Friday June 22nd, 2018 - 9:24:am
topbanner
Breaking News

പരിഹാസം മണിക് സര്‍ക്കാരിനോട് വേണ്ട; അദ്ദേഹത്തെക്കുറിച്ച് എന്തറിയാം രമേശ് ചെന്നിത്തലയ്ക്ക്?

suvitha
പരിഹാസം മണിക് സര്‍ക്കാരിനോട് വേണ്ട; അദ്ദേഹത്തെക്കുറിച്ച് എന്തറിയാം രമേശ് ചെന്നിത്തലയ്ക്ക്?

മണിക് സർക്കാരിനെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് അഡ്വ. ജഹാംഗീര്‍ റസാഖിന്റെ തുറന്ന കത്ത്. ഫേസ്ബുക്ക് പേജിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ജഹാംഗീര്‍ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയനെ താങ്കള്‍ക്കു വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യാം. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന് അങ്ങിനെ ചെയ്യുന്നതില്‍ യാതൊരുവിധ തെറ്റുമില്ല. പക്ഷേ മണിക്ക് സര്‍ക്കാരിനെ പരിഹസിക്കുമ്പോള്‍, ആ മഹാമനുഷ്യനെക്കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ല എന്നതാണ് അതിന്‍റെ ലളിതമായ ഭാഷ്യം.

അഡ്വ. ജഹാംഗീര്‍ റസാഖിന്റെ തുറന്ന കത്തിന്റെ പൂർണരൂപം

ആദരണീയനായ പ്രതിപക്ഷ നേതാവ് ശ്രീ. Ramesh Chennithala,
ആദ്യം താങ്കളോട് ഒരു അനുഭവകഥ പറയാം.

1) കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു സവിശേഷകരമായ തിരുവനന്തപുരം യാത്ര നടത്തി. നാട്ടുകാരനും സഖാവുമായിരുന്ന കളത്തില്‍ അബുള്ളക്കുട്ടിക്കയുടെ മകളുടെ Compassionate Appointment (ആശ്രിത നിയമനം ) കാര്യത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ കൂടെ കൂട്ട് പോയതായിരുന്നു. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവ് സര്‍വീസിലിരിക്കെ ഹൃദയാഘാതം വന്നു മരിച്ചു. ആ നിര്‍ഭാഗ്യവതിയുടെ സര്‍ക്കാര്‍ ജോലി ഫയലുകളുടെ നീക്കം വേഗത്തിലാക്കാനുള്ള യാത്രയായിരുന്നു അത്. അബ്ദുള്ളാക്ക തിരുവനന്തപുരം ആദ്യമായി കാണുകയായിരുന്നു.

രാവിലെ ലോഡ്ജ് മുറിയില്‍ നിന്നിറങ്ങി സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ കയറി യാത്രോദ്ദേശം നിറവേറ്റിയ ശേഷം പുറത്തിറങ്ങിയ എന്നോട് അദ്ദേഹം AKG സെന്ററില്‍ പോകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഹൃദയ സഖാവും സമകാലികനുമായ സഖാവ് പാലൊളി മുഹമ്മദ്കുട്ടി അവിടെയുണ്ടത്രേ. സഖാവിനെ കാണണം. ഞങ്ങള്‍ ഒരു ഓട്ടോറിക്ഷയില്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സിരാകേന്ദ്രത്തില്‍ എത്തി.

