ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ സി.പി.എം നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യുഷന് സെന്റര്‍ ഉടമയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം. ഇരവുകാട് കേളംഞ്ചേരില് വീട്ടില്‍ ശ്രീജ (15) ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ കുറ്റാരോപിതര്‍ ശ്രമിക്കുന്നതായും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തുവന്നു. അന്വേഷണം ഫലപ്രദമായി മുന്നോട്ടു പോയില്ലെങ്കില്‍ കളകട്രേറേറ്റു പടിക്കല്‍ സത്യഗ്രഹം ഇരിക്കുമെന്ന് അച്ഛന് ഷിബുവും അമ്മ വിജിയും പറഞ്ഞു. ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമയായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ഇന്ദു വിനോദി(സൗമ്യ രാജ്) നെതിരെയാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്.
പോലീസ് അന്വേഷണത്തില്‍ ലഭിച്ച ആത്മഹത്യക്കുറിപ്പും മറ്റു തെളിവുകളും ആദ്യം അന്വേഷണച്ചുമതല ഉണ്ടായിരുന്ന സൗത്ത് എസ്.ഐ ബോധപൂര്‍വം നശിപ്പിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആലപ്പുഴ ഡിവൈ.എസ്.പിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സൗത്ത് സി.ഐക്ക് വിട്ടെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന്
ഇരവുകാടുള്ള ഇന്ദുവിന്റെ ട്യൂഷന് സെന്ററില്‍ വിദ്യാര്‍ഥിനിക്കുണ്ടായ മാനസിക പീഡനമാണു ആത്മഹത്യയിലേക്കു നയിച്ചതെന്നും അവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നും കാണിച്ചു മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ സഹപാഠികളുടേയും ട്യൂഷന് സെന്റര്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സൗത്ത് സി.ഐയുടെ പ്രതികരണം.
ഡിസംബര്‍ 28ന് വൈകിട്ട് ആറിനാണ് ആലപ്പുഴ ടി.ഡി സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ശ്രീജ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശ്രീജയും സമീപ പ്രദേശത്തുള്ള ആണ്‍കുട്ടിയും തമ്മില്‍ ബന്ധം ഉണ്ടെന്നാരോപിച്ചു ആരോപണ വിധേയയായ ഇന്ദു കുട്ടിയുടെ മാതാവിനെ സ്കൂളില്‍ വിളിച്ചു വരുത്തി നേരത്തെ സംസാരിച്ചിരുന്നു.
28ന് ക്ലാസിലെത്തിയ പെണ്‍കുട്ടിയെ സഹപാഠികളുടെ മുന്നില്‍വച്ച് ആക്ഷേപിക്കുകയും മുന്‍സീറ്റില്‍ നിന്ന് പിന്‍സീറ്റിലേയ്ക്ക് മാറ്റിയിരുത്തുകയും ചെയ്ത സംഭവത്തിലുണ്ടായ മാനസികവിഷമത്തിലാണ് വീട്ടിലെത്തിയ ഉടനെ ആത്മഹത്യ ചെയ്തന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ കൗണ്‍സിലര്‍ക്ക് അനുകൂലമായി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായാണ് നാട്ടുകാരുടെ ആക്ഷേപം. പെണ്‍കുട്ടിയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ ഇവര്‍ വ്യാപക പ്രചരണം നടത്തുന്നതായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.