവിലെ തന്നെ നടതുറന്ന് നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്തമയപൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭം എന്നിവ ആരുടെ അനുവാദത്തോടെയാണ് നടത്തിയത്?

പൂജകള്‍ ആരാണ് ബുക്ക് ചെയ്തത്? ആരുടെ പേരിലാണ് പൂജകള്‍ നടന്നത്?

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ടോ? ഈ റസീറ്റിലുള്ള പേരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തത് ആരാണ്?

------------- ഈ പേരില്‍ എന്തുകൊണ്ട് ചെയ്തു ? ആരൊക്കെ തൊഴാന്‍ വന്നു?

സന്നിധാനത്ത്‌ സി.സി. ടി.വി.യില്ലേ?

സോപാനം, വിജിലെന്‍സ് ഓഫീസ്, ദേവസ്വം പ്രസിഡന്റ് ഓഫീസ്, സ്പെഷ്യല്‍ കമ്മീഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ സി.സി. ടി.വി. പരിശോധിച്ചാല്‍ എല്ലാം പുറത്തു വരില്ലേ?

ഉത്സവം എന്തിനുവേണ്ടി മാറ്റി വച്ചു, ഇത്രയും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്ത്രി ആരുടെയൊക്കെ അനുവാദം വാങ്ങിയോ ?

 

 

Read more topics: sabarimala, temple, sunil swami
English summary
Sabarimala temple was a serious violation of customs: 10 Opened on respect for the family of Sunil Swami?

More News from this section

Subscribe by Email