2) അകത്തു കടന്ന അബ്ദുല്ലാക്ക പാലോളിയെ അന്വേഷിച്ചു,
സ്വീകരിച്ച സഖാവ് ചൂണ്ടിക്കാണിച്ച വഴിയിലൂടെ അബ്ദുള്ളയുടെ വൃദ്ധപാദങ്ങള്‍ ചലിച്ചു. വെണ്മയുള്ള ജുബ്ബയും പൈജാമയും ധരിച്ച , തേജസ്സുള്ള മുഖമുള്ള ഒരു മനുഷ്യന്‍ അവിടെയുള്ള ഒരു കസേരയിലിരുന്ന് അന്നത്തെ ദിവസത്തെ ഇന്ത്യന്‍ എക്സ്പ്രസ് പത്രം വായിക്കുന്നുണ്ടായിരുന്നത് ഞാനിപ്പോഴും തെളിമയോടെ ഓര്‍ക്കുന്നു. കണ്ടമാത്രയില്‍ ഇന്ത്യയിലെതന്നെ ഏറ്റവും ലളിതനായ, ദരിദ്രനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ഞാന്‍ തിരിച്ചറിഞ്ഞു. പാലൊളിയുടെ അടുത്തേക്കെത്താന്‍ വ്യഗ്രതപ്പെടുന്ന അബ്ദുല്ലാക്കയെ ആളെ കാണിച്ചു പറഞ്ഞു കൊടുത്തു.

സൂര്യബിംബം പോലെ എന്‍റെ കൂടെയുള്ള അബ്ദുള്ളയെന്ന വൃദ്ധ സഖാവിന്‍റെ മുഖം വിടര്‍ന്നു. ചിരിച്ചു പരസ്പ്പരം ഹസ്തദാനം ചെയ്തു ; എനിക്ക് നേരെയും ആ മഹാനായ കമ്മ്യൂണിസ്റ്റ്കാരന്‍റെ കരം നീണ്ടു. അബ്ദുല്ലാക്ക മലയാളത്തില്‍ വാചാലനായിത്തുടങ്ങി. ഭാഷാപരമായ പരിമിതി തിരിച്ചറിഞ്ഞ ഞാന്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി, പരിചയപ്പെടുത്തി. ആഗമനോദ്ദേശം പറഞ്ഞു.

3) അബ്ദുല്ലാക്ക അദ്ദേഹത്തെ അവിശ്വസനീയമായി വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ട് പാലോളിയുടെ അടുക്കലേക്കു നടന്നു. ഞാന്‍ ആ സഖാവിനോട് സംസാരിച്ചു സമീപത്തുതന്നെ നിന്നു. ആ മനുഷ്യന്‍ AKG സെന്ററിലെ സഹായിയായ ഒരു സഖാവ് വാങ്ങുവാന്‍ പോയ 2 രൂപ വിലയുള്ള ഒരു പാക്കറ്റ് സാമ്പിള്‍ സോപ്പുപൊടി കാത്തിരിക്കുകയാണ് അവിടെ. അദ്ദേഹത്തിന്‍റെ കയ്യില്‍ ആകെ രണ്ടു ജോഡി ഡ്രസ്സ്‌ മാത്രമേയുള്ളൂ .

മുഷിഞ്ഞ വസ്ത്രം സ്വയം അലക്കിയുണക്കിയാല്‍ മാത്രമേ പങ്കെടുക്കേണ്ട പാര്‍ട്ടി പരിപാടികളും, തിരിച്ചുള്ള യാത്രയും സാധ്യമാകൂ. സത്യം പറയട്ടെ രമേശ്‌, ഞാന്‍ ജീവിതത്തില്‍ അതുവരെയും, അതിനു ശേഷവും രണ്ടു ജോഡി വസ്ത്രം മാത്രമുള്ള ഒരു മനുഷ്യനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഇനിയൊട്ട് കാണുമെന്ന് പ്രതീക്ഷയുമില്ല . അദ്ദേഹത്തിന്‍റെ പേര് മണിക് സര്‍ക്കാര്‍ എന്നാണു മിസ്റ്റര്‍ രമേശ്‌ ചെന്നിത്തല. അന്നത്തെ ദിവസവും, ഞാന്‍ ഇപ്പോള്‍ ഇതെഴുതുമ്പോഴും അദ്ദേഹം ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്!

