Sunday July 21st, 2019 - 8:03:am
topbanner
topbanner

പാഷന്‍ഫ്രൂട്ട് സ്‌ക്വാഷിന്റെ മധുരമൊരുക്കി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍

NewsDesk
പാഷന്‍ഫ്രൂട്ട് സ്‌ക്വാഷിന്റെ മധുരമൊരുക്കി  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍

മധുരമൂറുന്ന പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ് വിപണിയിലെത്തിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. പൊതുവേ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ മരത്തില്‍ ചുറ്റിപ്പടര്‍ന്നു വളരുന്ന അല്പം പുളിയും മധുരവും ഇടകലര്‍ന്ന പഴമാണ് കോര്‍പ്പറേഷന്റെ ജില്ലയിലെ നാടുകാണി ഫാമില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് സ്‌ക്വാഷ് ഉല്‍പാദിപ്പിച്ചത്.


കോര്‍പ്പറേഷന്റെ വൈവിധ്യവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് നാടുകാണിയില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ആനക്കയം അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊണ്ടുവന്ന തൈകള്‍ നാടുകാണിയിലും കാസര്‍കോട് ജില്ലയിലെ ചീമേനിയിലുമായാണ് കൃഷി ചെയ്യുന്നത്. വള്ളി നട്ടാല്‍ സുഗമമായി വളര്‍ത്താവുന്ന ഫലസസ്യമാണ് പാഷന്‍ ഫ്രൂട്ട്. നന്നായി ജലസേചനം നടത്തിയാല്‍ ഏതു കാലാവസ്ഥയിലും വളരും. വെയിലേല്‍ക്കുന്ന വിധം പടര്‍ത്തി വിടുകയാണെങ്കില്‍ പ്രത്യേക പരിചരണങ്ങളൊന്നും ആവശ്യമില്ല. വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ വിളവെടുപ്പ് നടത്താം. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ഫലങ്ങള്‍ ഉണ്ടാവുന്നത്. കായ് ഉണ്ടായി മൂത്തു പഴുത്ത് പാകമാകാന്‍ 70 - 80 ദിവസങ്ങളെടുക്കും.

സാധാരണ രണ്ടുതരം കായ്കളാണ് കാണപ്പെടുന്നത്. ഒന്നിനു പഴുക്കുമ്പോള്‍ മഞ്ഞ നിറവും മറ്റേതിന് പര്‍പ്പിള്‍ നിറവുമാണ്. മഞ്ഞനിറത്തിലുള്ള പഴങ്ങളുണ്ടാവുന്നവ സമതല പ്രദേശങ്ങള്‍ക്കും പര്‍പ്പിള്‍ നിറമുള്ളവ ഹൈറേഞ്ചിനും അനുയോജ്യമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് കാവേരി എന്ന പേരില്‍ ഈ രണ്ടിനങ്ങളുടെയും സങ്കരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഇനത്തില്‍പ്പെട്ട തൈകളാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉപയോഗിക്കുന്നത്. കായ്കള്‍ക്ക് പര്‍പ്പിള്‍ നിറമാണ്. പുളി കുറവും മധുരം കൂടുതലുമുള്ള മാംസളഭാഗത്ത് 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില്‍ 40.8 മില്ലിഗ്രാം പുളിപ്പും (അമ്ലാംശം) ഉണ്ടാകും. ഇലപ്പുള്ളി, വേരു ചീയല്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള കഴിവും കാവേരിയുടെ പ്രത്യേകതയാണ്. പാഷന്‍ ഫ്രൂട്ടിന്റെ ഫലമജ്ജയില്‍ നല്ല അളവില്‍ വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും അടങ്ങിയിട്ടുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ്, മാംസ്യം, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയ്ക്കുള്ള നല്ല ഔഷധമാണ് പാഷന്‍ ഫ്രൂട്ട്. ഇതിലടങ്ങിയിട്ടുള്ള പാസ്സിഫോറിന്‍ എന്ന പദാര്‍ത്ഥം ശരീരവേദന ശമിപ്പിച്ച് ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഒരു കിലോഗ്രാം പാഷന്‍ ഫ്രൂട്ടുപയോഗിച്ച് ഒരു ലിറ്റര്‍ സ്‌ക്വാഷ് ഉണ്ടാക്കാം. അതില്‍ 1:5 എന്ന അനുപാതത്തില്‍ വെള്ളം ചേര്‍ത്താണ് കുടിക്കുന്നത്. പഞ്ചസാരയല്ലാതെ യാതൊരു വിധ പ്രിസര്‍വേറ്റീവുകളോ കൃത്രിമ നിറങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. ഒരു വര്‍ഷം വരെ ഇവ കേടുകൂടാതെ ഇരിക്കും. 500 മില്ലിയുടെ ഒരു ബോട്ടില്‍ സ്‌ക്വാഷിന് 100 രൂപയാണ് ഈടാക്കുന്നത്. കോര്‍പ്പറേഷനില്‍ നേരിട്ടുവന്നു തന്നെ സ്‌ക്വാഷ് വാങ്ങുന്നവരുണ്ട്. വിപണിയിലും ഇതിനു നല്ല ആവശ്യക്കാരുണ്ട്.

പാഷന്‍ഫ്രൂട്ടിനു പുറമെ കറുവപ്പട്ട തൈലവും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇരുപതു തൊഴിലാളികളാണ് ഉള്ളത്. പാഷന്‍ ഫ്രൂട്ടിന്റെ തന്നെ അച്ചാര്‍, ജെല്ലി തുടങ്ങിയ പുതുമയാര്‍ന്ന മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വിലയിരുത്തുന്നു.

 

English summary
passion fruit at plantation corporation kannur, kerala
topbanner

More News from this section

Subscribe by Email