Monday June 18th, 2018 - 5:11:am
topbanner
Breaking News

മുസ്ലീം ദമ്പതികളുടെ വിവാഹം റദ്ദാക്കല്‍; ഹൈക്കോടതി വിധിപകര്‍പ്പില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

NewsDesk
മുസ്ലീം ദമ്പതികളുടെ വിവാഹം റദ്ദാക്കല്‍; ഹൈക്കോടതി വിധിപകര്‍പ്പില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയായിരുന്നു ഒരു വിവാഹ റദ്ദാക്കല്‍. കേരള ഹൈക്കോടതിയാണ് ശഫീന്‍ ജഹാന്‍ ഹാദിയ എന്നിവരുടെ വിവാഹം റദ്ദാക്കിയത്. ഇതിനെതിരെ വ്യക്തി സ്വതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റം എന്ന് ആരോപിച്ച് എസ്ഡിപിഐ പോലുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തി. ജമായത്ത് ഇസ്ലാമിയുടെ ചാനല്‍ മീഡിയവണ്‍ ഇത് ചര്‍ച്ചയുമാക്കി. ആദ്യഘട്ടത്തില്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ഇവിടെ ഹനിക്കപ്പെടുന്നത് എന്നാണ് പലരും വിലയിരുത്തിയത്. എന്നാല്‍ വിധിപകര്‍പ്പ് വന്നതോടെ ഈ വാര്‍ത്തയുടെ ഗതി തന്നെ മാറിയിരിക്കുകയാണ്.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ, സേലത്ത് ഹോമിയോ ഡോക്ടറാകുവാന്‍ പഠിക്കുന്ന വൈക്കം സ്വദേശിനി അഖില, ഈഴവ സമുദായത്തില്‍ പെട്ട അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏക മകള്‍. അശോകന്‍ അവിശ്വാസിയാണ് അവളുടെ മാതാവ് പൊന്നമ്മ മത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നയാളാണ്.

സേലത്തെ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിനാല്‍ അഖില പുറത്ത് മറ്റൊരു വീട്ടില്‍ കൂടെ പഠിക്കുന്ന നാല് കൂട്ടുകാരുടെ കൂടെ താമസം തുടങ്ങുന്നു. അതില്‍ ജസീന, ഫസീന എന്ന പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളും ആയിട്ടായിരുന്നു അഖിലക്ക് കൂടുതല്‍ അടുപ്പം. അവരുടെ കൃത്യ സമയത്തുള്ള പ്രാര്‍ത്ഥനകള്‍, വിശ്വാസത്തോടുള്ള കൂറ് എന്നിവ അഖിലയെ സ്വാധീനിക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ അവരോടു ഇസ്ലാം മതത്തെ കുറിച്ച് ചോദിക്കുന്ന പതിവ് അഖിലയും ആരംഭിച്ചു.

കോളേജില്‍ നിന്നും തിരിച്ചു വരുന്ന സമയത്ത് അഖില ജസീന-ഫസീന സഹോദരിമാരുടെ വീട്ടില്‍ പോവുന്നത് പതിവാക്കി. വീട്ടില്‍ വച്ച് തന്‍റെ ഇസ്ലാം മതത്തോടുള്ള ആകര്‍ഷണം പങ്കു വച്ചതോടെ ജസീനയുടെ പിതാവ് അബൂബക്കര്‍ അഖിലയ്ക്ക് ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു. പഠനത്തിന്‍റെ അവസാന വര്‍ഷം എത്തിയപ്പോള്‍ അഖില ഇസ്ലാമിക വിശ്വാസം മനസ്സ് കൊണ്ട് സ്വീകരിച്ചു എന്നു തന്നെ പറയാം. ഒരിക്കല്‍ വൈക്കത്തുള്ള അവളുടെ വീട്ടില്‍ വച്ച് ഇസ്ലാമിക മുറ പ്രകാരം നമസ്കാരം നിര്‍വഹിച്ചിരുന്നു. അന്ന് അശോകന്‍ മകളെ ശകാരിച്ചു.

