Sunday July 22nd, 2018 - 12:34:am
topbanner
Breaking News

നോക്കുകൂലി; ആ 'അളിഞ്ഞ' സംസ്കാരത്തിന്റെ നാറ്റത്തിനു മാറ്റമില്ല: നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയെ കയ്യേറ്റം ചെയ്തവർക്കും നേതാക്കളുടെ തണൽ

suvitha
നോക്കുകൂലി; ആ 'അളിഞ്ഞ' സംസ്കാരത്തിന്റെ നാറ്റത്തിനു മാറ്റമില്ല: നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയെ കയ്യേറ്റം ചെയ്തവർക്കും നേതാക്കളുടെ തണൽ

ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ രൂക്ഷ വിമർശനത്തെത്തുടർന്ന് വിവാദമായ 'നോക്കുകൂലി' പ്രശ്നത്തിന്റെ ചൂടാറും മുമ്പ്, വീട്ടുസാധനങ്ങൾ ലോറിയിൽ കയറ്റുന്നത് നോക്കുകൂലി ആവശ്യപ്പെട്ട് തടയുകയും വീട്ടുടമയ്ക്കു നേരെ കയ്യേറ്റം നടത്തുകയും ചെയ്ത യൂണിയൻ പ്രവർത്തകർക്ക് കുടചൂടി നേതാക്കൾ രംഗത്തെത്തി. നോക്കുകൂലിക്കെതിരെ ശനിയാഴ്ച നഗരത്തിൽ പ്രകടനം നടത്തിയവരുടെ 'മേൽനോട്ട'ത്തിൽത്തന്നെ നടന്ന പുതിയ സംഭവം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

എസ്.ഡി കോളേജിനു മുൻവശത്ത് ദേശീയപാതയോരം ടൈൽ പാകുന്ന പ്രവർത്തനങ്ങൾ നോക്കുകൂലി ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി തൊഴിലാളികൾ തടഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. 'ആലപ്പുഴയുടെ അളിഞ്ഞ സംസ്കാര'മാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന മന്ത്രി ജി. സുധാകരന്റെ വിമർശനം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. ഇതോടെ തെല്ലൊരു അടക്കം ഉണ്ടാവുമെന്ന പ്രതീക്ഷയാണ് പുതിയ സംഭവത്തോടെ അസ്ഥാനത്തായത്. ആലപ്പുഴ പഴവീട് കണിയാംകുളം ജംഗ്ഷന് കിഴക്കുള്ള വാടകവീട് ഒഴിഞ്ഞുപോകാനൊരുങ്ങിയ കുടുംബമാണ് നോക്കുകൂലിയിൽ കുരുങ്ങിയത്. വീട്ടുസാമഗ്രികൾ വാഹനത്തിലേക്ക് കയറ്റാൻ 1250 രൂപ നോക്കുകൂലി നൽകണമെന്നായിരുന്നു യൂണിയൻകാരുടെ ആവശ്യം. തത്തംപള്ളി ഗ്രേസ് ഭവനത്തിൽ ക്രിസ്റ്റഫർ ദേവസിംഗിനോടാണ് പണം ആവശ്യപ്പെട്ടത്.

അർബുദരോഗിയായ അമ്മ ഗ്രേസിക്ക് പൊടിശല്യം ഒഴിവാക്കാനായി തത്തംപള്ളിയിലെ ഗ്രേസ്ഭവനം അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഏഴുമാസമായി വാടക വീട്ടിലായിരുന്നു താമസം. തിരികെ തത്തംപള്ളിയിലെ വീട്ടിലേക്ക് പോകുന്നതിനായി ഗൃഹോപകരണങ്ങൾ പെട്ടിഓട്ടോയിൽ കയറ്റുന്നതിനിടെയാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി തൊഴിലാളികളെത്തി നോക്കുകൂലി ആവശ്യപ്പെട്ടത്. പണം തരില്ലെന്ന് പറഞ്ഞതോടെ ഉന്തും തള്ളുമായി. ക്രിസ്റ്റഫറിനെ കയ്യേറ്റം ചെയ്തുവെന്നും പരാതിയുണ്ട്.