4) കഥ കഴിഞ്ഞു , ഇനി കാര്യത്തിലേക്ക് വരാം. "പിണറായി വിളിച്ചാല്‍ ഏത് മുഖ്യമന്ത്രി വരാന്‍, വല്ല ത്രിപുരാമുഖ്യനും വരുമായിരിക്കും", കഴിഞ്ഞ ദിവസത്തെ താങ്കളുടെ പരിഹാസ വാക്കുകളാണ് ഉദ്ദരിച്ചത്. ഭാരതീയന്‍റെ ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേരള മുഖ്യമന്ത്രി ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും, സാധിക്കുമെങ്കില്‍ ഒരു കൂട്ടായ്മക്ക് ശ്രമിക്കുകയും ചെയ്തതായിരുന്നു താങ്കളുടെ പരിഹാസത്തിന്‍റെ പശ്ചാത്തലം. പിണറായി വിജയനെ താങ്കള്‍ക്കു വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യാം. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന് അങ്ങിനെ ചെയ്യുന്നതില്‍ യാതൊരുവിധ തെറ്റുമില്ല. പക്ഷേ മണിക്ക് സര്‍ക്കാരിനെ പരിഹസിക്കുമ്പോള്‍, ആ മഹാമനുഷ്യനെക്കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ല എന്നതാണ് അതിന്‍റെ ലളിതമായ ഭാഷ്യം.

5) വേറിട്ട മുഖവുമായി മുഖ്യമന്ത്രി സ്ഥാനത്തു രണ്ടു പതിറ്റാണ്ട് പിന്നിടുന്ന ഈ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഇപ്പോഴും താങ്കള്‍ ഉള്‍പ്പെടെയുള്ള അഴിമതിയും ആഡംബവും ജന്മാവകാശമാക്കി ജീവിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മാതൃകയാണെന്ന് താങ്കളെന്തേ മറന്നുപോയി മിസ്റ്റര്‍ രമേശ്‌ ?! അതെ, തുടർച്ചയായ 20 വർഷം. മുഖ്യമന്ത്രിയെന്ന നിലയിൽ കിട്ടുന്ന ശമ്പളം പാർട്ടിക്കുനൽകി; പാർട്ടി നൽകുന്ന വെറും 5000 രൂപകൊണ്ട് ഒരു മാസം കഴിയുന്ന ഒരു സി.പി.എം. മുഖ്യമന്ത്രി. സ്വന്തം പേരിനൊപ്പം സർക്കാർ കൊണ്ട് നടക്കുന്ന മണിക് സർക്കാറിനെ കുറിച്ച് പതിറ്റാണ്ടുകള്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ ഉപജാപകനായി കഴിഞ്ഞ താങ്കള്‍ എന്താണ് അറിയാതെ പോയത് ?!

6) ഇന്ത്യയിലെ തീരെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ ത്രിപുരയിൽ മൂന്നു പതിറ്റാണ്ടിൽ അധികമായി ഭരണത്തിനു നേതൃത്വം നൽകുന്നത് സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സർക്കാരാണ്. ഇന്ത്യയിൽ ഏറ്റവും ലാളിത്യം നിറഞ്ഞ മുഖ്യമന്ത്രി ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സി പി ഐ (എം) നേതൃത്വം നൽകുന്ന ഇന്ത്യൻ ഇടതു പക്ഷ രാഷ്ട്രീയം അതിൻറെ ചരിത്രത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട നയവ്യതിയാനങ്ങളിൽപെട്ട് പശ്ചിമ ബംഗാളിൽ ക്ഷീണം ഏറ്റപ്പോഴും, ഇപ്പോൾ രണ്ടു പതിറ്റാണ്ടോളമായി മണിക് സർക്കാർ എന്ന കമ്യൂണിസ്റ്റ്കാരൻ നയിക്കുന്ന ത്രിപുര സർക്കാർ നാല് പതിറ്റാണ്ടായി ബംഗാളിന് തൊട്ടടുത്തായി ചുവന്നു തന്നെ നില്പ്പുണ്ട്. സത്യമായും നിങ്ങള്‍ പത്രം വായിക്കാറില്ലേ രമേശ്‌ ?!

