topbanner
Tuesday January 23rd, 2018 - 9:34:am
topbanner

സെഞ്ച്വറിയടിച്ച് ഒരു രൂപ നോട്ട്. 100ാം ജന്മദിനത്തില്‍ ഒരു രൂപ വിശേഷങ്ങളുമായി നോബി ജോസഫ് കുര്യാലപ്പുഴ

SNEHA
സെഞ്ച്വറിയടിച്ച് ഒരു രൂപ നോട്ട്. 100ാം ജന്മദിനത്തില്‍ ഒരു രൂപ വിശേഷങ്ങളുമായി നോബി ജോസഫ് കുര്യാലപ്പുഴ

തളിപ്പറമ്പ് : ഇന്ന് ഒരു രൂപ നോട്ടിന്റെ 100ാം ജന്മദിനമാണ്. ഇന്ത്യയില്‍ വിനിമയത്തില്‍ നിലവിലുളള നോട്ടുകളിലെ ഒന്നാമനായ ഒരു രൂപ നൂറാം വയസ്സിലേക്കു കടക്കുമ്പോള്‍ ഒന്നല്ല ഒരുനൂറ് കാര്യങ്ങളാണ് ഒരു രൂപയെക്കുറിച്ച് നോബി ജോസഫ് കുര്യാലപ്പുഴ എന്ന ചെറുപ്പക്കാരന് പറയാനുളളത്. നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണത്തില്‍ വ്യത്യസ്ഥനാണ് നോബി. ഒരു രൂപ കറന്‍സിയും നാണയങ്ങളും മാത്രം ശേഖരിക്കുന്നതില്‍ മാത്രം ഊന്നല്‍ നല്‍കികൊണ്ടാണ് ഈ രംഗത്ത് ഇദ്ദേഹം വേറിട്ടു നില്‍ക്കുന്നത്. 1917 ല്‍ അച്ചടിച്ച ഒരു രൂപ മുതല്‍ അവസാനമായി 2017 ല്‍ ഇറക്കിയ നോട്ടും നാണയങ്ങളും നോബിന്റെ ശേഖരണത്തിലുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്താണ് ഒരു രൂപയുടെ കറന്‍സി പിറക്കുന്നത്

ചെറിയ മൂല്യത്തിലുളള നോട്ടുകള്‍ കൂടുതലായി വേണമെന്ന് മനസിലാക്കിയതോടെയാണ് ഗവണ്‍മെന്റെ് ഓഫ് ഇന്ത്യയുടെ പേരില്‍ നോട്ടടിച്ചിറക്കിയത്. അന്നത്തെ ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്റെ അര്‍ധകായ ചിത്രം ഇതില്‍ അച്ചടിച്ചിരുന്നു. മുഖപേജില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് ഇംഗഌഷില്‍ ആലേഖനംചെയ്ത ആദ്യ നോട്ടിന്റെ മറുപുറത്ത് എട്ട് ഇന്ത്യന്‍ ഭാഷയിലും രൂപയുടെ മൂല്യം അച്ചടിച്ചു. പ്രചാരത്തില്‍ വന്നശേഷം ഏറെക്കാലം ഇതായിരുന്നു ഇന്ത്യയില്‍ ധനവിനിമയത്തിന് മുഖ്യമായും ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആണ് നോട്ടിന്റെ അച്ചടിയും വിതരണവും നടന്നത്. 1949ല്‍ ഭാരതത്തിന്റെ അഭിമാനമായ അശോക സ്തംഭം മുദ്രണം ചെയ്ത ആദ്യ കറന്‍സി പുറത്തിറക്കി. അന്ന് ഫിനാന്‍സ് സെക്രട്ടറിയായിരുന്ന മലയാളി കെ.ആര്‍.കെ മേനോനാണ് നോട്ടില്‍ ഒപ്പു വച്ചതെന്ന അറിവും നോബി പങ്കുവെക്കുന്നു. ഭാരത സര്‍ക്കാര്‍ നേരിട്ട് ഇറക്കുന്ന ഒരേയൊരു നോട്ട് ഒരു രൂപയുടേതാണ്. 1952 മുതല്‍ 56 വരെയും 58 മുതല്‍ 62 വരെയും 1982ലും ഒരു രൂപ അച്ചടിച്ചില്ല. ഇതിനിടെ ഗള്‍ഫ് നാടുകളിലെ വിനിമയത്തിനായി ചുവപ്പു നിറത്തില്‍ ഒരു രൂപ അച്ചടിച്ചു.