സംഭവമറിഞ്ഞ് സൗത്ത് പൊലീസ് സ്ഥലത്തെത്തിയെങ്കിലും യൂണിയൻകാരുടെ ഭീഷണിക്ക് വഴങ്ങി പണംകൊടുത്ത് പ്രശ്നം പരിഹരിക്കാൻ വീട്ടുകാരോട് നിർദ്ദേശിക്കുകയായിരുന്നു. സ്വന്തംകാറിൽ സാധനങ്ങൾ കയറ്റിയെങ്കിലും തൊഴിലാളികൾ സംഘടിതമായെത്തി സാധനങ്ങൾ വലിച്ചെറിയുകയും, ക്രിസ്റ്റഫറിന്റെ സഹോദരങ്ങളായ ശെൽവസിംഗ്, വിശേഷ് എന്നിവരെ മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. ഒടുവിൽ മേഖലാനേതാക്കൾ സ്ഥലത്തെത്തി തൊഴിലാളികളും വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.

പുതിയ ആക്ഷേപം വസ്തുതാവിരുദ്ധം: സി.ഐ.ടി.യു

തൊഴിലാളികൾ നോക്കുകൂലി വാങ്ങിയെന്ന നിലയിൽ വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി കോശി അലക്സ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. നോക്കുകൂലിക്ക് യൂണിയൻ എതിരാണ്. പണിയെടുക്കുന്നവർക്ക് മാത്രമാണ് കൂലി. ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ യൂണിയൻ അനുവദിക്കില്ല. കണിയാംകുളത്ത് വീട്ടുസാധനങ്ങൾ കയറ്റാൻ വിവിധ യൂണിയനുകളിലുള്ള തൊഴിലാളികൾ എത്തുകയും വീട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തെന്നത് വസ്തുതയാണ്.

പൊലീസും പ്രദേശത്തെ യൂണിയൻ ഭാരവാഹികളുമെത്തി പ്രശ്നം പറഞ്ഞുതീർത്തു. വീട്ടുകാരുടെ സമ്മതത്തോടെ രണ്ടു യൂണിയനുകളിൽപ്പെട്ട 10 തൊഴിലാളികൾ ചേർന്ന് സാധനങ്ങൾ കയറ്റിക്കൊടുത്തു. 1250 രൂപ കൂലി വീട്ടുകാർ തന്നത് യാതൊരു തർക്കവും കൂടാതെ സ്വീകരിച്ച് മടങ്ങി. ആദ്യം തർക്കം ഉണ്ടായസമയത്ത് സ്ഥലത്തുണ്ടായിരുന്ന വീട്ടുകാരുടെ ബന്ധുവായ പ്രമുഖ പത്രത്തിലെ ജീവനക്കാരൻ തെറ്റായ വാർത്ത ചില മാദ്ധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു.

'' വീട്ടുസാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. അതിന്റെ പൂർണ ഉത്തരവാദിത്വം വീട്ടുടമയ്ക്കാണ്. വീട്ടുസാധനങ്ങൾ കയറ്റിയിറക്കുന്നത് തടയാൻ ചമുട്ടുതൊഴിലാളികൾക്ക് അവകാശമില്ല'' ആലപ്പുഴ ജില്ലാ ലേബർ ഒാഫീസർ ആർ. ഹരികുമാർ പറഞ്ഞു.


''നോക്കുകൂലി ന്യായീകരിക്കാവുന്ന ഒന്നല്ല. തീർത്തും അപരിഷ്കൃതമാണത്. നോക്കുകൂലിയല്ല, കഞ്ഞിക്കാശെന്നാണ് ഞങ്ങൾ പറയുന്നത്. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമ്പോൾ അരി വാങ്ങാൻ കിട്ടുന്ന കാശാണത്. പഴവീടുണ്ടായ സംഭവം നോക്കുകൂലിയുമായി ബന്ധപ്പെട്ടതല്ല. ലോഡ് കയറ്റുമ്പോൾ വീട്ടുകാരുമായുണ്ടായ കൂലിത്തർക്കമാണത്. വീട്ടുകാർക്ക് സ്വമേധയാ സാധനങ്ങൾ കയറ്റിയിറക്കാം. അതിൽ തൊഴിലാളികൾ ഇടപെടാറില്ലെന്ന്'' വി.ജെ. ആന്റണി, പൊതുമരാമത്ത് ലാൻഡിംഗ് ആൻഡ് ലോഡിംഗ് യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി.

''തൊഴിലാളികൾക്ക് അവകാശപ്പെട്ട തൊഴിലും നിയമാനുസൃതമായ കൂലിയും ലഭിക്കണമെന്നതാണ് എ.ഐ.ടി.യു.സി നിലപാട്. നോക്കുകൂലിയെ ഒരു തരത്തിലും യൂണിയൻ പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. പരാതികൾ ഇത് സംബന്ധിച്ചുണ്ടായാൽ പരിശോധിക്കും. നോക്കുകൂലി സംബന്ധിച്ച് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തൊഴിലാളിയെ അപമാനിക്കരുതെന്നും ആക്ഷേപിക്കരുതെന്നുമായിരുന്നു കെ.പി. രാജേന്ദ്രന്റെ മറുപടി. ഒരുപാട് കഷ്ടനഷ്ടങ്ങൾ സഹിച്ചാണ് തൊഴിലാളികൾ ഇന്നുള്ള പല അവകാശങ്ങളും നേടിയെടുത്തത്.

