Monday April 22nd, 2019 - 5:53:pm
topbanner
topbanner

'കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്': ലൗജിഹാദ് / ഘര്‍ വാപ്‌സി വിഷയത്തില്‍ അഡ്വ. വിമല ബിനു

SKR
'കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്': ലൗജിഹാദ് / ഘര്‍ വാപ്‌സി വിഷയത്തില്‍ അഡ്വ. വിമല ബിനു

ഹാദിയയുടെയും ഫാത്തിമയുടെയും കേസുകളും, ലൗ ജിഹാദും ഘര്‍ വാപ്‌സിയും വീണ്ടും കേരളസമൂഹത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായി മാറുമ്പോള്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനു. അഡ്വ. വിമല ബിനുവുമായുള്ള അഭിമുഖം.

'ലൗ ജിഹാദ്' എന്ന് വിളിക്കപ്പെടുന്ന ഒരു പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടക്കുന്നുണ്ടോ?
2012ല്‍ ഔദ്യോഗികമായി കേരള ഹൈക്കോടതിയുടെ താല്‍പര്യപ്രകാരം കേരളാ പോലീസ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 'ലൗ ജിഹാദ്' എന്നൊരു പ്രവര്‍ത്തനം നടക്കുന്നില്ല. എന്നാല്‍ അതിനു ശേഷം ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു അന്വേഷണം നടത്തപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ ഇപ്പോള്‍ ഇത്തരം ഒരു പ്രവണത ഉണ്ടോ, ഇല്ലയോ എന്ന കാര്യം വ്യക്തമായി പറയാന്‍ സാധ്യമല്ല. എന്നാല്‍പ്പോലും റാഡിക്കല്‍ ജിഹാദീസ് (Radical Jihadis) ഇതിനു പിന്നില്‍ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിമിഷ അഥവാ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ മാതാവ്, ഹാദിയയുടെ കേസില്‍ എന്‍ഐഎ (National Intelligence Agency) അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ടു വന്നിരിക്കുന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. 'ജിഹാദി റോമിയോസ് (Jihadi Romeos)' എന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗം യുവാക്കള്‍ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കുന്നതിനു വേണ്ടി പുറമെ നിന്ന് വന്‍ സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഗൗരവകരമായ ഒരു ആരോപണം ഉണ്ട്. പെണ്‍കുട്ടികളെ മതംമാറ്റിയതിന് പ്രതിഫലമായി അവര്‍ക്ക് വലിയ പാരിതോഷികങ്ങള്‍ നല്‍കപ്പെടുന്നതായും മനസിലാക്കുവാനാണ് സാധിക്കുന്നത്.

'ലൗ ജിഹാദ്' വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ പുതിയ വിധിയെ എങ്ങനെ കാണുന്നു?

മതത്തിനു മുകളില്‍ മനുഷ്യനെ കണ്ട പച്ചയായ നാളുകള്‍ ഉണ്ടായിരുന്നു കേരളീയര്‍ക്ക്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം- ലൗ ജിഹാദ്, ഘര്‍ വാപ്‌സി, ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍ എന്നിങ്ങനെ പല പേരുകളിലായി നടത്തപ്പെട്ട് കേരളത്തിലെ മതനിരപേക്ഷത തകരുന്നതാണ് ഇന്നിന്റെ കാഴ്ച. എന്നാല്‍ ലൗ ജിഹാദ് വിഷയത്തില്‍ കോടതി എടുത്ത പുതിയ നിലപാട് 'ലൗ ജിഹാദ്' അല്ല 'ലവ്' ആണ് നടക്കുന്നത് എന്നാണ്. അതിന്റെ അന്തസ്സത്ത എന്തെന്നാല്‍, പ്രണയം പ്രണയത്തിന്റെ വഴിക്ക് പോകട്ടെ എന്നും, ആത്മീയത വിശ്വാസത്തില്‍ നിന്നും ഉടലെടുക്കട്ടെ എന്നുമാണ്. ശ്രുതി എന്ന പെണ്‍കുട്ടിയുമായി നടത്തിയ ഇന്ററാക്ഷനിലൂടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശ്രുതിയും അനീസ് എന്ന ചെറുപ്പക്കാരനും വര്‍ഷങ്ങളായി പ്രണയത്തിലാണ് എന്നാണ് കണ്ടെത്തിയത്. അതിന്റെ വെളിച്ചത്തിലാണ് ഇതരമതക്കാര്‍ തമ്മിലുള്ള എല്ലാ പ്രണയങ്ങളെയും 'ലൗ ജിഹാദ്' ആയി കാണേണ്ടെന്ന് കോടതി നിലപാട് എടുത്തത്. അതേസമയം അതിനര്‍ത്ഥം 'ലൗ ജിഹാദ്' ഇല്ല എന്നതുമല്ല.