7) ലാളിത്യം മുഖമുദ്രയാക്കിയ മണിക്ക് സർക്കാരിൻറെ വാക്കുകൾക്കു ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വജ്രരത്ന തിളക്കമുള്ള പ്രസക്തിയുണ്ട്. അദ്ദേഹം പുലർത്തിപോരുന്ന കർശനമായ പാർട്ടി അച്ചടക്കം, ഗർവ്വ് ഇല്ലായ്മ, ഏറ്റവും താഴ്ന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്ന ബുദ്ധി, ഉൾപ്പാർട്ടി സമരങ്ങളിൽ പുലർത്തുന്ന കണിശത തുടങ്ങിയ ഗുണങ്ങൾ ഭരണത്തിലേറുന്ന, ജനപക്ഷത്തുനില്‍ക്കുന്ന ഏതു രാഷ്ട്രീയക്കാരനും മാതൃകയാക്കാവുന്നതാണ്. 1968 മുതൽ പാർട്ടി അംഗം ആണ്.1972 ൽ ത്രിപുര സംസ്ഥാന കമ്മറ്റി അംഗം.1980 ൽ എം എൽ എ ,1993 ൽ സംസ്ഥാന സെക്രട്ടറി ,1998 മുതൽ പോളിറ്റ് ബ്യൂറോ അംഗം.1998 ൽ സംസ്ഥാന മുഖ്യ മന്ത്രിയായി,ഇപ്പോഴും നാലാം തവണയും ആ നിലയിൽ തന്നെ തുടരുന്നു.

8) വികസനമെന്നാല്‍ അമ്പരചുംബികളായ കുറെ കോണ്‍ക്രീറ്റ് സൗധങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മേല്‍പ്പാല ശൃംഖലകളുമാണെന്ന് ധരിച്ചു വശായിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ത്രിപുര നല്‍കുന്ന പാഠം വ്യത്യസ്തമാണ്. തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയതില്‍, സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതില്‍, ജലസേചന സൗകര്യം വിപുലപ്പെടുത്തിയതില്‍, പഞ്ചായത്തീരാജ് നടപ്പിലാക്കിയതില്‍ ത്രിപുരയോടു കിടപിടിക്കാവുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ അധികമില്ല.

ഇടതുഭരണം അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് കൃഷിക്ക് ജലസേചന സൗകര്യമേയില്ലായിരുന്നു. ഇപ്പോള്‍ അറുപതു ശതമാനം കൃഷിഭൂമിയിലും ഈ സൗകര്യമുണ്ട്. അഴിമതിയുടെ കരിനിഴലിന്റെ നിഴല്‍പോലും അവിടെ ഒരു മന്ത്രിയുടെയും മേല്‍ പതിഞ്ഞിട്ടില്ല. സി ബി ഐ അന്വേഷണത്തെ ഭയക്കുന്ന പാര്‍ട്ടി നേതൃത്വമല്ല അവിടെ. മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ഔദ്യോഗിക സൗകര്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്യാന്‍ മറ്റെല്ലാ പാര്‍ട്ടികളെക്കാള്‍ മുന്‍പിലാണ് മറ്റിടങ്ങളില്‍ കമ്മ്യുണിസ്റ്റ് മന്ത്രിമാരുടെ കുടുംബാംഗങ്ങളെങ്കില്‍ ത്രിപുര വരച്ചുകാട്ടുന്നത് വേറിട്ട ചിത്രമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ സഞ്ചരിക്കുന്നത് സൈക്കിള്‍ റിക്ഷയില്‍ അംഗരക്ഷകരുടെ അകമ്പടിയില്ലാതെ സാധാരണക്കാരിയായിട്ടാണ് മിസ്റ്റര്‍ രമേശ്‌. സങ്കല്‍പ്പിക്കാമോ താങ്കള്‍ക്ക്? രമേശ്‌ ചെന്നിത്തലയുടെ ഭാര്യയ്ക്ക് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ധൈര്യമുണ്ടോ ?!

