Tuesday October 23rd, 2018 - 3:14:pm
topbanner
Breaking News

തന്ത്രിക്ക് വായനയും പഠനവും പ്രിയം; മേൽശാന്തിമാരുടെ ഉറക്കം രണ്ടുമണിക്കൂർ: തന്ത്രിയുടെയും മേൽശാന്തിമാരുടെയും വേറിട്ട ദിനചര്യകൾ

NewsDesk
തന്ത്രിക്ക് വായനയും പഠനവും പ്രിയം; മേൽശാന്തിമാരുടെ ഉറക്കം രണ്ടുമണിക്കൂർ: തന്ത്രിയുടെയും മേൽശാന്തിമാരുടെയും വേറിട്ട ദിനചര്യകൾ

ശബരിമല: ദിവസവും വെളുപ്പിന് മൂന്നുമുതൽ രാത്രി 11 വരെ പൂജകൾ, കഷ്ടിച്ച് രണ്ടു മണിക്കൂർ ഉറക്കം, ധ്യാനം, ലഘുഭക്ഷണം, വായന, പഠനം, മണിക്കൂറുകളോളം ഭക്തരുമായി കൂടിക്കാഴ്ച. ശബരീശ സന്നിധിയിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും മാളികപ്പുറത്ത് മേൽശാന്തിയുടെയും ദിനചര്യകൾ വേറിട്ടതാണ്. സന്നിധാനത്തെ ശ്രീകോവിലിനു സമീപമാണ് തന്ത്രിയും ശബരിമല മേൽശാന്തിയും താമസിക്കുന്നത്. മാളികപ്പുറം മേൽശാന്തി മാളികപ്പുറംക്ഷേത്രത്തിനു സമീപവും. അവരുടെ ദിനചര്യകളിലേക്ക്.

sabarimala tantri

വായനയോടും ധ്യാനത്തോടും പ്രിയം; സന്നിധാനത്ത് നിയമപഠനം

ശബരിമല താന്ത്രിക ചുമതലയുള്ള ഇരുപത്തിമൂന്നുകാരനായ തന്ത്രി കണ്ഠര് മഹേഷ് മോഹനർ വെളുപ്പിന് 1.45ന് ഉറക്കമുണരും. പ്രഭാതകൃത്യങ്ങൾക്കുശേഷം രണ്ടു മണിയോടെ സന്ധ്യാവന്ദനവും ജപവും നടത്തും. 2.55ന് മേൽശാന്തിയെത്തും, ഇരുവരും നട തുറക്കുന്നതിനായി പുറപ്പെടും. മൂന്നിന് നടതുറന്നാൽ മൂന്നരമുതൽ ഗണപതി ഹോമം. 4.30ന് തിരികെ താമസസ്ഥലത്ത് എത്തി ഭക്തരെ കാണും, പ്രസാദം നൽകും. 4.30 മുതൽ ഒന്നര മണിക്കൂറോളം യോഗ അഭ്യസിക്കും. ഇത് വീട്ടിലും പതിവാണ്. ആറിന് കലശത്തിനുശേഷം ഏഴേകാലോടെ തിരികെയെത്തി വീണ്ടും ഭക്തരെ കാണും. എട്ടരയ്ക്ക് പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പുസ്തകവായനയിലേക്കും പഠനത്തിലേക്കും കടക്കും.

sabarimala photos

ചെന്നൈ ഭാരത് യൂണിവേഴ്‌സിറ്റിയിൽ ഒന്നാംവർഷ നിയമബിരുദ വിദ്യാർഥിയായതിനാൽ പാഠപുസ്തകം വായനയും പതിവാണ്. 10.45ന് ദേഹശുദ്ധിവരുത്തിയശേഷം പന്ത്രണ്ടുമണിവരെ ധ്യാനത്തിലിരിക്കും. 12ന് ഉച്ചപൂജയും 25 കലശവും കളഭവും. 1.30ന് നടയടച്ച് തിരികെയെത്തിയാൽ നിവേദ്യച്ചോറാണ് ഉച്ചഭക്ഷണം. പകലുറക്കം പതിവില്ല. വായനയും ഭക്തരെ കാണലുമായി ആറുവരെ സമയം ചിലവഴിക്കും. ഏഴുവരെ സന്ധ്യാവന്ദനജപം. എട്ടരമുതൽ ഭക്തരെ കാണും. പത്തരയോടെ ഉറങ്ങാൻ കിടക്കും. മൂന്നുമണിക്കൂറോളമാണ് ഉറക്കം. ഇരു മേൽശാന്തിമാർക്കും താന്ത്രിക ഉപദേശം നൽകുന്നത് തന്ത്രിയാണ്. താഴമൺ മഠത്തിലെ അംഗങ്ങൾ ചേർന്നുണ്ടാക്കിയ ധാരണ അനുസരിച്ചാണ് ഓരോ വർഷവും ചിങ്ങം ഒന്നിന് അടുത്ത ഒരുവർഷത്തേക്കുള്ള തന്ത്രിയെ നിയോഗിക്കുന്നത്. ഒരോവർഷവും തന്ത്രിമാർ മാറിവരും.