തൊഴിലാളികളെ അപമാനിക്കുന്നതിനാണ് ഇന്ന് വാർത്താപ്രാധാന്യം ലഭിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഇത്രയും പ്രാധാന്യം ലഭിക്കാറില്ല. തൊഴിലാളികളുടെ നിലവിലെ ജീവിത സാഹചര്യവും വേതനവും അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. തൊഴിൽ പരമായ പ്രശ്‌നങ്ങളുണ്ടായാൽ അത് പരിഹരിക്കുന്നതിന് തൊഴിൽ വകുപ്പിന് കീഴിലുള്ള സംവിധാനങ്ങളും വ്യവസായബന്ധ സമിതികളുമുണ്ട്'' കെ.പി. രാജേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി.

വഴിച്ചേരി മാർക്കറ്റിൽ തൊഴിലാളികളും വ്യാപാരികളും നേർക്കുനേർ

ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ തൊഴിലാളികളും വ്യാപാരികളും തമ്മിൽ തർക്കം രൂക്ഷമാണ്. ലോറികളിലെത്തിയ ചരക്ക്, മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിന് ഡബിൾ കൂലി നൽകമെന്നാണ് തൊഴിലാളികളുടെ നിയമമത്രെ. വാഹനത്തിൽ നിന്ന് ചരക്കിറക്കാൻ 'ഇറക്കുകൂലി', പിന്നെ മറ്റൊരു വാഹനത്തിലേക്ക് ഇതേ സാധനം കയറ്റാൻ 'കയറ്റുകൂലി'. ഇതോടെ ചാക്കൊന്നിന് ഡബിൾ കൂലി നൽകേണ്ട ഗതികേടിലാണ് വ്യാപാരികൾ. രാത്രി ചരക്കിറങ്ങുന്നതിന് ഇരട്ടിക്കൂലി നൽകുന്നതിനു പുറമെ, ഓരോ തൊഴിലാളിക്കും നൂറുരൂപ വീതം ചായക്കാശ് നൽകണമെന്നും വ്യാപാരികൾ പറയുന്നു.

55 കിലോ വരെ ഭാരമുള്ളചാക്കുകളേ ചുമന്നിറക്കൂ എന്നാണ് യൂണിയനുകളുടെ ചട്ടം. ചിലപ്പോൾ പച്ചക്കറികളും മറ്റും തൂക്കത്തിൽ കൂടുതൽ കാണും. പച്ചക്കറികൾ ചാക്കിനുള്ളിൽത്തന്നെയിരുന്നാൽ കേടാകുമെന്നതിനാൽ, എത്രയും വേഗം പ്രശ്നം പരിഹരിക്കാനാകും വ്യാപാരികളുടെ ശ്രമം. ചാക്കുകെട്ടുകൾ തിരിച്ചയച്ചാൽ നഷ്ടമേറും. ഇതോടെ, തൊഴിലാളികൾ ചോദിക്കുന്ന പണം നൽകി ലോഡിറക്കും. ഇത്തരം 'ഗുണ്ടായിസം" സഹിക്കവയ്യാതെ മാർക്കറ്റിൽ നിന്ന് ഗോഡൗണുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയ ശേഷം കടകളൊഴിഞ്ഞ് പോയ വ്യാപാരികളേറെ.

മാർക്കറ്റിന് പുറത്തെ ഗോഡൗണുകളിൽ ചുമടിറക്കാൻ ഇത്രയും കൂലി നൽകേണ്ടതില്ലെന്നാണ് ഇതിനു കാരണം. ഇവിടെ നിന്നു പെട്ടിഓട്ടോറിക്ഷകളിൽ മാർക്കറ്റിനകത്തെ കടകളിലേക്ക് സാധനങ്ങളെത്തിക്കും. മൂന്നുചക്ര വാഹനങ്ങളിലെത്തുന്ന ചരക്കിറക്കാൻ ചുമട്ടുതൊഴിലാളികൾ വേണ്ട. കടയിലെ ജോലിക്കാർ മതിയാകും. എന്നാൽ ഇതിനും ചില തൊഴിലാളി യൂണിയനുകൾ തടസവാദവുമായി എത്തുമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

 

 

English summary
the problem of labours
topbanner

More News from this section

Subscribe by Email