Sunday June 24th, 2018 - 12:33:pm
topbanner
Breaking News

പദ്മരാജനില്ലാത്ത മഴയ്ക്കും ,പ്രണയത്തിനും 26 വയസ്സ്

rajani
പദ്മരാജനില്ലാത്ത മഴയ്ക്കും ,പ്രണയത്തിനും 26 വയസ്സ്

അഡ്വ. ജഹാംഗീര്‍ പലേരി

1) 1991 ജനുവരി 24 ആം തീയതി രാവിലെ കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ പൊലിഞ്ഞുപോയത് മലയാള സിനിമാ - സാഹിത്യ ലോകത്തെ എക്കാലത്തെയും വലിയ പ്രതിഭയായിരുന്നു . 1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭപിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ച പദ്മരാജന്‍ മലയാള സിനിമാ സാഹിത്യ ലോകത്തെ അത്രമേല്‍ അസാധാരണനായ പ്രതിഭയായിരുന്നു . അതിനു മുന്‍പോ ശേഷമോ പദ്മരാജന്റെ നിഴല്‍ പോലും ഉണ്ടായിട്ടില്ല എന്നത് ആ വേര്‍പാടിന്റെ തീവ്രത പലമടങ്ങാക്കുന്നു .

2) മഴ നനയുന്നതിനൊരു സുഖമുണ്ട്. വീണ്ടും വീണ്ടും നനയാന്‍ തോന്നിപ്പിക്കുന്ന, അനിര്‍വചനീയമായ ഒരു സുഖം. അത് പോലെ തന്നെ ചില കാഴ്ചകളുണ്ട്, വീണ്ടും കാണാന്‍ തോന്നിക്കുകയും ഓരോ കാഴ്ചയിലും പുതിയൊരു സൗന്ദര്യം പകര്‍ന്നു തരികയും ചെയ്യുന്നവ. ഓരോ തവണയും പുതിയ അനുഭൂതികള്‍ പകരുന്ന ശബ്ദങ്ങളും ഗന്ധങ്ങളും രുചികളും സ്പര്‍ശങ്ങളും ഉണ്ട്, പിന്നെ ചില അതീന്ദ്രിയതകളും.
ഓരോ തവണ കേള്‍ക്കുമ്പോഴും പുതിയ അര്‍ഥങ്ങള്‍ സമ്മാനിക്കുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടില്ലേ, ആവര്‍ത്തിച്ച്? എന്ത് കൊണ്ട് ചില ഇഷ്ടഗാനങ്ങള്‍ ഓരോ കേള്‍വിയിലും കൂടുതല്‍ ഇഷ്ടപ്പെട്ടതാവുന്നു എന്ന് അത്ഭുതപ്പെടുമ്പോള്‍ അത് ഓരോ തവണയും നവ്യാനുഭൂതികള്‍ ലഭിക്കുന്നത് കൊണ്ടാണെന്ന് ചിലപ്പോള്‍ ഒക്കെ നമ്മള്‍ തിരിച്ചറിഞ്ഞിട്ടും ഉണ്ട്.അമ്മാതിരി ഒരു കാഴ്ചയും , വായനയുമാണ് പദ്മരാജന്‍ എന്ന പ്രതിഭ സമ്മാനിച്ചിട്ടുള്ളത് .

3) വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രം ,ചിലപ്പോള്‍ വറ്റി വരണ്ട പുഴയ്ക്ക് സ്‌നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം , അതുമല്ലെങ്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു മുറിവ് മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം , അങ്ങിനെ എന്തെക്കൊയോ ആയിരുന്നു മലയാളിക്ക് പദ്മരാജന്‍ സിനിമകള്‍ .സ്‌നേഹത്തിന്റെ ആഴമളക്കുന്ന ഏകകം , ഒരു അളവുകോല്‍ അതെന്തായാലും പദ്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്ന് തോന്നി പോകും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചേര്‍ക്കുന്നത് കണ്ടാല്‍ . ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ച്ചപാടുകളുമാണ് ഇവ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് .

4) യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ കലാ പ്രതിഭ വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ സിനിമകളും കഥകളും , നോവലുകളും സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം ആവര്‍ത്തിച്ചടയാളപ്പെടുത്തുന്നതാണ് പദ്മരാജന്റെ മുഴുവന്‍ സര്‍ഗ്ഗ സൃഷ്ട്ടികളും . ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഭരതനും , പദ്മരാജനുമാല്ലാതെ മലയാളത്തില്‍ മറ്റാര്‍ക്കുമുണ്ടായിട്ടില്ല.

5) കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരന്‍, പ്രഹേളിക, പുകക്കണ്ണട എന്നിവ.

6) കഥാരചനയിലെ വൈഭവം നോവല്‍രചനയിലേയ്ക്ക് പത്മരാജനെ ആകര്‍ഷിച്ചു. 1971-ല്‍ എഴുതിയ 'നക്ഷത്രങ്ങളേ കാവല്‍' എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന്‍ നേടി. പിന്നീട് വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകള്‍ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിര്‍വ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകള്‍.

7) 36 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ പത്മരാജന്‍ 18 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഭരതനുമായി ചേര്‍ന്ന് പത്മരാജന്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയില്‍ നില്‍ക്കുന്നത് എന്ന അര്‍ഥത്തില്‍ മധ്യവര്‍ത്തി സിനിമ എന്ന് അറിയപ്പെടുന്നു. 1975-ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവര്‍ത്തി സിനിമയുടെ ചുക്കാന്‍ പിടിച്ച ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ സംവിധായകനായ പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

8) പി പദ്മരാജന്‍ ചലച്ചിത്രകാരന്മാര്‍ക്കിടയിലെ പ്രതിഭയുള്ള എഴുത്തുകാരനായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ പുസ്‌കങ്ങള്‍ കൂട്ടുവരുന്നു. സിനിമകള്‍ക്കപ്പുറം അക്ഷരങ്ങള്‍കൊണ്ട് മായാലോകമൊരുക്കിയ പദ്മരാജന്റെ നോവലുകളും ചെറുകഥകളും എല്ലാം തന്നെ ആരാധകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ജീവിതവും കാഴ്ചകളുമായി ഏറെ താദാത്മ്യപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളും കഥകളും വായനക്കാരെ പദ്മരാജന്‍ എന്ന എഴുത്തുകാരനോടും ഏറെ ചേര്‍ത്ത് വയ്ക്കുന്നുണ്ട്..!

9) വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ ഏറ്റവും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് പത്മരാജന്‍. പത്മരാജനെ ഇന്നത്തെ തലമുറ അറിയുന്നത് പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച കലാകാരനായിട്ടാണ് സിനിമയില്‍ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളില്‍ കൊണ്ട് വരാന്‍ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നത്, അദ്ദേഹത്തിന്റെ രചനകള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് മനസിലാകും....

10) കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകള്‍ വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ രചനകള്‍, ഏതൊരു ക്ഷുഭിതന്റെയും മനസ്സില്‍ പ്രണയം നിറയ്ക്കുന്നവയായിരുന്നു. സിനിമാലോകത്ത് എത്തിയില്ലെങ്കില്‍, പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു പി പത്മരാജന്‍.

11) പത്മരാജന്റെ രചനകളില്‍ എന്നും എടുത്തു പറയേണ്ടത് പ്രണയം തന്നെയായിരുന്നു. 'വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക'' എന്ന് പത്മരാജന്‍ കുറിച്ചപ്പോള്‍ ലോല എന്ന നായികയ്‌ക്കൊപ്പം , ആ കഥാതന്തു വായനക്കാര്‍ ഏറ്റെടുത്തു.