ഇസ്ലാമിലേക്ക് കൂടുതല്‍ അടുത്ത അഖില പിന്നീട് പെരിന്തല്‍മണ്ണയില്‍ നിന്നും സേലത്തെ പോയപ്പോള്‍ ഇസ്ലാമിക രീതി പ്രകരം തല തട്ടം ഇട്ടു പൂര്‍ണ്ണമായും മറച്ചു. ഇത് കണ്ട അഖിലയുടെ ഹിന്ദുക്കള്‍ ആയ കൂട്ടുകാരികളില്‍ ഒരാള്‍ അശോകനെ വിളിച്ചു വിവരം പറഞ്ഞു. അന്ന് രാത്രി അഖിലയുടെ അമ്മ അവളെ വിളിക്കുകയും അച്ഛന്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആണ് എന്നും, ഉടന്‍ വരണം എന്നും അവളോട്‌ പറഞ്ഞു. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അഖില നേരെ പെരിന്തല്‍മണ്ണയിലെ കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്.

വീട്ടിലേക്ക് വരികയോ ബന്ധപ്പെടുകയോ ചെയ്യാത്ത അവസരത്തില്‍ മകളെ കാണാനില്ല എന്ന് പറഞ്ഞു അശോകന്‍ ജനുവരി 6, 2016 ഇല്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി. പരാതി പ്രകാരം ജസീനയുടെ പിതാവ് അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അഖിലയെ കണ്ടു കിട്ടാത്തത് കാരണം പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു. ജനുവരി 14 ആം തിയതി അഖിലയെ കണ്ടെത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

അതേസമയം അഖിലയെ മതം പഠിപ്പിക്കാന്‍ അബൂബക്കര്‍ തര്ബിയതുല്‍ ഇസ്ലാം സഭയില്‍ കൊണ്ട് പോയി എങ്കിലും പെണ്‍കുട്ടി ആയതിനാല്‍ അവരുടെ മാതാപിതാക്കളുടെ അനുമതി വേണം എന്ന് പറഞ്ഞു അവര്‍ മടക്കി. തുടര്‍ന്ന് മഞ്ചേരിയില്‍ സത്യസരണി എന്ന മത പഠന കേന്ദ്രത്തില്‍ അഖിലയെ കൊണ്ട് ചെന്നു എങ്കിലും ആരുടെ പ്രേരണയോ, നിര്‍ബന്ധമോ ഇല്ലാതെ മതം മാറി എന്ന് തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം വേണം എന്ന് പറഞ്ഞു അവര്‍ മടക്കി. തുടര്‍ന്ന് ഈ രേഖ സംഘടിപ്പിച്ചു അഖില സത്യസരണിയില്‍ ചേര്‍ന്നു. സത്യസരണിക്കാര്‍ അഖിലയെ സംരക്ഷിക്കാന്‍ സൈനബ എന്ന സ്ത്രീയെ ഏല്പിച്ചു. എസ്ഡിപിഐയുടെ വനിത വിഭാഗം നേതാവാണ് സൈനബ.

പിന്നീടാണ് കോടതി നടപടികള്‍ ആരംഭിക്കുന്നത്, മതം മാറിയെന്ന പേരില്‍ തന്നെ പോലീസ് ശല്യംചെയ്യുന്നു ചെയ്യുന്നു എന്ന് പറഞ്ഞു കോടതിയില്‍ റിട്ട് ഹരജി കൊടുക്കാന്‍ 2016 ജനുവരിയില്‍ കോടതിയില്‍ അഖില എത്തി. അപ്പോഴാണ് തന്നെ തേടി ഹേബിയസ് കോര്‍പ്പസ് കോടതിയില്‍ ഉണ്ട് എന്ന് അഖില അറിയുന്നത്. കേസില്‍ മറുപടിായി താന്‍ കൂട്ടുകാരികളുടെ മതാചാരം കണ്ടു ആകൃഷ്ടയായി മതം മാറിയതാണ് എന്നും, താനിപ്പോള്‍ മുസ്ലിം ആണ് എന്നും അവള്‍ സത്യവാങ്ങ്മൂലം നല്‍കി. ജനുവരി 25 ഇന് അശോകന്‍റെ ഹരജി ഡിസ്പോസ് ചെയ്തു കൊണ്ട് പ്രായപൂര്‍ത്തിയായ മകള്‍ക്ക് അവളുടെ വിശ്വാസവും താമസ സ്ഥലവും തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ട് എന്ന് വിധി പ്രസ്താവിച്ചു. സത്യസരണിയില്‍ പോവാന്‍ ഉള്ള അനുമതിയും കോടതി നല്‍കി. അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദര്‍ശിക്കാന്‍ ഉള്ള അനുമതി കോടതി നല്‍കുകയുണ്ടായി.

