Friday March 22nd, 2019 - 10:00:am
topbanner
topbanner

കുട്ടനാട്, ക്യാൻസറിന്റെ സ്വന്തം നാടാകുന്നു

NewsDesk
കുട്ടനാട്, ക്യാൻസറിന്റെ സ്വന്തം നാടാകുന്നു

ആലപ്പുഴ: കുട്ടനാട്ടിലെ മണ്ണിന്റെ അമ്ലത അപകടകരമാംവിധം ഉയർന്നതായും വെള്ളത്തിലും മണ്ണിലും ക്രോമിയം, കാഡ്മിയം, ഇരുമ്പ്, അലൂമിനിയം എന്നിവയുടെ തോത് കൂടുതലാണെന്നും വിദഗ്ധർ. കുട്ടനാടിന്റെ പരിസ്ഥിതി തകർച്ചയും കാൻസറും എന്ന വിഷയത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘവും പ്രസ്‌ക്ലബും കുട്ടനാട് പൈതൃകകേന്ദ്രവും സംയുക്തമായി ആലപ്പുഴ ചടയംമുറി ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിലാണ് വെളിപ്പെടുത്തൽ.

മണ്ണിലെ അമ്ലത ആസിഡിന്റെ അമ്ലത തോതിലേക്ക് എത്തിയിട്ടുണ്ട്. പി.എച്ച്. തോത് ഏഴ് ആവണമെന്നിരിക്കെ ചിലയിടങ്ങളിൽ അത് ഒന്ന് എന്ന തോതിലേക്ക് കുറഞ്ഞിട്ടുണ്ടെന്നും സെമിനാർ വിലയിരുത്തി. പരിസ്ഥിതിയെ നാശോന്മുഖമാക്കി താറുമാറാക്കുന്നത് മാനസികാരോഗ്യ വൈകല്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ. വർഗീസ് പുന്നൂസ് പറഞ്ഞു. മനുഷ്യന്റെ ആരോഗ്യം പരിശോധിക്കാൻ മണ്ണ് പരിശോധിച്ചാൽ മതിയെന്നും കുട്ടനാടിന്റെ പാരിസ്ഥിതിക സ്ഥിതി അതീവഗുരുതരമാണെന്ന പഠന റിപ്പോർട്ടുകൾ സർവകലാശാലകളിൽ ഉണ്ടെന്നും അധ്യക്ഷത വഹിച്ച ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. ക്രോമിയവും കാഡ്മിയവും നിറഞ്ഞ ജലമാണ് കുട്ടനാട്ടിൽ ഉപയോഗിക്കുന്നത്. അനിയന്ത്രിതമായ കീടനാശിനി ഉപയോഗം ലഹരിയാക്കിവരാണ് അധികവും. ഏതു മണ്ണിൽ എവിടെ എങ്ങനെ ഉത്പാദിപ്പിച്ചുവെന്നത് അന്വേഷിച്ചാൽ കാൻസറടക്കം രോഗങ്ങൾ വർധിക്കുന്നതിനുള്ള കാരണം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.

നെൽപാടങ്ങളെ ആവാസവ്യവസ്ഥയായി കാണാതെ ഉത്പാദനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും രോഗാതുരമായ മണ്ണിൽ വളരുന്നതെല്ലാം രോഗാതുരമാകുമെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം കൃഷി ഓഫീസർ ബി. സ്മിതപറഞ്ഞു. അമ്ലത അപകടകരമാം വിധം ഉയർന്നിട്ടുണ്ട്. ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും തോത് അപകടകരമാംവിധം ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

കുട്ടനാട്ടിലെ പഞ്ചായത്തുകളിൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണം ദേശീയശരാശരിയുടെ ഇരട്ടിയാണെന്ന് വെളിയനാട് സി.എച്ച്.സി.യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്. അനിൽകുമാർ പറഞ്ഞു. വെളിയനാട്-40, കാവാലം-40, പുളിങ്കുന്ന്-73, നീലംപേരൂർ-57, മുട്ടാർ-36, രാമങ്കരി-40 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ കാൻസർ രോഗികളുടെ കണക്ക്. ആറു പഞ്ചായത്തുകളിലായി മൊത്തം 287 കാൻസർ രോഗികളാണുള്ളത്. ലക്ഷം പേരിൽ 120 പേർ എന്ന നിലയിലാണ് കാൻസർ പിടിപെടുന്നവരുടെ ദേശീയശരാശരിയെങ്കിൽ വെളിയനാട് ബ്ലോക്കിനു കീഴിൽ അത് 287 ആണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ 15 ലക്ഷം രൂപ ചെലവഴിച്ച് കൈത്തിരി എന്ന പേരിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്ന പദ്ധതി ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും രാമങ്കരി പഞ്ചായത്തിൽ കാൻസർ നിർണയത്തിനായി ഇലക്‌ട്രോണിക് സർവേ പൂർത്തീകരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

കേരളശബ്ദം സ്‌പെഷൽ കറസ്‌പോണ്ടന്റ് ചെറുകര സണ്ണി ലൂക്കോസ് രചിച്ച് എസ്.പി.സി.എസ്. പുറത്തിറക്കിയ അതിജീവനത്തിനായ് കേഴുന്ന കുട്ടനാട് എന്ന പുസ്തകത്തിന്റെ പ്രകാശനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കുട്ടനാട്ടിൽ കാൻസർ രോഗ നിർണയ കേന്ദ്രം സ്ഥാപിക്കണമെന്നും ഇവിടുത്തെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ കുട്ടനാടിനുവേണ്ടി മാത്രം പ്രത്യേക ശുദ്ധജലപദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മാത്രമാണ് ഭാവിസാധ്യതയെന്ന അഭിപ്രായമില്ലെന്നും ആരോഗ്യകരമായ ടൂറിസമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാടവന ബാലകൃഷ്ണപിള്ളയ്ക്കു നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. എസ്.പി.സി.എസ്. പബ്‌ളിക്കേഷൻ കമ്മിറ്റി ചെയർമാൻ ബി. ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. നെടുമുടി ഹരികുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, സെക്രട്ടറി ജി. ഹരികൃഷ്ണൻ, കേരളശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ. പവിത്രൻ, അഡ്വ. അനിൽ ബോസ്, ചെറുകര സണ്ണി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

Viral News

Read more topics: kuttanad, Cancer, Patients,
English summary
kuttanad Stories from Cancer Patients
topbanner

More News from this section

Subscribe by Email