Tuesday March 19th, 2019 - 1:31:am
topbanner
topbanner

'ഓനെനിക്ക് സന്തോഷത്തോടെ മനസ്സറിഞ്ഞു തന്നതാ '.... വാഹനം തടഞ്ഞു നിര്‍ത്തി പിരിവ് നടത്തുന്നതിനെതിരെയുള്ള എസ്.ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

rajani v
'ഓനെനിക്ക് സന്തോഷത്തോടെ മനസ്സറിഞ്ഞു തന്നതാ '.... വാഹനം തടഞ്ഞു നിര്‍ത്തി പിരിവ് നടത്തുന്നതിനെതിരെയുള്ള എസ്.ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കണ്ണൂര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആഘോഷകമ്മിറ്റിക്കാര്‍ നടത്തുന്ന പണപ്പിരിവിനെ വിമര്‍ശിച്ചു കൊണ്ടുള്ള ചക്കരക്കല്‍ എസ്.ഐ ബിജു പി ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇത്തരം പണപ്പിരിവ് നടത്തുന്നവരോട് അദ്ദേഹം പോസ്റ്റില്‍ എട്ട് ചോദ്യം ഉന്നയിക്കുന്നുണ്ട്.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും ആഘോഷകമ്മിറ്റിക്കാരും പറയുന്നത് ഒരേ ന്യായമാണ്. അത് സന്തോഷത്തോടെയാണ് അവര്‍ തരുന്നതെന്ന്. അതുകൊണ്ടു തന്നെ ഈ രണ്ടു കൂട്ടരും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.ചക്കരക്കല്‍ പോലീസിന് ജനകീയ മുഖം നല്‍കി ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പോലീസ് ഓഫീസര്‍കൂടിയാണ് ബിജു പി ദേവന്‍.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:-

ഓനെനിക്ക് സന്തോഷത്തോടെ മനസ്സറിഞ്ഞു തന്നതാ '...കൈക്കൂലി വാങ്ങിക്കുന്നവര്‍ അതിനെ ന്യായീകരിക്കാന്‍ സ്ഥിരം പറയുന്ന ഡയലോഗ് ആണിത് .. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മുത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച് മേലേചൊവ്വ മട്ടനൂര്‍ തിരക്ക് പിടിച്ച ഹൈവേയിലെ ഏച്ചൂര്‍ ടൗണില്‍ എല്ലാ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി പണപ്പിരിവ് നടത്തിയവരും മേല്‍ സൂചിപ്പിച്ച കൈകൂലിക്കാര്‍ പറഞ്ഞ അതേ ന്യായീകരണം തന്നെയാണ് നിരത്തുന്നത് .'ഞങ്ങള്‍ കൈനീട്ടി വണ്ടി തടഞ്ഞു നിര്‍ത്തി ചോദിച്ചപ്പോള്‍ അവര്‍ സ്വമേധയാ സന്തോഷത്തോടെ തന്നതാ '........ ഇനി വസ്തുത എന്താണെന്ന് പരിശോധിക്കാം ......സ്വന്തമായി വണ്ടിയുള്ളവരില്‍ മിക്കവാറും എല്ലാവരും തന്നെ യാത്രാ വേളയില്‍ പലപ്പോഴും ഇത്തരം പണപ്പിരിവിന് വിധേയരായിട്ടുണ്ടാവും .ചിലപ്പോള്‍ ഒരുദിവസം തന്നെ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ പൈസ കൊടുക്കേണ്ടി വന്നിട്ടുമുണ്ടാവും ....അല്ലേ ?എങ്കില്‍ ചോദ്യം ഇതൊക്കെയാണ് .....
1.നിയമപരമായി ഈ വിധത്തില്‍ വാഹനം തടയുന്നത് തെറ്റല്ലേ ?

2.പൈസ ഇല്ലെന്നു പറഞ്ഞ സന്നര്‍ഭങ്ങളില്‍ നിങ്ങള്‍ ചീത്ത കേള്‍ക്കലിനും ഭീഷണിപ്പെടുത്തലിനും വിധേയരായിട്ടില്ലേ ?