9) സ്വന്തമായി വീടോ കാറോ സ്വത്തോ ബാങ്ക് നിക്ഷേപമോ ഇല്ലാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രി ത്രിപുരയ്ക്ക് മാത്രം സ്വന്തം . മുഖ്യമന്ത്രിയുടെ ശമ്പളം 9200 രൂപ മാത്രം. ഈ ശമ്പളം മുഴുവന്‍ മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്‍കുന്നു. പകരമായി 5000 രൂപ പാര്‍ട്ടിയില്‍ നിന്ന് അലവന്‍സ് വാങ്ങുന്നു. മറ്റു മന്ത്രിമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത്ര ദരിദ്രനായ മറ്റൊരു മുഖ്യമന്ത്രി ഇന്ത്യയിലില്ലെന്നു മാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പു പ്രചരണഘട്ടത്തില്‍ എഴുതിയതില്‍ തെല്ലും അതിശയോക്തിയില്ലല്ലോ രമേശ്‌. ഇത്തരത്തിലൊരു മന്ത്രിസഭയെ ജനങ്ങള്‍ക്ക് എങ്ങിനെ കയ്യൊഴിയാന്‍ കഴിയുമെന്ന് പരിഹസിക്കുന്ന താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ ?!
10) ഒരു കഥകൂടി പറയാം : 1957 ലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളുടെ ജീവിതശൈലിയും സമാനമായിരുന്നു.ആ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ ശൈത്യകാലത്തെ ദില്ലിയാത്രയിലുണ്ടായ അനുഭവം അയവിറക്കിയത് കൗതുകമുണര്‍ത്തുന്നതാണ്, നിങ്ങള്‍ക്കൊക്കെ പാഠവുമാണ്. കമ്പിളിവസ്ത്രമില്ലാതെ തണുത്തുവിറച്ച് വിഷമിച്ച അദ്ദേഹത്തിനു സഹമന്ത്രിയായിരുന്ന കെ സി ജോര്‍ജ്, അദ്ദേഹം എം പി യായിരുന്നപ്പോള്‍ വാങ്ങി ദില്ലിയില്‍ സൂക്ഷിച്ചിരുന്ന സ്വന്തം കമ്പിളികോട്ട് കൊടുത്തു. അച്യുതമേനോന്‍ ഈ കോട്ടും ധരിച്ചു പത്രസമ്മേളനത്തിനെത്തിയപ്പോള്‍, പത്രക്കാര്‍ ആ കോട്ട് തിരിച്ചറിഞ്ഞു.

എല്ലാ കമ്മ്യുണിസ്റ്റ് മന്ത്രിമാര്‍ക്കും ദില്ലി സന്ദര്‍ശിക്കുമ്പോള്‍ ധരിക്കാന്‍ കേരള ഹൗസില്‍ ഒരു കമ്പിളികോട്ടു വാങ്ങി സൂക്ഷിക്കുന്നുവെന്നായിരുന്നുവത്രേ പത്രക്കാര്‍ പ്രചരിപ്പിച്ചത്. അത്ര പിശുക്കിയാണ് അന്നത്തെ കമ്മ്യുണിസ്റ്റ് മന്ത്രിമാര്‍ ജീവിച്ചതെന്നു താങ്കളുടെ വന്യ ഭാവനകളിലെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?! ആ ത്യാഗത്തിന്റെ പുനരാവര്‍ത്തനമാണ് ത്രിപുരയിലെ ചുമപ്പിലും പ്രതിഫലിക്കുന്നതെന്ന് മറക്കരുത് രമേശാ ..!

