Wednesday November 14th, 2018 - 10:15:am
topbanner

'കേരളം കീഴാറ്റൂരിലേക്ക്' വയല്‍ക്കിളികളുടെ പുതിയ സമരത്തിന് ഉജ്വല തുടക്കം

rajani v
 'കേരളം കീഴാറ്റൂരിലേക്ക്' വയല്‍ക്കിളികളുടെ പുതിയ സമരത്തിന് ഉജ്വല തുടക്കം

തളിപ്പറമ്പ്: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ പുതിയ സമരത്തിന് ഉജ്വല തുടക്കം. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, സുരേഷ് ഗോപി എംപി, പി.സി. ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ കീഴാറ്റൂര്‍ സമര നായിക നമ്പ്രാടത്ത് ജാനകിയെന്ന 72കാരിയാണു സമരം ഉദ്ഘാടനം ചെയ്തത്. ഈ തീരുമാനം മാറ്റുന്നതുവരെ ഞങ്ങള്‍ സമരം ചെയ്യുമെന്നു വിതുമ്പി കൊണ്ടു പറഞ്ഞാണു ജാനകി സമരം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരങ്ങള്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ കേന്ദ്രീകരിച്ചാണു കീഴാറ്റൂരിലേക്കു മാര്‍ച്ച് നടത്തിയത്. വി.എം. സുധീരന്‍, സുരേഷ് ഗോപി എംപി, എന്‍. വേണു, സി.ആര്‍. നീലകണ്ഠന്‍, ഗ്രോ വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു. നിറഞ്ഞ സദസിനുമുന്നില്‍ കീഴാറ്റൂര്‍ പ്രഖ്യാപനം സുരേഷ് കീഴാറ്റൂര്‍ ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റു പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 'കേരളം കീഴാറ്റൂരിലേക്ക്' പ്രകടനം തളിപ്പറമ്പില്‍നിന്നാണ് ആരംഭിച്ചത്. കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം.

'കേരളത്തിന്റെ ജല ഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.

ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു'- എന്ന പ്രതിജ്ഞയും സമ്മേളനത്തില്‍ ചൊല്ലി.

അതിനിടെ, വി.എം.സുധീരന്റെയും കെ.സുധാകരന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാവിലെ കീഴാറ്റൂര്‍ പാടശേഖരം സന്ദര്‍ശിച്ചു.അതേസമയം, പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരും മാര്‍ച്ച് കാണാന്‍ പോവരുതെന്നു ശനിയാഴ്ച നടന്ന കീഴാറ്റൂര്‍ സംരക്ഷണ സമിതിയുടെ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.

Read more topics: keralam, keezhatoorilekku, strike
English summary
keralam keezhatoorilekku strike
topbanner

More News from this section

Subscribe by Email