തുടര്‍ന്ന് 14 അഗസ്റ്ര് 2016ന് അഖിലയുടെ പിതാവ് തന്‍റെ മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു ഒരു റിട്ട് പെറ്റീഷന്‍ നല്‍കുകയും കോടതിയുടെ നിരീഷണത്തിന് അപേക്ഷിക്കുകയും ചെയ്തു. ആഗസ്റ്റ് 22 ആം തിയതി കേസ് വിളിച്ചപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്‍ അഖിലയെ എങ്ങോട്ടോ മാറ്റിയെന്ന് കോടതിയെ ബോധിപ്പിച്ചു. കേസ് 25 ആം തിയതിയിലേക്ക് മാറ്റി വച്ചു. അന്നേ ദിവസം സൈനബയുമൊത്ത് കോടതിയില്‍ വന്ന അഖിലക്ക് വേണ്ടി അഡ്വ. പി സഞ്ജയ്‌ ആണ് ഹാജരായത്. കോടതി എല്ലാവരോടും സംസാരിച്ച ശേഷം അഖിലയോട് മാതാപിതാക്കളുടെ കൂടെ പോകാന്‍ പറഞ്ഞു എങ്കിലും അവള്‍ തയ്യാറായില്ല.

സൈനബിന്റെ കൂടെ പോകാന്‍ ആണ് അവള്‍ താല്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സൈനബിന്റെ കൂടെ ഒരുമാസം ഒളിവിലായിരുന്നു എന്ന കാരണത്താല്‍ കാരണത്താല്‍ കോടതി അത് അനുവദിച്ചില്ല. തുടര്‍ ഉത്തരവുകള്‍ വരുന്നത് വരെ പിതാവിന്‍റെ ചിലവില്‍ അവളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കോടതി താല്‍ക്കാലിക ഉത്തരവിട്ടു. 29.9.2016 ഇന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കഴിഞ്ഞ ഒരുമാസത്തില്‍ അധികമായി താന്‍ കോടതിയുടെ തടവില്‍ ആയിരുന്നു എന്നും മാതാപിതാക്കളുടെ കൂടെ പോകാന്‍ തയ്യാറല്ല എന്നും അഖില പറഞ്ഞതോടെ സൈനബയുടെ കൂടെ പോകാന്‍ കോടതി ഉത്തരവിട്ടു.

തുടര്‍ന്ന് 14 നവംബര്‍ 2016 ന് കേസ് വീണ്ടും പരിഗണനയില്‍ വന്നപ്പോള്‍ അഖിലക്ക് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാര്‍, അഖിലയുടെ ഹോമിയോ ഡോക്ടര്‍ പഠനം പൂര്‍ത്തിയായിട്ടില്ല എന്നും അതിനാല്‍ തന്നെ അവളുടെ ഭാവി ആശങ്കയിലാണെന്നും കോടതിയെ ബോധിപ്പിച്ചു. അവള്‍ക്ക് മതിയായ വരുമാനം ഉണ്ട് എന്ന് പറഞ്ഞതോടെ സംഘടനയുടെ സഹായം ഉണ്ട് എന്ന് കോടതിക്ക് സംശയം ഉണര്‍ന്നു. തുടര്‍ന്ന് സൈനബയുടെ വരുമാനം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് അഖിലയുടെ പിതാവ് അശോകന്‍ തന്‍റെ മകളുടെ പഠനം തുടരാന്‍ ആവശ്യമായ ചിലവ് വഹിക്കാം എന്ന് പറഞ്ഞതോടെ സൈനബയില്‍ പ്രകടമായ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് 19.12.2016 ഇന് കോടതി അഡ്വ. എസ് ശ്രീകുമാര്‍ ഉള്‍പ്പടെ കൂടെ പോയി അഖിലയെ കോളേജില്‍ കൊണ്ട് ചെന്നു ചേര്‍ക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് കേസ് ഡിസംബര്‍ 21 ആം തിയതിയിലേക്ക് തുടര്‍ വാദങ്ങല്‍ക്കായി മാറ്റി വച്ചു.

എന്നാല്‍ 21.12.2016 ഇന് അഖില ഹാജരായത് വേറെ ഒരാളുടെ കൂടെയാണ്. അതാരാണ് എന്ന് ചോദിച്ചപ്പോള്‍ അഡ്വ. ശ്രീകുമാര്‍ അഖിലയുടെ ഭര്‍ത്താവാണ് എന്നും പേര് ഷഫിന്‍ ജഹാന്‍ ആണ് എന്നും ബോധിപ്പിച്ചു, അഖില വിവാഹിതയായി എന്നും കോടതിയെ അറിയിച്ചു. പുത്തൂര്‍ ജമാ മസ്ജിദ് ഖാളിയാണ് വിവാഹം നടത്തി നല്‍കിയത് എന്നും, 19.12.2016 നായിരുന്നു വിവാഹം എന്നും അഖിലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അഖിലയുടെയും, ഭര്‍ത്താവ് ശഫീന്‍ ജനാന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി. വിവാഹം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.