അഖില എന്ന പെണ്‍കുട്ടി മതപരിവര്‍ത്തനത്തിലൂടെ ഹാദിയ എന്ന് പേര് മാറ്റി അന്യമതസ്ഥനെ വിവാഹം കഴിച്ച സംഭവത്തില്‍ കോടതി വിധി ഹാദിയയെ അച്ഛനൊപ്പം വിടാനായിരുന്നു. അതേസമയം ശ്രുതിയുടെ കാര്യത്തില്‍ ഭര്‍ത്താവിനൊപ്പം വിടാനും. സമാനമായ ഈ കേസുകളില്‍ വൈരുദ്ധ്യമായ രണ്ട് കോടതി വിധികളും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നില്ലേ?

ഹാദിയ എന്ന അഖിലയുടെ കേസില്‍ മണിക്കൂറുകളോളം പെണ്‍കുട്ടിയുമായി ഇന്ററാക്ഷന്‍ നടത്തിയതിനു ശേഷമാണ് അച്ഛനൊപ്പം പെണ്‍കുട്ടിയെ വിടാന്‍ കോടതി തീരുമാനിച്ചത്. ആ സാഹചര്യം ഇപ്രകാരമായിരുന്നു- വിവാഹം സംബന്ധിച്ച് അഖിലയ്ക്ക് വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. അഖിലയുടെ വിവാഹം ഒരു പ്രണയവിവാഹമല്ല, സത്യസരണിയില്‍ പോയി മതം മാറിയതിനു ശേഷം ആ മതത്തില്‍ നിലനില്‍ക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഭരണഘടനയിലെ 'Parents Patrie Jurisdiction' എന്ന വിവേചനാധികാരം ഉപയോഗിച്ച് അഖിലയെ അച്ഛനൊപ്പം വിടാന്‍ കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്. അതായത് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത ഒരു വ്യക്തിക്കു വേണ്ടി തീരുമാനം ഹൈക്കോടതി കൈക്കൊള്ളുന്നു. അത് കൃത്യമായ സാഹചര്യം വിശകലനം ചെയ്താണ്. അതേസമയം ശ്രുതിയുടെ കാര്യത്തില്‍ പെണ്‍കുട്ടിയും അന്യമതസ്ഥനായ യുവാവും തമ്മില്‍ യഥാര്‍ത്ഥ പ്രണയം ഉണ്ടായിരുന്നുവെന്നും, മതംമാറ്റ ശ്രമമല്ലെന്നും മനസ്സിലായ കോടതി അവരുടെ വിവാഹത്തെ സാധൂകരിക്കുകയായിരുന്നു.

അന്യമതസ്ഥരെ വിവാഹം കഴിക്കുമ്പോള്‍ മതപരിവര്‍ത്തനം അത്യന്താപേക്ഷിതമാണോ?

അന്യമതസ്ഥരെ വിവാഹം കഴിക്കുമ്പോള്‍ മതപരിവര്‍ത്തനം ഒരിക്കലും ഒരു നിര്‍ബന്ധിതമായ കാര്യമല്ല. കാരണം, സ്വന്തം മാതാപിതാക്കളുടെ ഇഷ്ടത്തിന് മുകളിലായി സ്വന്തം ഇഷ്ടത്തെ, താല്‍പര്യത്തെ പ്രതിഷ്ഠിക്കുന്നതിന് കരുത്തുള്ളതു കൊണ്ടാണ് പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ പ്രണയിക്കാന്‍ തയ്യാറാകുന്നത്. പക്ഷേ ആ കരുത്ത് എന്തു കൊണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹശേഷവും സ്വന്തം മത്തതില്‍ തന്നെ തുടരണം എന്ന തീരുമാനത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല? ശ്രുതിയുടെ വിഷയത്തില്‍ ആ പെണ്‍കുട്ടിക്ക് കോടതിക്കു മുമ്പില്‍ വെളിപ്പെടുത്തിയത്, താന്‍ തന്റെ മതത്തില്‍ തന്നെ തുടരുവാന്‍ ആഗ്രഹിക്കുന്നുവെന്നും, അനീസുമായുള്ള തന്റെ വിവാഹം നിയമപ്രകാരം സാധൂകരിക്കണമെന്നുമാണ്. ആ ധൈര്യമാണ് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകേണ്ടത്. ഏത് മതത്തില്‍ പെട്ട പുരുഷനും സ്ത്രീയും ആയിരുന്നാലും, മതംമാറ്റം നടത്തിയാകരുത് പ്രണയം ശാശ്വതമാക്കേണ്ടത്. അപ്പോഴാണ് പ്രണയത്തിന് മനോഹാരിത വര്‍ദ്ധിക്കുന്നത്.

കേരളത്തില്‍ നിന്ന് മുസ്ലിം മതത്തില്‍ പെട്ട 18 പേരെ ദുരൂഹമായി കാണാകുകയുണ്ടായി. ഇതിലൊരാള്‍ മതം മാറ്റപ്പെട്ട നിമിഷ എന്ന ഫാത്തിമയാണ്. ശ്രീലങ്കയിലേയ്ക്ക് പോകുന്നു എന്നാണ് അവസാനമായി ഫാത്തിമയുടെ അമ്മയ്ക്ക് ലഭിച്ച വിവരം. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയുമോ?

നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ഹാദിയയുടെ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട കേസില്‍ കക്ഷി ചേര്‍ന്നിരിക്കുകയാണ്. ഇത് ശ്രദ്ധേയമായ ഒരു കാര്യമാണ്. നിമിഷയെ കാണാതായത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കാരണം ഇതുപോലുള്ള കേസുകള്‍ പലഭാഗങ്ങളിലും അധികം മാധ്യമശ്രദ്ധ പതിക്കാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു അന്വേഷണ ഏജന്‍സിക്ക് മാത്രമേ അവ വ്യക്തമായ കണക്കുകളോടെയും വിവരങ്ങളോടെയും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ത്തന്നെ ഇതില്‍ എന്‍ഐഎ അന്വേഷണം നിര്‍ബന്ധമാണെന്നാണ് എന്റെ അഭിപ്രായം.

'ലൗ ജിഹാദി'ന് എതിരെ വന്ന ഒരു ഉല്‍പ്പന്നമാണ് 'ഘര്‍ വാപ്‌സി' എന്നു പറയാന്‍ കഴിയുമോ?

തീര്‍ച്ചയായും ഇല്ല. ലൗ ജിഹാദും, ഘര്‍ വാപ്‌സിയും, ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈനുമെല്ലാം തങ്ങളുടെ മതങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതിനായി, മതപരിവര്‍ത്തനം നടത്തുന്നതിനായി, മതത്തില്‍ ആളെക്കൂട്ടുന്നതിനായി ഉണ്ടാക്കിയെടുത്ത സംവിധാനങ്ങളാണ്. ഇന്ത്യയിലെ പ്രധാന മതങ്ങളെല്ലാം ഈ രീതി കൈക്കൊള്ളുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത് നടക്കുന്നു എന്നത് മലയാളിയുടെ ആത്മാവിനെ പിടിച്ചുലയ്‌ക്കേണ്ടുന്ന യാഥാര്‍ത്ഥ്യമാണ്. മിശ്രവിവാഹങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടണമെന്ന് ഹൈക്കോടതി അടിവരയിട്ട് പറയുമ്പോള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തുടച്ചുനീക്കുവാന്‍ കൂടിയാണ് കോടതി ശ്രമിക്കുന്നത്. സ്വമേധയാ തനിക്ക് ബോധ്യപ്പെട്ട ഒരു ആശയത്തെ ആത്മാനാ സ്വീകരിക്കലാണ് മതം. അക്കാര്യത്തില്‍ നിര്‍ബന്ധിതമായ കടന്നുകയറ്റമുണ്ടാകുന്നതിനെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തിനു മേലുള്ള കടന്നുകയറ്റമായി വേണം മനസ്സിലാക്കാന്‍.

ഇന്നത്തെ സാഹചര്യത്തില്‍ അന്യമതസ്ഥരെ പ്രണയിക്കുന്നവരോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് എന്ത് ഉപദേശമാണ് നല്‍കാന്‍ കഴിയുക?

ഈ ചോദ്യത്തിനുള്ള ഉത്തരം യഥാര്‍ത്ഥത്തില്‍ കേള്‍ക്കേണ്ടത് മാതാപിതാക്കളാണെന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം തന്നെയാണ്. മതംവും പ്രണയവുമെല്ലാം വ്യക്തിസ്വാതന്ത്രമാണ്. അവ അടിച്ചേല്‍പ്പിക്കേണ്ടവയല്ല. ഹൈക്കോടതി പറഞ്ഞതുപോലെ, പ്രണയം അതിര്‍വരമ്പുകള്‍ കാണുന്നില്ല. മക്കളിലെ പ്രണയം എന്ന വികാരത്തെ മനസ്സിലാക്കി, അവരുടെ വ്യക്തിസ്വാതന്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. മതങ്ങള്‍ക്ക് മുകളില്‍ നാം ജീവിച്ച കാലത്തേയ്ക്ക് നമുക്ക് തിരികെ വരാം. ഒരു യഥാര്‍ത്ഥ ഹിന്ദുവും, യഥാര്‍ത്ഥ മുസല്‍മാനും, യഥാര്‍ത്ഥ ക്രിസ്ത്യാനിയുമാകാം. അങ്ങനെ യഥാര്‍ത്ഥ മനുഷ്യനാകാം. ഒപ്പം തന്നെ മതപരിവര്‍ത്തനത്തിലൂടെ മാത്രമേ പ്രണയസാക്ഷാത്കാരം നടക്കൂ എന്ന ചിന്തയും വെടിയുക.

English summary
Love jihad issue adv vimala binu interview
topbanner

More News from this section

Subscribe by Email