Thursday April 26th, 2018 - 7:01:pm
topbanner

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിവ്യൂ

NewsDeskSKR
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിവ്യൂ

 

ചിത്രം: മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
സംവിധാനം: ജിബു ജേക്കബ്

മോഹന്‍ലാലിനെ നായകനും, മീനയെ നായികയുമാക്കി 'വെള്ളിമൂങ്ങ'യ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.' വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ഉപജീവിച്ച് എം.സിന്ധുരാജാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമയാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.' മോഹന്‍ലാല്‍ എന്ന മികച്ച നടന്റെ പ്രകടനവും സിനിമയ്ക്ക് ഊര്‍ജ്ജമാണ്.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ (മോഹന്‍ലാല്‍), ഭാര്യ ആനിയമ്മ (മീന) എന്നിവരുടെ ജീവിതം മധ്യവയസ്സിലേയ്ക്ക് കടന്നിരിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവില്‍ പഠിക്കുന്നു. ഇളയ ഒരു മകനുമുണ്ട്. എന്നാല്‍ വിവാഹത്തിന്റെ ആദ്യനാളുകളില്‍ അനുഭവിച്ച ദാമ്പത്യസന്തോഷം, സംതൃപ്തി എന്നിവയെല്ലാം ഇരുവര്‍ക്കും ഇന്ന് അന്യമാണ്. ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന ദിവസങ്ങളിലൂടെയാണ് ഉലഹന്നാന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത് അയാളുടെ ജീവിതം മടുപ്പിക്കുന്നു. ഈ മടുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് ഒന്നുകൂടി പ്രണയിക്കുക എന്നത്. ആ പ്രണയവും, അത് എത്തിച്ചേരുന്ന വഴിത്തിരിവുകളുമെല്ലാം മനോഹരമായി അവതരിപ്പിക്കുകയാണ് ചിത്രം.

മോഹന്‍ലാലിന്റെയും മീനയുടെയും പ്രകടനത്തിലൂടെ സിനിമ രസിപ്പിച്ച് മുന്നേറുകയാണെങ്കിലും, ഇരുവരും തങ്ങളുടെ നഷ്ടപ്രണയം തിരികെ പിടിച്ചതിനുശേഷം കാര്യമായൊന്നും പറയാതെ നീങ്ങുന്ന സിനിമ അല്‍പ്പം ബോറടിപ്പിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. മാത്രമല്ല കല്യാണത്തിനു മുമ്പുള്ള പ്രണയം എന്തോ വലിയ പാതകമാണ് എന്ന് പലയാവര്‍ത്തി പറയാതെ പറയുന്നുമുണ്ട് സിനിമ. കല്യാണം കഴിച്ച ശേഷമുള്ള പ്രണയമാണ് നല്ലത് എന്ന് കാണിക്കാനായി മകളുടെ കാമുകനെ വഞ്ചനാ സ്വാഭാവമുള്ള ഒരാളാക്കി കാട്ടുകയും ചെയ്യുന്നു. ഒരു വശം മാത്രം കണ്ടുള്ള മുന്‍വിധിയാണ് ഇത് എന്നാണ് നിരൂപകന്റെ അഭിപ്രായം. കൗമാരചാപല്യ പ്രണയങ്ങളുണ്ട് എന്നത് സത്യമാണെങ്കിലും, നല്ല പ്രണയങ്ങളുണ്ട് എന്ന സത്യം സംവിധായകനും തിരക്കഥാകൃത്തും മനപ്പൂര്‍വ്വം മറക്കുകയാണ്.

സാങ്കേതികതയുടെ കാര്യത്തില്‍ ക്യാമറ, എഡിറ്റിങ് എന്നീ മേഖലകളില്‍ പ്രത്യേകിച്ചൊന്നും എടുത്തുപറയാനില്ല. പശ്ചാത്തല സംഗീതം ശരാശരിയാണ്. പാട്ടുകള്‍ കൊള്ളാം. അഭിനയത്തിലേയ്ക്കു വരുമ്പോള്‍ മോഹന്‍ലാല്‍, മീന, മാസ്റ്റര്‍ സനൂപ്, അലീമ, അനൂപ് മേനോന്‍, ശ്രിന്ദ എന്നിവരെല്ലാം നല്ല പ്രകടനമാണ്. അലന്‍സിയര്‍, ഷാജോണ്‍ എന്നിവര്‍ തരക്കേടില്ലാതെ അഭിനയിക്കുമ്പോള്‍, ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നത് സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന എന്നിവരുടെ കഥാപാത്രങ്ങളാണ്. ഒട്ടും ഭദ്രമല്ല ഈ കഥാപാത്രങ്ങളുടെ സൃഷ്ടികള്‍.

കുടുംബചിത്രം എന്ന രീതിയില്‍ കണ്ടിരിക്കാവുന്ന സിനിമയാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.' ഇടയ്ക്കുള്ള സാരോപദേശം കുറച്ച് ഒഴിവാക്കിയിരുന്നെങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ.

English summary
munthrivallikal thalirkkumbol review

More News from this section

Subscribe by Email