എന്നാല്‍ ഈ വിവാഹത്തില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. കാര്യം നേടാന്‍ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയില്‍ കോടതി അത്ഭുതപ്പെട്ടു എന്നാണ് ഇത് സംബന്ധിച്ച് വിധിയിലെ നിരീക്ഷണം. അഖിലയുടെ വക്കീല്‍ ശ്രീകുമാറിനോട് അഖിലയെ കോളേജില്‍ ചേര്‍ക്കാം എന്ന ഉത്തരവ് കോടതി ചെയ്ത അതേ ദിവസം ആണ് ഈ വിവാഹം നടന്നത് എന്നതാണ് അത്ഭുതമെന്നും കോടതി പറഞ്ഞു. കോടതി കസ്റ്റഡിയില്‍ ഏല്‍പ്പിച്ച ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് സാരം.

അതായത് രേഖകള്‍ വഴി ഉണ്ടാക്കിയ ഒരു വിവാഹം മാത്രമാണ് ഇതെന്ന് ഒറ്റയടിക്ക് തന്ന തെളിഞ്ഞു. കാരണം അഖിലയുടെ കേസില്‍ വാദം നടന്നു, ഉത്തരവ് വന്ന ദിവസം ആണ് വിവാഹം എന്നായിരുന്നു അഖിലയുടെ വാദം. കോടതി ഇതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു..

അത് വരെ നടത്തിയ എല്ലാ വാദങ്ങള്‍ക്കും വിരുദ്ധമായ ഒരു പുതിയ സംഗതി ഉരുത്തിരിഞ്ഞതോടെ കോടതിയുടെ നിലപാട് മാറി. ഈ സംഭവങ്ങളുടെ മുന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ക്ക് നിര്‍ദേശം നല്‍കിയ കോടതി, അഖിലയുടെ പിതാവ് അശോകന്‍റെ വാദങ്ങള്‍ മുഖ വിലയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. തന്‍റെ മകളെ നിരോധിത സംഘടനകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ തുടര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്എന്‍വി സദനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈല്‍ ഫോണ്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ല എന്നും ഉത്തരവിട്ടു.

അഖിലയെ സംരക്ഷിക്കും എന്ന് കരുതി കോടതി ഏല്‍പ്പിച്ച സൈനബയുടെ വീട്ടില്‍ വച്ചാണ് ഈ വിവാഹം നടന്നത് എന്നത് കോടതിയെ ശരിക്കും ഞെട്ടിച്ചു. വൈക്കം സ്വദേശിയായ അഖില കോട്ടക്കല്‍ സ്വദേശിയായ സൈനബയുടെ വീട്ടില്‍ താമസിച്ചു കൊല്ലം സ്വദേശിയായ ശഫീന്‍ ജഹാനെ വിവാഹം ചെയ്യുന്നു. അതും പെട്ടന്നാണ് സംഭവങ്ങള്‍ക്ക് ഇങ്ങനെ ഒരു ഷിഫ്റ്റ്‌ വരുന്നത്. ഈ ലിങ്കുകള്‍ മൊത്തം കോടതി പരിശോധിച്ചു.

ഷഫീന്‍ ആരാണ് എന്നും കോടതി അന്വേഷിച്ചു. ശഫീനെ കുറിച്ച് കോടതിയുടെ നിരീഷണം ഇതാണ്. ഫേസ്ബുക്കില്‍ വളരെ സജീവമായ ശഫീന്‍ പക്ഷേ തന്‍റെ ജീവിതത്തിലെ പ്രധാന സംഭവമായ വിവാഹത്തെ കുറിച്ച് ഒന്നും മുഖപുസ്തകത്തില്‍ നല്‍കിയിരുന്നില്ല. ഈ വിവാഹത്തെക്കുറിച്ച് കോടതി വിധി വന്നപ്പോള്‍ ആണ് വിവാഹ പോസ്റ്റ്‌ പൊടുന്നനെ പ്രത്യേക്ഷപ്പെട്ടത്.

