topbanner
Thursday September 21st, 2017 - 3:47:pm
topbanner

രാജവെമ്പാല മുട്ടകൾ വിരിഞ്ഞിറങ്ങാൻ സമയമായി: പ്രതീക്ഷയോടെ വിജയ് നീലകണ്ഠന്‍

suvitha
രാജവെമ്പാല മുട്ടകൾ വിരിഞ്ഞിറങ്ങാൻ സമയമായി: പ്രതീക്ഷയോടെ വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: പതിനഞ്ച് ദിവസത്തിനകം രാജവെമ്പാലയുടെ മുട്ടകള്‍ വിരിഞ്ഞേക്കാമെന്ന പ്രതീക്ഷയോടെ വിജയ് നീലകണ്ഠന്‍. കഴിഞ്ഞ മെയ് ഒന്നിനാണ് ഇരുപതോളം രാജവെമ്പാല മുട്ടകള്‍ കൊട്ടിയൂരിലെ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്. രണ്ടെണ്ണം ഒഴികെ മറ്റുള്ളവ വിരിയുമെന്ന് തന്നെയാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ഉരഗ ഗവേഷകനും പാമ്പ് സംരക്ഷകനുമായ തളിപ്പറമ്പ് സ്വദേശി വിജയ് നീലകണ്ഠന്റെ വിലയിരുത്തല്‍. മുട്ട ഏത് സമയത്തും വിരിയാൻ സാധ്യതയുള്ളതിനാൽ രാജവെമ്പാല കുഞ്ഞുങ്ങള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ വല ഉപയോഗിച്ച് മുട്ടയുള്ള സ്ഥലം പൂര്‍ണ്ണമായി മൂടിയിരിക്കുകയാണ്.

കനത്ത മഴയില്‍ മുട്ടകള്‍ കേടാവാതിരിക്കാന്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് സംരക്ഷണ കവചവും തീര്‍ത്തിട്ടുണ്ട്. കര്‍ണ്ണാടകയിലെ ആകുബെയില്‍ നിന്നും പ്രശസ്ത ഹെര്‍പിസ്റ്റോളജിസ്റ്റ് (ഉരഗ ഗവേഷകന്‍) ഗൗരിശങ്കര്‍ അടുത്ത ദിവസം വീണ്ടും ഇവിടെയെത്തും. നേരത്തെ മെയ് 11 ന് അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. മുട്ടകള്‍ കണ്ടെത്തിയ ശേഷം മേല്‍നോട്ടം ഏറ്റെടുത്ത വിജയ് നീലകണ്ഠന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ശൃംഗേരിക്കടുത്ത് ആകുംബെയില്‍ രാജവെമ്പാലകളെക്കുറിച്ച് പഠനം നടത്തിവരുന്ന ഇദ്ദേഹം കൊട്ടിയൂരില്‍ എത്തിയത്.

മെയ് ഒന്നിനാണ് കശുമാവിന്‍ തോട്ടത്തില്‍ തീയിടുന്നതിനിടയില്‍ മുട്ടകള്‍ കണ്ട സ്ഥലമുടമ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്. ഏപ്രില്‍ ഇരുപതിനും 30 നും ഇടയിലാകാം പാമ്പ് മുട്ടകളിട്ടതെന്നാണ് കരുതുന്നത്. വനം വകുപ്പിന്റെ പാമ്പ് സംരക്ഷകനായ എം.പി.ചന്ദ്രനോടൊപ്പം സ്ഥലത്തെത്തിയ വിജയ് നീലകണ്ഠന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മുട്ടകള്‍ നീക്കം ചെയ്യാതെ വിരിയിച്ചെടുക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയത്. രാജവെമ്പാല കൂടുകൂട്ടി മുട്ടയിടുന്നത് അത്യപൂര്‍വ്വമായതിനാല്‍ ഇതിന് അവസരമൊരുക്കികൊടുക്കണമെന്ന അപേക്ഷയാണ് വിജയ് അധികൃതര്‍ക്ക് മുന്നില്‍ വെച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലും പെണ്‍പാമ്പിനെ സ്ഥലത്ത് കണ്ടെത്താനായില്ല.

ഇരുപതോളം മുട്ടകള്‍ വിരിഞ്ഞ് രാജവെമ്പാല കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയാലുള്ള ആശങ്ക നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചിരുവെങ്കിലും സ്ഥലത്തെത്തിയ ഗൗരീശങ്കര്‍ ആറ് മണിക്കൂറോളം പ്രദേശത്ത് ക്യാമ്പ് ചെയ്ത് നാട്ടുകാരുടെ സംശയങ്ങള്‍ ദൂരീകരിച്ചാണ് കഴിഞ്ഞ തവണ തിരിച്ചുപോയത്. ഇപ്പോള്‍ സ്ഥലമുടമയില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു. ഏതാണ്ട് ഒന്നരയടിയോളം ഉയരത്തിലാണ് കരിയിലകള്‍ അടിച്ചുകൂട്ടി പാമ്പ് മുട്ടകളിട്ടിരുന്നത്.

മുട്ടകള്‍ക്ക് കാവലിരിക്കുന്ന പെണ്‍പാമ്പിന് തുണയായി ആണ്‍പാമ്പും സമീപത്ത് തന്നെ കാവലിരിക്കുന്നതാണ് രാജവെമ്പാലകളുടെ പ്രത്യേകത. എന്നാൽ ആള്‍പെരുമാറ്റം കാരണമായിരിക്കാം പാമ്പുകള്‍ ഇപ്പോള്‍ മുട്ടയിട്ട സ്ഥലത്തേക്ക് വരാതിരിക്കുന്നതെന്നാണ് നിഗമനം. സാധാരണഗതിയില്‍ 90 മുതല്‍ 105 ദിവസങ്ങള്‍ക്കുള്ളില്‍ രാജവെമ്പാല മുട്ടകള്‍ വിരിയും എന്നതിനാല്‍ സ്ഥിരമായി നിരീക്ഷണം നടത്താന്‍ ഇവിടെ ഒരാളെ നിയോഗിച്ചിരിക്കുകയാണ്. ആളുകളുടെ വരവ് തടയാന്‍ വനം വകുപ്പും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുട്ടകള്‍ കണ്ടെത്തിയ സ്ഥലത്തിന്റെ വിവരങ്ങളും രഹസ്യമാക്കി തന്നെയാണ് വച്ചിരിക്കുകയാണ്.

Read more topics: taliparamba, king cobra, neelakandan,
English summary
the time for hatching eggs on the king cobras, cashew farm in Kannur
topbanner topbanner

More News from this section

Subscribe by Email