3.നിര്‍ത്താതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ഓടിവന്ന് വണ്ടിയുടെ ബോഡിക് ഇടിക്കുകയും ശകാരിക്കുകയും ചെയ്തിട്ടില്ലേ ?

4.മനസ്സില്‍ യാതൊരു താല്പര്യവുമില്ലാതെ സംഘടിത ശക്തിയെ പേടിച്ചിട്ട് മാത്രമല്ലേ നിങ്ങള്‍ പൈസ കൊടുത്തിട്ടുണ്ടാവുക ??

5.ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ ...പോലീസും നിയമവുമൊക്കെ എവിടെ പോയീ എന്ന് പലപ്പോഴും നിങ്ങള്‍ ആശങ്കപ്പെട്ടിട്ടുണ്ടാവില്ലേ ?

6.ഏതോ നാട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് റോഡില്‍കൂടി യാത്രചെയുന്ന മറ്റേതോ നാട്ടുകാരനായ ഞാനെന്തിന് പൈസ കൊടുക്കണം എന്ന് നിങ്ങള്‍ക്ക് തോന്നിടുണ്ടാവില്ലേ ?

7.പിരിച്ചെടുക്കുന്ന പൈസയില്‍ ഒരു ഭാഗം ബിവറേജസില്‍ എത്തിയിട്ടുണ്ടാവുമെന്ന് ന്യായമായും നിങ്ങള്‍ സംശയിച്ചിട്ടുണ്ടാവില്ലേ ?

8.വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് തിരക്ക് പിടിച്ചു പോകുന്നതിനിടയിലുള്ള ഈ തടഞ്ഞു പിരിവ് നിങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടാവില്ലേ ?.......ഇതില്‍ ഒന്നോ ഒന്നില്‍ കൂടുതലോ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍, ഇരകളായ നിങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടത് നിയമത്തിന്റ ബാധ്യതയല്ലേ ??ഇത്തരം സന്നര്‍ഭത്തില്‍ നിങ്ങളെ സംരക്ഷിക്കേണ്ടതും സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കിത്തരേണ്ടവരുമായ ഞങ്ങള്‍ പോലീസ് ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന വിധത്തില്‍ മാറി നില്കുകയാണോ വേണ്ടത് ? ഏച്ചൂരില്‍ വാഹനം തടഞ്ഞു പണപ്പിരിവ് നടത്തിയവര്‍ തെറ്റു തിരുത്താന്‍ തയ്യാറല്ല എന്നുള്ളതാണ് പിന്നീട് അവര്‍ പോലീസിനെ തടഞ്ഞതിലൂടെ വ്യക്തമാവുന്നത് .ഒറ്റയ്ക്കൊറ്റയ്ക് പാവങ്ങളായ പലരും സംഘടിതരാകുമ്പോള്‍ വേട്ടക്കാരന്റെ കുപ്പായമെടുത്തണിയുന്നത് ഒരു mass psychology ആണ് .

ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട് .നന്മയും തിന്മയും തിരിച്ചറിയാനുള്ള ശേഷി ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. പോലീസ് ഒരാഘോഷങ്ങള്‍ക്കും എതിരല്ല .പക്ഷേ ആഘോഷത്തിന്റെ മറവിലുള്ള സംഘടിത അന്യായ പ്രവര്‍ത്തികള്‍ വെച്ചു പൊറുപ്പിക്കുകയുമില്ല .......പൂച്ചയുടെ മുന്നില്‍ ഭയന്നു നിസ്സഹായനായി പോകുന്ന എലിയുടെ കൂടെ തന്നെയാണ് ഞങ്ങള്‍ .....മരിക്കുവോളം .....
SI Biju

Viral News

Read more topics: si biju, facebook post, viral
English summary
si biju facebook post viral
topbanner

More News from this section

Subscribe by Email