topbanner
Saturday November 25th, 2017 - 3:15:pm
topbanner
Breaking News

റോഡപകടം: സംസ്ഥാനത്ത് മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയം പിന്നിലെന്ന് റിപ്പോർട്ട്

suvitha
റോഡപകടം: സംസ്ഥാനത്ത് മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയം പിന്നിലെന്ന് റിപ്പോർട്ട്

കോട്ടയം: റോഡപകടങ്ങളില്‍ സംസ്ഥാനത്ത് മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയം പിന്നില്‍. കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞദിവസം പുറത്തിറക്കിയ 'ഇന്ത്യയിലെ റോഡ് അപകടങ്ങള്‍ 2016' റിപ്പോര്‍ട്ടിലാണ് അപകടങ്ങളുടെ കണക്ക് വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞകാലങ്ങളില്‍ ചെയ്തിരുന്ന കര്‍ശന നടപടികളാണു കോട്ടയം ജില്ലയെ റോഡപകടങ്ങളില്‍നിന്നു രക്ഷിച്ചത്. രാജ്യത്ത് റോഡപകടങ്ങളില്‍ അഞ്ചാം സ്ഥാനത്താണു കേരളമെങ്കിലും സംസ്ഥാനത്ത് കോട്ടയം ജില്ല പതിനൊന്നാം സ്ഥാനത്താണ്.

അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ നാലാമതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലകളില്‍ സ്ഥിരം അപകടമേഖലകളെക്കുറിച്ചു പഠിച്ചു സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കു റിപ്പോര്‍ട്ട് നല്‍കാന്‍ എംപി, എംഎല്‍എ, കളക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ റോഡ് സുരക്ഷാ സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ റോഡ് അപകടങ്ങളില്‍ 8.2 ശതമാനം കേരളത്തിലാണ്.

ഇരുചക്രവാഹനങ്ങളാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ മരണപ്പെടുന്നവരില്‍ മുന്നിലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇരുചക്രവാഹനാപകടങ്ങളില്‍ 19.3 ശതമാനത്തിലും യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും കൂടുതല്‍ അപകടങ്ങള്‍ക്കും (84.0 ശതമാനം) അപകടമരണങ്ങള്‍ക്കും (80.3 ശതമാനം) കാരണമാകുന്നതു ഡ്രൈവറുടെ പിഴവാണെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ റോഡ് അപകട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 68.6 ശതമാനം 18-45 പ്രായത്തിലുള്ളവരാണ്. 18 വയസില്‍ താഴെ ഏഴു ശതമാനം.

അപകടമരണം ദേശീയപാതകളില്‍ 34.5 ശതമാനം, സംസ്ഥാനപാതകളില്‍ 27.9 ശതമാനം, മറ്റു റോഡുകളില്‍ 37.6 ശതമാനം. രണ്ടുവരി പാതകളിലാണ് ഏറ്റവുമധികം അപകടങ്ങള്‍ 1,90,800. മീഡിയനുള്ള നാലുവരി പാതകളില്‍ 67,179. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടങ്ങളില്‍പെടുന്നത് (33.8 ശതമാനം). കാര്‍, ജീപ്പ്, ടാക്‌സി വാഹനങ്ങള്‍ 23.6 ശതമാനം, ട്രക്ക്, ടെമ്പോ, ടാക്‌സി വാഹനങ്ങള്‍ 21 ശതമാനം, ബസുകള്‍ 7.8 ശതമാനം, ഓട്ടോറിക്ഷകള്‍ 6.5 ശതമാനം. മരിച്ചവരില്‍ ഏറെയും ഇരുചക്രവാഹന യാത്രക്കാര്‍–34.8 ശതമാനം. കാര്‍, ടാക്‌സി, വാന്‍ 17.9 ശതമാനം, ട്രക്ക് 11.2 ശതമാനം, കാല്‍നടക്കാര്‍ 10.5 ശതമാനം, ബസ് 6.6 ശതമാനം, ഓട്ടോറിക്ഷ 4.7 ശതമാനം, സൈക്കിള്‍ 1.7 ശതമാനം എന്നിങ്ങനെയാണു മറ്റുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടത്.

സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും. രാജ്യത്ത് 2016ല്‍ ഏറ്റവുമധികം റോഡ് അപകടങ്ങളുണ്ടായ 50 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഏഴു നഗരങ്ങള്‍ ഉള്‍പ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളാണ് അപകടങ്ങളില്‍ മുന്നിലുള്ളത്. കേരളത്തില്‍ 2016ല്‍ നടന്ന 39,420 റോഡ് അപകടങ്ങളില്‍ 4287 പേര്‍ മരിക്കുകയും 44,108 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2015ല്‍ 39,014 അപകടങ്ങളിലായി 4196 പേര്‍ മരിക്കുകയും 43735 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

 

 

Read more topics: road accident, kottayam, district, back,
English summary
road accident: kottayam district back rather than other districts
topbanner topbanner

More News from this section

Subscribe by Email