Wednesday October 16th, 2019 - 10:20:am
topbanner

കുമ്മനത്തിലൂടെ ബിജെപി നേടാന്‍ ഉദ്ദേശിക്കുന്നത്

സ്വന്തം ലേഖകൻ
കുമ്മനത്തിലൂടെ ബിജെപി നേടാന്‍ ഉദ്ദേശിക്കുന്നത്

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്നോളം പ്രവര്‍ത്തിക്കാത്ത ഒരു വ്യക്തിയെ ആണ് നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയഘട്ടത്തില്‍ ബിജെപി ദേശീയ നേതൃത്വം കേരള സംസ്ഥാനത്തിലെ ബിജെപിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കുമ്മനം രാജശേഖരന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളും സംഘാടന മികവും തന്നെയാണ് ദേശീയ നേതൃത്വത്തെ ആകര്‍ഷിച്ചതെന്ന് ഉറപ്പ്. ഹൈന്ദവ സംഘടനകള്‍ക്ക് പുറത്ത് രാഷ്ട്രീയമായി അത്ര വലിയ മുഖപരിചയം കുമ്മനത്തിന് ഇല്ലെങ്കിലും. കേരളത്തില്‍ പ്രയോഗിക്കേണ്ട രാഷ്ട്രീയതന്ത്രങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പൊളിച്ചെഴുതിയ അമിത്ഷായ്ക്ക് കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ പറ്റിയ മികച്ച ഓപ്ഷനാണ് കുമ്മനം എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വീക്ഷിക്കുന്നു.

ആരാണ് ഈ കുമ്മനം?

കോട്ടയം പട്ടണത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്ത് ജനിച്ച കുമ്മനം രാജശേഖരന്‍. കോട്ടയത്തെ സി.എം.എസ്. കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയ അദ്ദേഹം കോട്ടയത്തിലെ ദീപിക പത്രത്തിലാണ് 1974ല്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി എന്നീ ദിനപ്പത്രങ്ങളിലെ ജോലി ചെയ്തിട്ടുണ്ട്.

1976ല്‍ അദ്ദേഹം കൊച്ചിയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നേടി. 1987ല്‍ അദ്ദേഹം ജോലിയില്‍ നിന്ന് രാജിവച്ച് ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി. ആര്‍എസ്എസ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ പോലെ വിവാഹം കഴിച്ചിട്ടില്ല. പിന്നീട് ആര്‍എസ്എസില്‍ നിന്നും ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമായോക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ രാഷ്ട്രീയമായി 1983 ല്‍ നടന്ന നിലയ്ക്കല്‍ സമരത്തോടെയാണ് കുമ്മനം രാജശേഖരന്‍ ശ്രദ്ധകേന്ദ്രമായത്. നിലയ്ക്കലെ ശിവക്ഷേത്രഭൂമി കുരിശ് സ്ഥാപിച്ച് കയ്യേറി എന്ന അരോപിച്ച് നടന്ന സമരം, ആര്‍എസ്എസിന്റെ കേരളത്തിലെ ആദ്യപ്രത്യക്ഷ സമരങ്ങളില്‍ ഒന്നായിരുന്നു. പിന്നീട് 2002 ലെ മാറാട് കലാപകാലത്ത് ഹിന്ദു ഐക്യ വേദിയുടെ നേതാവ് എന്ന നിലയില്‍ നിറഞ്ഞു നിന്ന കുമ്മനം, ആറന്‍മുള വിമാനതാവള വിരുദ്ധ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. ഈ സമരം ഹിന്ദു ഐക്യവേദി നേതാവ് എന്നതിനപ്പുറമുള്ള ഒരു വ്യക്തിത്വം കുമ്മനത്തിനുണ്ടാക്കി കൊടുത്തു.

എങ്ങനെ കുമ്മനം നേതൃനിരയിലെത്തി?