1994ല്‍ ഒരു രൂപയുടെ അച്ചടി നിലച്ചു. 2015ല്‍ വീണ്ടും ഒരു രൂപ അച്ചടിച്ചു ഇടക്ക് ഗള്‍ഫ് നാടുകളിലെ വിനിമയത്തിനായി ചുവപ്പു നിറത്തില്‍ ഒരു രൂപ അച്ചടിച്ചിരുന്നു. 1995ല്‍ അച്ചടി നിര്‍ത്തിവച്ച ഒരു രൂപ നോട്ട് പിന്നീട് 20 വര്‍ഷങ്ങള്‍ക്കു ശേഷം നൂറാം പിറന്നാള്‍ വര്‍ഷത്തിനാണ് വീണ്ടും ഇറക്കിയത് എന്നത് സവിശേഷതയാണ്. നാണയങ്ങളും കറന്‍സിയും ശേഖരിക്കുക മാത്രമല്ല അവയുടെ ചരിത്രവും ശേഖരിക്കുവാന്‍ നോബി ശ്രമിക്കുന്നു ഈ അറിവുകള്‍ ആരുമായും പങ്കു വെക്കുവാനും ഈ ചെറുപ്പക്കാരന്‍ ഒരുക്കമാണ്. ഒരു രൂപയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമ്പോഴും മറ്റു കറന്‍സികള്‍ ഇറങ്ങിയതു മുതല്‍ ഓരോ കൊല്ലത്തേതും പ്രത്യേകമായി ശേഖരിക്കുവാനുളള ശ്രമവും നടത്തുന്നുണ്ട്. ഒപ്പം നാണയശേഖരവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍, വിവിധ ഭാഷകളിലുളള പത്രങ്ങള്‍ എന്നിവയും ശേഖരിക്കുന്നു.

ഒരു രൂപയെക്കുറിച്ച് ഒരുപാടു പറയുമ്പേഴും ഒരേയൊരു വിഷമം മാത്രമാണ് നോബിക്കുളളത് 1964ല്‍ പുറത്തിറക്കിയ ഒരു രൂപ നോട്ട് മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് പതിനായിരം രൂപയോളം വിലമതിക്കുന്ന ആ നോട്ടിനായുളള അന്വേഷണത്തിലാണ് നോബി. മലയോര മേഖലയായ ആലക്കോട് സ്വന്തമായി ബിസിനസ് നടത്തുന്ന നോബി ജോസഫ് കുര്യാലപ്പുഴ 1990 ല്‍ പഠനകാലത്താണ് കറന്‍സി ശേഖരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഭാര്യ റെസി സ്‌ക്കറിയയും മക്കളായ ക്രിസ്റ്റലും നെല്‍ബിനും പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. നൂറാം വയസിലും വിപണന മൂല്യവുമായി ഒന്നാമനാണെങ്കിലും ഒരു ഗൃഹാതുരതമായ ഒര്‍മ്മയായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഒരു രൂപ നോട്ടുകള്‍. അതുകൊണ്ടുതന്നെയാകാം ഒരുരൂപയുടെ കാലപ്പഴക്കം ഇപ്പോള്‍ വാര്‍ത്തയായി മാറുമ്പോഴും നമുക്ക് അത് അനുഭവപ്പെടാത്തത്.

Read more topics: one, rupee, 100, birthday
English summary
one rupee 100 birthday
topbanner topbanner

More News from this section

Subscribe by Email