11) താങ്കളുടെ പരിമിതി ആര്‍ത്തിമൂത്ത അഴിമതിപ്പാഴുകളില്‍ പെടുന്ന ഒരു കോണ്ഗ്രസ്സുകരനാണ് താങ്കള്‍ എന്നതാണ്. യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ നേതാവായി മമതാ ബാനർജിക്കൊപ്പം ഇരുന്ന കാലത്തു സംസ്ഥാന നേതാക്കളെ നോമിനേറ് ചെയ്യാൻ ലക്ഷങ്ങൾ കോഴ വാങ്ങിയ കോൺഗ്രസ്സുകാരന്, ചില സിനിമാ മെഗാതാരങ്ങളെപ്പോലെ സ്വന്തമായി മേക്കപ്പ് മാനും , കാറിന്റെ ഡിക്കി നിറയെ റോസ് പൗഡറും , സൗന്ദര്യ വർദ്ധക വസ്തുക്കളും, മുടികറുപ്പിക്കുന്ന ചായവും (പൊതുജനത്തിന്റെ ചിലവിൽ ആകുന്നതുകൊണ്ട് പറയുന്നതാണ്.

അപ്പന്റെ സ്വത്ത് വിറ്റിട്ട് വാങ്ങുന്നതെങ്കിൽ പരാതിയില്ല) സൂക്ഷിക്കുന്ന കോൺഗ്രസ്സുകാരന്, യൂത്തനോ , KSU ക്കാരനോ ആയ അര ഡസൻ പെട്ടി ചുമട്ടുകാർ പരിവാരങ്ങളില്ലാതെ യാത്ര ചെയ്യുന്നത് ചിന്തിക്കാൻ കഴിയാത്ത കോൺഗ്രസ്സുകാരന് , എന്തിനേറെ ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള സെഡാൻ കാർ സഞ്ചാരങ്ങളിൽ പുറകിൽ ആസനസ്ഥനാകുന്ന സീറ്റിനു മുകളിൽ ലോകത്ത് ഒരു കാറിലും ഇല്ലാത്ത റോസ് ബൾബ് കൃത്രിമമായി വച്ച് പിടിപ്പിച്ചു "സുന്ദരനായി" യാത്രചെയ്യുന്ന കോൺഗ്രസ്സുകാരന്, വളർത്തുഗുരു കെ കരുണാകരനോട് നന്ദികേട് കാണിച്ചു വ്യത്യസ്തനായ കേവല ഗ്രൂപ്പ് പോരാളിക്ക്, പെരുന്നയിലെ നായർ പോപ്പുമാർ ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഒരു പഞ്ചായത്ത് മെമ്പർ പോലുമാകാൻ ശേഷിയില്ലാതാകുമായിരുന്ന ഒരു താക്കോൽസ്ഥാന ഉദ്യോഗാർത്ഥിക്ക്, മണിക് സർക്കാർ എന്നതെല്ലാം പുച്ഛിച്ചു സംസാരിക്കേണ്ട വാക്കുകൾ അടങ്ങിയ പദാവലികളിൽ പെടുന്നത് സ്വാഭാവികം ! പക്ഷേ രമേശാ , അര മണിക് സർക്കാരായി ജനിക്കാൻ താങ്കൾക്കിനിയും ഒരായിരം ജന്മമെങ്കിലും അനിവാര്യമായിരിക്കുമെന്ന് തോന്നാതിരിക്കാൻ കാരണങ്ങളുണ്ടോ ?!