sabarimala-melshanthi-unnikrishnan

രണ്ടരമണിക്കൂർ ഉറക്കം; ഭക്തിയിൽ മുഴുകുമ്പോൾ ഭക്ഷണം മറക്കും

ശബരിമല മേൽശാന്തിയായ ചാലക്കുടി മംഗലത്ത് അഴകത്ത് മനയിൽ എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഒരു ദിവസം വെളുപ്പിന് 2.15ന് ആരംഭിക്കും. പ്രഭാതകൃത്യങ്ങൾക്കുശേഷം സന്ധ്യാവന്ദനം കഴിഞ്ഞ് 2.55ന് തന്ത്രിയെ സന്ദർശിച്ച് നടതുറക്കാനിറങ്ങും. മൂന്നിന് നടതുറക്കലും നിർമാല്യ ദർശനവും. തുടർന്ന് അഭിഷേകം ആരംഭിക്കും. മൂന്നരയ്ക്ക് തന്ത്രിയോടൊപ്പം ഗണപതിഹോമത്തിൽ പങ്കെടുക്കും. നാലുമുതൽ നെയ്യഭിഷേകം. 8.30ന് സന്നിധാനത്തെ മേൽശാന്തിമാരുടെ താമസസ്ഥലത്ത് തിരിച്ചെത്തി ഭക്തരെ കാണും. ആകുലതകൾ അകറ്റാനായി ഉപദേശങ്ങളും നിർദേശങ്ങളും നൽകും. ഭക്തരുടെ തിരക്കിനിടയിൽ ലഘുഭക്ഷണം കഴിക്കും. രണ്ട് ദോശയിൽ കൂടുതൽ കഴിക്കാറില്ലെന്ന് മേൽശാന്തി പറയുന്നു.

/sabarimala-nadathurakkalഉച്ചയ്ക്ക് 12ന് ഉച്ചപൂജ കഴിഞ്ഞാൽ 1.30ന് നടയടയ്ക്കും. കുറച്ചു കറികൾ ചേർത്ത് ഉച്ചയൂണ്. ഒരു മണിക്കൂർ ഉച്ചയുറക്കം. 2.45ന് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തും. 3.30ന് വീണ്ടും നടതുറക്കും. തുടർന്ന് പുഷ്പാഞ്ജലി. ഇടയ്ക്ക് താമസസ്ഥലത്തെത്തി ഭക്തരെ കാണും. 6.30ന് ദീപാരാധനയും തുടർന്ന് പുഷ്പാഭിഷേകവും. വീണ്ടും ഭക്തരുടെ ഇടയിലേക്ക്. രാത്രി 10.30ന് അത്താഴപൂജ, 11ന് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കും. താമസസ്ഥലത്തെത്തി കുളിയും ഭക്ഷണവും മറ്റും കഴിഞ്ഞ് കിടക്കുമ്പോൾ പന്ത്രണ്ടു മണിയോടടുക്കും. ദിവസം വീണ്ടും ആവർത്തിക്കും.

ഭക്ഷണ-ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ മക്കളായ വിഷ്ണുവും ആയുർവേദ ഡോക്ടറായ വാസുദേവനും എപ്പോഴും അടുത്തുണ്ടെന്ന് അയ്യപ്പ അനുഗ്രഹത്താൽ ക്ഷീണം തോന്നാറേയില്ലെന്നും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറയുന്നു. ഭഗവൽസേവയിൽ കഴിയുന്ന അച്ഛൻ പലപ്പോഴും ഭക്ഷണകാര്യം പോലും മറന്നുപോകുന്നതായി വിഷ്ണു പറയുന്നു.