നിര്‍ണ്ണായകമായ ഒരു നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് എത്തുമ്പോള്‍ ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ കുമ്മനത്തെ ഏല്‍പ്പിക്കുന്നത് എന്തിന് എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ കേരള നിയമസഭയിലേക്കുള്ള ബിജെപിയുടെ വഴിയൊരുക്കാന്‍ ഇപ്പോഴുള്ള സ്ഥിതിയില്‍ ഒരു ഹിന്ദുധ്രൂവീകരണം അത്യവശ്യമാണെന്ന് വിശ്വസക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം. അതിനാല്‍ തന്നെയാണ് വെള്ളാപ്പള്ളിയുടെ കാര്‍മകത്വത്തില്‍ എസ്എന്‍ഡിപിയെ ബിജെപി ചേരിയിലേക്ക് അകര്‍ഷിക്കാന്‍ കേന്ദ്രനേതൃത്വം മുന്‍കൈയ്യെടുത്തത്. ആദ്യഘട്ടത്തില്‍ ബിജെപിയുടെ വി.മുരളീധരന്‍ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിന് പോലും ഇതിനെപറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നല്ല എന്നതാണ് സത്യം. ഒടുവില്‍ വെള്ളാപ്പള്ളി സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുന്ന ഇടം വരെ കാര്യങ്ങളെത്തി. എന്നതിനപ്പുറം വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടി അടിത്തറ പാകിയ ഹിന്ദുഐക്യം എന്ന ദീര്‍ഘകാല തന്ത്രത്തിന് ഒരു പതാകവാഹകനെയാണ് ബിജെപി കുമ്മനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ ബിജെപി സഖ്യം ഉണ്ടാക്കിയാലും വെള്ളാപ്പള്ളി ഇപ്പോള്‍ ബിജെപിക്ക് മുകളില്‍ പറക്കാനുള്ള നീക്കങ്ങളുമായണോ നീങ്ങുന്നത് എന്ന് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കൃത്യമായ സംശയമുണ്ട്. അത്തരം ഒരു നീക്കത്തെ പ്രതിരോധിക്കാന്‍ കൂടിയാണ് ബിജെപിയുടെ കുമ്മനം പ്രയോഗം എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നു. ഒപ്പം മറ്റ് ഹിന്ദു സാമുദായിക സംഘടനകളുമായി, പ്രത്യേകിച്ച് എന്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം അവരെക്കൂടി ഹിന്ദു ഐക്യം എന്ന കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാന്‍ പ്രാപ്തനാണെന്നാണ് അമിത്ഷായുടെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍.

കേരളത്തിലെ ഇപ്പോഴുള്ള സവിശേഷ സാഹചര്യത്തില്‍ ഇപ്പോഴുള്ള ഗ്രൂപ്പുകളുടെ പുറത്തുനിന്നും ഒരാളെ തിരഞ്ഞ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ കുമ്മനത്തിന്റെ പേര് നിര്‍ദേശിച്ചത് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത് ആര്‍എസ്എസ് ബുദ്ധികേന്ദ്രങ്ങളില്‍ ഒന്നായ ബാലശങ്കറിനെയാണ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതില്‍ താല്‍പ്പര്യമില്ലായിരുന്നു. അതിലും മികച്ചത് കേരളത്തിലെ സംഘപരിവാറിന്റെ ശക്തിയും ദൌര്‍ബല്യവും അറിയാവുന്ന കുമ്മനമാണ് എന്നതായിരുന്നു സംസ്ഥാനത്തെ പ്രബല വിഭാഗം വാദിച്ചത്. ഒപ്പം എസ്എന്‍!ഡിപിയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനൊരുങ്ങുമ്പോള്‍ ബിജെപി അധ്യക്ഷസ്ഥാനം നായര്‍ സമുദായത്തിനു നല്‍കണമെന്നാ കേന്ദ്രത്തിന്റെ ആഗ്രഹവും കുമ്മനത്തിന് അനുകൂലമായി.

സാമ്പ്രദായിക സംഘരീതികളില്‍ സംഘടന പ്രവര്‍ത്തനം നടത്താറുള്ള കുമ്മനം വികസനവും ഹിന്ദു ഐക്യവും ഒരു പോലെ പറഞ്ഞുകൊണ്ട് ജനങ്ങളെ അഭിമൂഖികരിക്കുന്ന സമീപകാല ബിജെപി പ്രചരണ രീതി എങ്ങനെ സമീപഭാവിയിലെ തെരഞ്ഞെടുപ്പുകളിലും, രാഷ്ട്രീയ പ്രചരണങ്ങളിലും അവലംബിക്കും എന്നത് കാത്തിരുന്നു കണേണ്ട സംഗതി തന്നെയായിരിക്കും. എങ്കിലും ആര്‍എസ്എസ് ചോയ്‌സ് എന്നനിലയില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ സംഘപരിവാരം തങ്ങളുടെ പിടിയില്‍ ഒരു അയവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു ഈ തീരുമാനം വ്യക്തമാക്കുന്നു.

 

English summary
kummanam Rajasekaran bjp
topbanner

More News from this section

Subscribe by Email