12) തോരാത്ത മഴയും പ്രണയവും പോലെ ഒരാള് .. ഇടിമിന്നലില് നിന്ന് ഊരിതെറിച്ച പ്രതിഭയുടെ വിത്തുപോലെ ഒരാള്... അയാള്ക്ക് പത്മരാജന് എന്ന് പേര്...വാക്കുകളിലൂടെ ചിത്രങ്ങള് കാണിച്ചു തന്ന ഒരു പ്രതിഭ ആണ് പത്മരാജന് എന്ന പ്രിയപ്പെട്ട എന്റെ എഴുത്തുകാരന്. ഞാന്‍ ഗന്ധര്‍വ്വനിലെപ്പോലെ ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകര്‍ന്നു കഴിയാന്‍ അനുമതി കിട്ടിയ അരൂപിയായ ഒരു വര്‍ണ്ണശലഭംമായി മാറിയിരിക്കുന്നു പപ്പേട്ടന്‍ ..! തണുത്ത രാത്രിയില്‍ തീകാഞ്ഞിരിക്കുന്ന ചെറുകൂട്ടത്തിനു മുന്നില്‍ ഭ്രമാത്മകമായ മുത്തശ്ശിക്കഥ പറയുന്ന ഒരാള്‍... കഥയുടെയും കഥ പറച്ചിലിന്റെയും ഈ സൗന്ദര്യം പത്മരാജന്‍ എന്നും കാത്തുസൂക്ഷിച്ചു..

13) നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്. നിരര്‍ത്ഥകമാകാത്ത പ്രണയം ത്യാഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതും ഒക്കെയാണ് എന്ന് ലോല ഉള്‍പ്പെടെയുള്ള പത്മരാജന്‍ കൃതികള്‍ തെളിയിച്ചു. തുളച്ചു കയറുന്ന അസ്ത്രങ്ങളുടെ സ്ഥൂലതയുണ്ടായിരുന്നു പത്മരാജന്‍ കൃതികളിലെ പ്രണയ വര്‍ണ്ണനകള്‍ക്ക്..

14) പ്രണയം, വിലക്കുകള്‍, ദുരന്തം എന്നിങ്ങനെ ചേര്‍ത്തെഴുതപ്പെട്ട അനിവാര്യതകള്‍ പത്മരാജന്‍ പറയുമ്പോള്‍ മാത്രം എന്തേ ഇത്ര തെളിച്ചം! ഈ പത്മരാജനെങ്ങനെ പെണ്ണുങ്ങളെ ഇങ്ങനെ പിടികിട്ടുന്നു എന്ന് അതിശയിച്ചാലും തെറ്റ് പറയാനാകില്ല..

15) താന്‍ തനിക്കായി മാത്രം നിര്‍മ്മിച്ച ഒരു പന്ഥാവിലൂടെയായിരുന്നു പത്മരാജന്‍ എന്ന എഴുത്തുകാരന്റെ യാത്ര. ശക്തമായ ഭാഷയുടെ പിന്‍ബലത്തില്‍ ഭാവന കൂട്ടിച്ചേര്‍ത്ത് മെനെഞ്ഞെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരിക വര്‍ണ്ണനകള്‍ എന്നും പത്മരാജന്റെ രചനകളെ വേറിട്ട് നിര്‍ത്തി. ഇനി ഒരായിരം പുസ്തകങ്ങള വായിച്ചാലും ആയിരം എഴുത്തുകാരെ അടുത്തറിഞ്ഞാലും മനസ്സില്‍ പി പത്മരാജന്‍ എന്ന അത്രമേല്‍ അനന്യ സാധാരണ കഥാകൃത്തിന് കൊടുത്ത സ്ഥാനം, വായന മരിക്കാത്തിടത്തോളം കാലം അതുപോലെ തന്നെ അവശേഷിക്കും..

 

English summary
padmarajan memories twentysix year

More News from this section

Subscribe by Email