12) പൊതുജനത്തിന്റെ കണ്ണീരും വിയർപ്പും ഊറ്റി ഫൈവ് സ്റ്റാർ ആഡംബരങ്ങളിൽ അഭിരമിക്കുന്ന തെമ്മാടി രാഷ്ട്രീയക്കാരൻ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽപ്പോലും ഒരു യാഥാർഥ്യമാണ് രമേശാ, അംഗീകരിക്കുന്നു. പക്ഷേ , അവിടെയും ഇവിടെയുമെല്ലാം മഹാനന്മകളുടെ കത്തിച്ചുവെച്ച വിളക്കുകൾ പോലെ ചില മനുഷ്യരുണ്ട്. താങ്കളേക്കാൾ ലോകവിവരവും , ചരിത്രബോധവും , രാഷ്ട്രീയ ജ്ഞാനവും, കോടിക്കണക്കായ പട്ടിണിക്കാരുടെ ഇന്ത്യയെക്കുറിച്ചു സ്വപ്നങ്ങളുമുള്ള സന്യാസി തുല്ല്യരായ മനുഷ്യർ. ആവറേജ് കോണ്ഗ്രസ്സുകാരന്റെ നൈതികത അളക്കുന്ന വൃത്തികെട്ട അളവുകോൽ ഉപകരണങ്ങൾ വച്ച് മണിക് സർക്കാർമാരെ പരിഹസിക്കരുത്; ആ പേരുകൾ പോലും ഉച്ചരിക്കരുത്.

13) കോടികളുടെ അഴിമതിക്കേസുകളിൽ സിബിഐ കെണികളിൽ നിന്നുപോലും രക്ഷനേടാൻ നെട്ടോട്ടമോടുന്ന കോൺഗ്രസുകാരെ, കമിഴ്ന്നു വീണാൽ കാൽപ്പണം ഇല്ലാതെ ഉയരാൻ മടിക്കുന്ന കോൺഗ്രസുകാരെ, രായ്ക്കുരായ്മാനം കോൺഗ്രസ്സിൽ നിന്ന് ബിജെപി പാളയത്തിലേക്ക് പരകായം നടത്തുന്ന കോൺഗ്രസുകാരെ, ട്രെയിനിലെ A/C ബർത്തിൽ കയറി ഉറങ്ങാൻപോലും നാല് സഹായികളുടെ ആവശ്യമുണ്ടെങ്കിലും യുവാക്കൾക്ക് വഴിമാറാത്ത കടൽക്കിഴവൻ വയലാർ രവിമാർ അടങ്ങുന്ന കോൺഗ്രസുകാരെ, പതിറ്റാണ്ടുകൾ ഭരിച്ചു ഈ മഹാരാജ്യത്തെ ഫാഷിസ്റ്റുകൾക്കു മുൻപേ കോര്‍പ്പറേറ്റ്കള്‍ക്ക് തീറെഴുതിയ, രാജ്യത്തെ ഭരിച്ചു മുടിച്ച കോൺഗ്രസുകാരെ ... മാത്രം പരിചയമുള്ള താങ്കൾക്ക് മണിക് സർക്കാർ എല്ലാം മനസ്സിലാകാത്ത സമസ്യയായി തുടരും ...!

14) അടുത്ത പത്രസമ്മേളനത്തിനു മുൻപ് ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകി റോസ് പൗഡർ ചാർത്താൻ മാത്രം ഓർത്താൽ പോരാ ..സോഷ്യൽ മീഡിയ കാലത്തു പ്രതിപക്ഷ നേതാവായിരിക്കുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ട, പഠിച്ചിരിക്കേണ്ട ചരിത്രവും, വർത്തമാനവും, ഇതിഹാസ തുല്യരായ മനുഷ്യരെക്കുറിച്ചുള്ള ബോധ്യങ്ങളും Update ചെയ്തുവേണം കഞ്ഞിമുക്കിയ ഖദറിന്റെ ബട്ടണുകൾ ഇടാൻ ...!!
ഫാഷിസ്റ്റ് കാലത്തെ ആസുരതകളില്‍ നിന്നും അഭിവാദ്യങ്ങളോടെ,

English summary
Adv. Open letter of Jahangir Razzaq

More News from this section

Subscribe by Email