Sunday April 22nd, 2018 - 4:18:am
topbanner

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്; പ്രതികള്‍ ഇപ്പോഴും പുറത്ത്; രക്ഷിച്ചത് ഉന്നതര്‍

NewsDesk
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്  ഇന്ന് കാല്‍ നൂറ്റാണ്ട്; പ്രതികള്‍ ഇപ്പോഴും പുറത്ത്; രക്ഷിച്ചത് ഉന്നതര്‍

കോട്ടയം : കത്തോലിക്കാ സഭയിലെ വൈദീകരും കന്യാസ്ത്രീകളും പീഡനങ്ങളുടെ പ്രതിപ്പട്ടികയിലേയക്ക് നീളുമ്പോള്‍ ഇതിന് ആദ്യം തിരികൊളുത്തിയ കേസായ സിസ്റ്റര്‍ അഭയക്കേസിന് കാല്‍ നൂറ്റാണ്ട് പ്രായം എത്തുകയാണ്. കൃത്യമായി പറഞ്ഞാല്‍ 21 ദിവസം കൂടി കഴിഞ്ഞാല്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് ആകും.

ഇതിനോടകം എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഏറെ ആഗ്രഹിച്ചിരുന്ന അഭയയുടെ മാതാ പിതാക്കള്‍ ഇഹലോകവാസം വെടിഞ്ഞു. കുറ്റം ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ വിചാരണ നേരിടുകയാണ്.

കോട്ടൂരിലെ കേസ് വിവാദമായിരിക്കുമ്പോള്‍ അരുതാത്ത കാഴ്ച്ച കണ്ടതിനാണ് അഭയയെ നിശബ്ദമാക്കിയതെന്ന സിബിഐയുടെ കണ്ടെത്തല്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയര്‍ന്ന സംശയം തീപ്പൊരിയായി പടര്‍ന്നു. അഭയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെ അത് പുതിയ മാനമായി മാറി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസിന്റെ പിന്നാലെ നിഴലായി സഞ്ചരിച്ചു. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ജോമോന്‍ അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയില്‍ നിലനിര്‍ത്താനും നിരന്തര സമരത്തിലായിരുന്നു.

മരണം ആത്മഹത്യയാണെന്ന ലോക്കല്‍ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയര്‍മാന്‍ പി.സി. ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്.

പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്.

സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂര്‍ ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാ. തോമസ് കോട്ടൂര്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു. സിസ്റ്റര്‍ അഭയയെ തലയ്ക്കടിക്കാന്‍ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പുതൃക്കയില്‍ രണ്ടാം പ്രതിയാണ്. കൊലപാതകത്തില്‍ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാന്‍ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പുതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പുതൃക്കയിലും പോയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെന്‍ത് കോളജിലെ പ്രിന്‍സിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവര്‍ത്തിക്കുകയായിരുന്നു ജോസ് പുതൃക്കയില്‍.

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സ്‌റ്റെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റര്‍ പ്രേരണ നല്‍കി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിസ്റ്റര്‍ സ്‌റ്റെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിസ്റ്റര്‍ സ്‌റ്റെഫി തിരുവല്ല സെന്റ് ജോസഫ് കോണ്‍വന്റിലെ അന്തേവാസിയായിരുന്നു.

പതിനഞ്ചു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്‌ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബര്‍ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു.

അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ എഎസ്‌ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. സിസ്റ്റന്‍ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ. ആയിരുന്നു അദ്ദേഹം. 75 വയസുള്ള അഗസ്റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു.

2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബര്‍ 19ന് കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയകുറ്റപത്രപ്രകാരം വിചാരണ നേരിടുകയാണ് പ്രതികള്‍.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് കാല്‍ നൂറ്റാണ്ട് ആകുമ്പോഴും പ്രതികള്‍ ഇപ്പോഴും ശിക്ഷ ലഭിക്കാതെ പുറത്തു നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ സഭയാണ്. കേസിന്റെ തുടക്കം മുതല്‍ ഇത് ഇല്ലാതാക്കാന്‍ സഭ ഇടപെട്ടതായാണ് ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ ഇടപെടലുണ്ടാകുന്ന തരത്തില്‍ വൈദികരെ സംരക്ഷിക്കാന്‍ സഭ കൂട്ടു നിന്നിട്ടുണ്ടെന്ന് പിന്നീട് പലരും വെളിപ്പെടുത്തിയിരുന്നു.

Read more topics: Abhaya, murder, case
English summary
sister Abhaya murder case remains a mystery

More News from this section

Subscribe by Email