malikappuram-melshanthi

ഭാഷകൾ പഠിക്കാൻ മോഹം; ഭക്തരിൽ അയ്യനെയും മാളികപ്പുറത്തമ്മയെയും കാണുന്നു

തൊഴാൻ വരുന്ന ഭക്തരിലൊരാൾ അയ്യപ്പനും ഒരാൾ മാളികപ്പുറവുമായിരിക്കും, അവരുടെ സന്തോഷമാവും നിനക്കുള്ള അനുഗ്രഹമെന്ന ഗുരുവിന്റെ ഉപദേശം ശിരസാവഹിച്ചാണ് വി.എൻ. അനീഷ് നമ്പൂതിരി മാളികപ്പുറത്ത് മേൽശാന്തിയായി പൂജകൾ നിർവഹിക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെ ഉറക്കമെണീറ്റ് ദേഹശുദ്ധിവരുത്തിക്കഴിഞ്ഞാൽ സന്ധ്യാവന്ദനത്തിലേക്ക് കടക്കും. 2.55ന് വാര്യർ വിളക്കുമായി വന്ന് നടതുറക്കാൻ പുറപ്പെടും. മൂന്നിന് നടതുറന്നാൽ അഭിഷേകവും മലർ നിവേദ്യവും. 3.30ന് ഗണപതി ഹോമം. തുടർന്ന് രാവിലെ ഏഴുവരെ ഭക്തരെ കാണും. ഇടയ്ക്ക് ദോശയോ ഇഡ്ഡലിയോ കഴിക്കും. ഏഴിന് ഉഷപൂജ കഴിഞ്ഞാൽ വീണ്ടും ഭക്തരുടെ ഇടയിലേക്ക്. ഇത് 11 ന് ഉച്ചപൂജ വരെ നീളും. 1.30ന് നടയടച്ച ശേഷം ഊണ് കഴിക്കും. ഊണ് താമസസ്ഥലത്ത് തന്നെ തയാറാക്കും. രണ്ടേകാലോടെ ദേഹശുദ്ധിവരുത്തും. ഉച്ചയുറക്കമില്ല. ഉച്ചകഴിഞ്ഞ് 3.30ന് നടതുറക്കും. തുടർന്ന് 6.30ന് ദീപാരാധനയ്ക്കു മുമ്പുവരെ ഭക്തരെ കാണും. വൈകിട്ട് ഏഴിന് ഭഗവതി സേവ. എട്ടിന് സന്നിധാനത്ത് ശ്രീകോവിലിലെത്തി ശബരീശ സന്നിധിയിലെ തൃപ്പടിയിൽ മേൽശാന്തിക്ക് പണക്കിഴി സമർപ്പിക്കും. തുടർന്ന് തന്ത്രിക്ക് ഭഗവതിസേവ പ്രസാദം നൽകും. ദിവസ പൂജാവിശേഷങ്ങൾ തന്ത്രിയെ ധരിപ്പിക്കും.

malikappuram-melshanthi

അടുത്ത ദിവസത്തെ പൂജാവിവരങ്ങൾ പറയും. തന്ത്രിയിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ച് നമസ്‌ക്കരിക്കും. തുടർന്ന് ശബരിമല മേൽശാന്തിയെ കണ്ട് പ്രസാദം നൽകി കുശലാന്വേഷണം നടത്തും. രാത്രി ഒമ്പതിന് അത്താഴപൂജ. രാത്രി 11ന് നടയടയ്ക്കും. പന്ത്രണ്ടുമണിയോടെയാണ് ഉറക്കം. മുപ്പത്തിയെട്ടാംവയസിൽ മാളികപ്പുറത്തമ്മയെ സേവിക്കാൻ നിയോഗം ലഭിച്ചതിന്റെ സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. പുതിയകാവ് അമൃതവിദ്യാലയത്തിലെ രണ്ടാംക്ലാസുകാരനായ മകൻ അഭിഷേക് അമ്മൂമ്മയോടൊപ്പം മാളികപ്പുറത്തെത്തി പ്രസാദം ഏറ്റുവാങ്ങിയത് സന്തോഷത്തോടെ വെളിപ്പെടുത്തി. ഒരുവർഷത്തെ ധ്യാനനിരതമായ ജീവിതത്തിനിടയിൽ ഇംഗ്‌ളീഷ് അടക്കമുള്ള മറ്റു ഭാഷകൾ സ്വായത്തമാക്കാനും പൂജാ-ജ്യോതിഷ പഠനം വിപുലപ്പെടുത്താനും സാധിക്കുമെന്നും ഇതിന് ശബരീശനും മാളികപ്പുറത്തമ്മയും അനുഗ്രഹിക്കുമെന്നും അനീഷ് നമ്പൂതിരി പറയുന്നു.

ശബരിമല-മാളികപ്പുറം മേൽശാന്തിമാർ പുറപ്പെടാ ശാന്തിമാരാണ്. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മലകയറി ശബരീശ സന്നിധിയിലെത്തിയാൽ പിന്നെ ഇവർ ഒരു വർഷത്തേക്ക് മലയിറങ്ങില്ല. എല്ലാ മലയാള മാസവും ആദ്യ അഞ്ചുദിവസം മാസപൂജയ്ക്ക് നട തുറക്കും. വിഷുവിനും ഓണത്തിനും വിശേഷാൽ പൂജയും നടക്കും. മറ്റു ദിവസങ്ങളിൽ പൂജാ പഠനങ്ങളിലും ധ്യാനത്തിലും മുഴുകും. ഗുരുക്കന്മാർ സന്നിധാനത്തെത്തി പഠനമൊരുക്കും.

Read more topics: sabarimala, sannidhanam,
English summary
sabarimala tantri melshanthi dinacharya
topbanner

More News from this section

Subscribe by Email