ക്രിമിനല്‍ കേസില്‍ പ്രതിയായ ഷഫീന്‍ ജഹാന്‍ എസ്.ഡി.പി.ഐ യുടെ ഒരു സജീവ പ്രവര്‍ത്തകന്‍ ആണ്. എസ്.ഡി.പി.ഐ കേരളം എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനും ആണ് ഇയാള്‍. നേരത്തെ ബാങ്ങലൂരില്‍ നിന്നും ഐഎസ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട വ്യക്തി ഉള്‍പ്പെട്ട മറ്റൊരു ഗ്രൂപ്പിലും ശഫീന്‍ അംഗമാണ് എന്ന് കോടതി മറ്റൊരു സ്ഥലത്ത് നിരീക്ഷിക്കുന്നു.

കോടതിയുടെ മറ്റൊരു നിരീക്ഷണം ശഫീന് ജോലിയൊന്നും ഇല്ല എന്നാണു. (പക്ഷെ എങ്ങിനെ ഇതിനൊക്കെ പണം കിട്ടുന്നു എന്ന ചോദ്യം സംഘടനാ ബന്ധങ്ങളിലെക്ക് വിരല്‍ ചൂണ്ടുന്നതായി കോടതി മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്. ഇതിനോടൊപ്പം അഖില ആദ്യം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അവളുടെ പേര്‍ ആസ്യ എന്നായിരുന്നു, പിന്നെ വേറൊരു സത്യവാങ്ങ്മൂലത്തില്‍ നല്‍കിയപ്പോള്‍ ആദിയ എന്നായി, അവസാനം സത്യവാങ്ങ്മൂലത്തില്‍ നല്‍കിയ ഹാദിയ എന്നായി . അതിനാല്‍ സ്വന്തം പേര് തന്നെ എന്താണ് എന്ന് ഉറപ്പിക്കാത്ത ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള ശേഷി ഉണ്ടാവുമോ എന്ന് തന്നെ കോടതി സംശയം പ്രകടിപ്പിക്കുന്നു. പിതൃ തുല്യമായ ഉത്തരവാദിത്തം കോടതി സ്വയം ഏറ്റെടുത്ത് കോടതി നല്‍കിയ വിധിയാണ് ഇതെന്നും വിധിപകര്‍പ്പില്‍ പറയുന്നു.

നേരത്തെ ചെര്‍പ്പുളശേരിയില്‍ മതം മാറിയ ആതിരയുടെ കേസില്‍ ഹാജരായ അഡ്വ. പി കെ ഇബ്രാഹിം തന്നെ ഈ കേസിലും സഹായിക്ക് വേണ്ടി വാദിക്കാന്‍ വന്നു എന്നത് കേവലം ഒരു യാദൃശ്ചികതയായി കോടതിക്ക് തോന്നിയിട്ടില്ല. കേസില്‍ വേണ്ട തരത്തില്‍ അന്വേഷണം നടത്താത പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല നടപടികള്‍ക്കും കോടതി ഉത്തരവില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവളുമായി സംസാരിച്ച ജട്ജിമാര്‍ക്ക് ഇവര്‍ സാധാ ബുദ്ധിശക്തി മാത്രം ഉള്ള ഒരു കുട്ടിയായിട്ടാണ് തോന്നിയത്. അറബിയില്‍ കാണാതെ പഠിച്ച കുറെ ആയത്തുകള്‍ ഉരുവിടുന്നു എന്നാണു മനസ്സിലായത്. രണ്ടു മതത്തില്‍ പെട്ടവര്‍ പരസപരം ഇഷ്ടപ്പെട്ടു ഒരാള്‍ മറ്റൊരാളുടെ മതം സ്വീകരിക്കുന്നതല്ല ഇവിടെ നടന്നത്. ആദ്യമേ മതം മാറിയ ഒരാളുടെ നിര്‍ബന്ധിതം എന്ന് തോന്നിക്കുന്ന വിവാഹമാണ് ആണ്. പക്ഷെ അതിന്‍റെതായ ഒരു ലക്ഷണവും കോടതി കണ്ടില്ല.

പക്ഷെ കേസില്‍ അപ്പീലിന് നല്ല സാധ്യത നിലനില്‍ക്കുന്നുണ്ട്. ഭരണഘടനാ അവകാശങ്ങള്‍ പറഞ്ഞു സുപ്രീംകോടതിയില്‍ പോയാല്‍ അനുകൂല വിധി ഉണ്ടാവാം. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതെ ഞങ്ങള്‍ പ്രണയത്തില്‍ ആണ്, ഒന്നിച്ചു ജീവിക്കണം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അനുകൂല വിധി ലഭിക്കാന്‍ സാധ്യതയുണ്ട്.

English summary
shafeen jahan haadiya marriage high court

More News from this section

Subscribe by Email